സ്വന്തം ലേഖകൻ: ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് വലിയ അവകാശങ്ങള്‍ പ്രദാനം ചെയ്യുന്ന ബില്‍ അടുത്തയാഴ്ച പാര്‍ലമെന്റില്‍ ചര്‍ച്ചക്ക് വയ്ക്കും എന്നത് തൊഴിലാളി സംഘടനാ പ്രതിനിധികള്‍ ആവശത്തോടെയാണ് കാണുന്നത്. സിക്ക് പേ, മറ്റേണിറ്റി പേ, അനധികൃതമായി ജോലിയില്‍ നിന്നും പിരിച്ചു വിടുന്നതിനെതിരെയുള്ള സംരക്ഷണം എന്നിവ ജോലിയില്‍ കയറുന്ന ആദ്യ ദിവസം മുതല്‍ തന്നെ ഈ പുതിയ നിയമം ഉറപ്പാക്കുന്നു.
അധികാരമേറ്റെടുത്ത് 100 ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ തൊഴിലാളികളുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്ന, ‘ഒരു തലമുറയില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന’ പരിവര്‍ത്തനത്തിന് ഒരുങ്ങുകയാണ് സര്‍ക്കാര്‍ എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. ഇതിന്റെ ആരംഭമായിട്ടാണ് വരുന്ന ആഴ്ച ബില്‍ പാര്‍ലമെന്റില്‍ വയ്ക്കുന്നത്. പുതിയ ബ്രിട്ടീഷ് സര്‍ക്കാരിന്റെ തൊഴിലുമായും വേതനവുമായും ബന്ധപ്പെട്ട അനുകൂല സമീപനത്തിന്റെ ഉദാഹരണമാണ് ഇതെന്നായിരുന്നു ട്രേഡ്സ് യൂണിയന് കോണ്‍ഗ്രസ്സ് നേതാവ് നിക്കോള സ്മിത്ത് പറഞ്ഞത്. ഇത് ബ്രിട്ടനിലെ തൊഴിലാളികളുടെ വേതനം വര്‍ദ്ധിപ്പിക്കുമെന്നും അതുവഴി ജീവിത നിലവാരം ഉയരുമെന്നും അവര്‍ പറഞ്ഞു.
ബില്ലിന്റെ ഉള്ളടക്കം എന്തെന്നറിയുവാന്‍ അത് പ്രസിദ്ധപ്പെടുത്തുന്നത് വരെ കാത്തിരിക്കേണ്ടതുണ്ട്. എന്നാല്‍ രാജ്യവ്യാപകമായി തന്നെ ഉയര്‍ന്ന നിലവാരത്തിലുള്ള തൊഴിലുകള്‍ ഉറപ്പാക്കുന്നതിനുള്ള നടപടിയാണെന്ന് തങ്ങള്‍ കരുതുന്നതായും നിക്കോള സ്മിത്ത് പറഞ്ഞു. എന്നാല്‍, പുതിയതായി മാതാപിതാക്കളാകുന്നവര്‍ക്ക് മറ്റേണിറ്റി പേ, നിയമപരമായ സിക്ക് പേ എന്നിവ ജോലിയില്‍ കയറുന്ന ആദ്യ ദിവസം മുതല്‍ തന്നെ ഉറപ്പാക്കുന്നതിനുള്ള വ്യവസ്ഥ ബില്ലില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതുപോലെ, അനധികൃതമായി ജോലിയില്‍ നിന്നും പിരിച്ചു വിടുന്നതിനെതിരെയുള്ള സംരക്ഷണവും ആദ്യ ദിവസം മുതല്‍ ലഭ്യമാകും.
അതേസമയം, ജോലി സമയം കഴിഞ്ഞാല്‍ മേലധികാരികളുടെയോ തൊഴിലുടമകളുടെയോ ഔദ്യോഗിക സന്ദേശങ്ങള്‍ക്ക് പ്രതികരിക്കാന്‍ തൊഴിലളിക്ക് ബാദ്ധ്യത ഇല്ലാതെയാക്കുന്ന നിര്‍ദ്ദേശം സര്‍ക്കാര്‍ പിന്‍വലിക്കുമെന്ന് ദി ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വ്യാപാര- വ്യവസായ രംഗത്തെ പ്രമുഖരുമായി നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് ഇത്തരത്തില്‍ ഒരു തീരുമാനം ഉണ്ടായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതുപോലെ, ചില രാജ്യങ്ങളില്‍ നിലവിലുള്ളത് പോലെ മാനേജര്‍മാര്‍ എപ്പോള്‍ ജീവനക്കാരുമായി ബന്ധപ്പെടരുത് എന്നത് സംബന്ധിച്ച കോഡ് ഓഫ് കണ്ടക്റ്റ് വേണമെന്ന നിര്‍ദ്ദേശവും സര്‍ക്കാര്‍ തള്ളിക്കളഞ്ഞു.
പുതിയ നിയമം നിലവില്‍ വരുന്നതോടെ 70 ലക്ഷത്തോളം പേര്‍ക്കാണ് സിക്ക് പേ, മറ്റേണിറ്റി പേ, അനധികൃതമായി പിരിച്ചു വിടുന്നതില്‍ നിന്നും സംരക്ഷണം എന്നിവ ലഭിക്കുക. നിലവില്‍ രോഗം ബാധിച്ച് നാലാം ദിവസം മുതല്‍ മാത്രമാണ് തൊഴിലാളികള്‍ക്ക് സിക്ക് പേ ലഭിക്കുക. മാത്രമല്ല ഒരാഴ്ചയില്‍ 123 പൗണ്ടില്‍ കുറവ് വരുമാന്മുള്ളവര്ക്ക് ഇത് ലഭിക്കുകയുമില്ല. ഓരോ തൊഴിലാളിക്കും സിക്ക് പേ അതല്ലെങ്കില്‍ അവരുടെ ശരാശരി പ്രതിവാര വരുമാനം ലഭിക്കുന്നതിനുള്ള അവസരം സൃഷ്ടിക്കണം എന്നാണ് തങ്ങളുടെ നിലപാട് എന്ന് ട്രേഡ് യൂണിയന് കോണ്‍ഗ്രസ്സ് വ്യക്തമാക്കുന്നു.
സ്ത്രീകള്‍ക്ക് ജോലിയില്‍ കയറി ആദ്യ ദിവസം മുതല്‍ തന്നെ മറ്റേണിറ്റി പേ ലഭിക്കുന്നതിനുള്ള അവകാശം കൈവരുന്ന നിര്‍ദ്ദേശവും പുതിയ ബില്ലിലുണ്ടാകും. നിലവില്‍ ആറ് മാസത്തിനു ശേഷം മാത്രമെ ഇതിന് അര്‍ഹതയുള്ളു. മാത്രമല്ല, തിരികെ എത്തുമ്പോള്‍ അവര്‍ അനധികൃതമായി ജോലിയില്‍ നിന്നും പിരിച്ചുവിടപ്പെടാനുള്ളതിനെതിരെ സംരക്ഷണവും ഇത് ഒരുക്കുന്നു. കൂടുതല്‍ പുരുഷന്മാര്ക്ക് പറ്റേണിറ്റി പേയ്ക്കുള്ള അവകാശവും ലഭിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല