സ്വന്തം ലേഖകന്‍: അമേരിക്കന്‍ മണ്ണില്‍ ജനിക്കുന്ന വിദേശികളുടെ കുട്ടികള്‍ക്ക് യുഎസ് പൗരത്വം ലഭിക്കില്ലെന്ന് ട്രംപ്; നിയമഭേദഗതി കൊണ്ടുവരാന്‍ നീക്കം. അമേരിക്കയില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് പൗരത്വം അവകാശമാക്കുന്ന നിയമത്തില്‍ മാറ്റം വരുത്താനൊരുങ്ങി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. രാജ്യത്ത് ജനിക്കുന്ന വിദേശികളുടെ കുട്ടികളെ അമേരിക്കന്‍ പൗരന്‍മാരായി കണക്കാക്കുന്ന നിലവിലെ നിയമത്തിനാണ് ഭേദഗതി വരുത്തുന്നത്.
പ്രത്യേക എക്‌സിക്യൂട്ടീവ് ഓര്‍ഡറിലൂടെ നിയമം മാറ്റാന്‍ തയ്യാറെടുക്കുന്നതായി ഒരു അമേരിക്കന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് വ്യക്തമാക്കി. അമേരിക്കയില്‍ ജനിക്കുന്ന അമേരിക്കക്കാര്‍ അല്ലാത്തവരുടെയും അഭയാര്‍ഥികളുടെയും കുട്ടികള്‍ക്ക് അമേരിക്കന്‍ പൗരത്വം ലഭിക്കുംവിധമാണ് നിലവിലുള്ള നിയമം. അമേരിക്കന്‍ ഭരണഘടനയുടെ 14 ആം ഭേദഗതിയില്‍ നിര്‍ദേശിക്കുന്ന ഈ അവകാശം എടുത്തു കളഞ്ഞുകൊണ്ട് നിയമഭേദഗതി വരുത്താനാണ് ട്രംപ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
നിയമഭേദഗതിക്കുള്ള നീക്കം പുതിയ നിയമ പോരാട്ടങ്ങള്‍ക്കും രാഷ്ട്രീയ പ്രതിഷേധങ്ങള്‍ക്കും ഇടയാക്കുമെന്നാണ് കരുതുന്നത്. ഭരണഘടനാ ഭേദഗതിക്ക് പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. എന്നാല്‍ ഇതില്ലാതെ തന്നെ പ്രസിഡന്റിന്റെ അധികാരം ഉപയോഗിച്ച് എക്‌സിക്യൂട്ടീവ് ഓര്‍ഡറിലൂടെ ഭേദഗതി കൊണ്ടുവരാന്‍ സാധിക്കുമെന്നും ഇക്കാര്യം നിയമവിദഗ്ധരുമായി സംസാരിച്ചതായും ട്രംപ് വ്യക്തമാക്കി. കുടിയേറ്റക്കാര്‍ക്കെതിരെ കടുത്ത നടപടികളുമായി ട്രംപ് ഭരണകൂടം മുന്നോട്ട് പോകുമെന്നതിന്റെ സൂചനയാണ് പുതിയ നീക്കവും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല