1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 28, 2024

സ്വന്തം ലേഖകൻ: തിങ്കളാഴ്ച മുതല്‍ പുതിയ പ്രൈസ് ക്യാപ് നിലവില്‍ വരുമ്പോള്‍ ബ്രിട്ടീഷ് ഗ്യാസ്, ഇ ഡി എഫ്, ഇയോണ്‍, ഒക്ടോപസ് എനര്‍ജി എന്നീ കമ്പനികളുടെ ഉപഭോക്താക്കള്‍ക്ക് വാര്‍ഷിക ബില്‍ തുകയില്‍ 360 പൗണ്ടിന്റെ കുറവ് വരും. ജൂലൈ ആദ്യം ഊര്‍ജ പ്രൈസ് ക്യാപില്‍ വരുന്ന കുറവ് ലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്കാണ് ഉപകാരപ്പെടുക. ഒരു സാധാരണ ഇരട്ട ഊര്‍ജ ഉപഭോക്താക്കള്‍ക്ക്, ഡയറക്ട് ഡെബിറ്റില്‍ ഉണ്ടെങ്കില്‍ 122 പൗണ്ട് കുറഞ്ഞ് പ്രതിവര്‍ഷ തുക 1,568 പൗണ്ട് ആകും.

കഴിഞ്ഞ ഏപ്രിലില്‍ ബില്ലില്‍ ഉണ്ടായ കുറവിനോട് ഇതു കൂടിചേര്‍ത്താന്‍ ഒരു വര്‍ഷം ലാഭിക്കാന്‍ കഴിയുക 360 പൗണ്ട് ആയിരിക്കും. വാര്‍ഷിക ബില്ലില്‍ 238 പൗണ്ടിന്റെ കുറവായിരുന്നു ഏപ്രിലില്‍ ഉണ്ടായത്. ഈ കുറവ് കൂടി പരിഗണിച്ചാല്‍, ഊര്‍ജ ബില്‍ കഴിഞ്ഞ രണ്ടു വര്‍ഷക്കാലത്തെ ഏറ്റവും കുറവ് തുകയിലേക്ക് എത്തിയിരിക്കുകയാണ്. എന്നാല്‍, അപ്പോഴും, മൂന്ന് വര്‍ഷം മുന്‍പ്, കോസ്റ്റ് ഓഫ് ലിവിംഗ് പ്രതിസന്ധി ആരംഭിക്കുന്നതിനും മുന്‍പുള്ള നിരക്കിനേക്കാള്‍ 400 പൗണ്ട് കൂടുതലാണിത്.

പ്രീപെയ്‌മെന്റ് മീറ്ററുകള്‍ ഉപയോഗിക്കുന്നവരുടെ ബില്‍ 121 പൗണ്ട് കുറഞ്ഞ് 1,522 പൗണ്ട് ആകും. വര്‍ഷത്തിന്റെ ഓരോ പാദത്തിലും (മൂന്ന് മാസ കാലയളവ്) ആണ് ഓഫ്‌ജെം പ്രൈസ്‌ക്യാപ് പുതുക്കി നിശ്ചയിക്കുക. പുതിയ പ്രൈസ്‌ക്യാപ് ജൂലൈ മുതല്‍ സെപ്റ്റംബര്‍ അവസാനം വരെ പ്രാബല്യത്തില്‍ ഉണ്ടാകും. ഒക്ടോബര്‍ മുതല്‍ പ്രൈസ് ക്യാപ് 12 ശതമാനം വരെ വര്‍ദ്ധിക്കും എന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. അതുകൊണ്ട് തന്നെ കൂടുതല്‍ മെച്ചപ്പെട്ട ഫിക്സ്ഡ് റേറ്റ് ഡീലിനായി ശ്രമിക്കാനാണ് മാര്‍ട്ടിന്‍ ലൂയിസിനെ പോലുള്ളവര്‍ ഉപദേശിക്കുന്നത്.

ഊര്‍ജ നിരക്കുകളിലുള്ള സ്റ്റാന്‍ഡിംഗ് ചാര്‍ജിനെ നേരത്തെ മാര്‍ട്ടിന്‍ ലൂയിസ് വിമര്‍ശിച്ചിരുന്നു. ഇതുകാരണം, പ്രൈസ്‌ക്യാപ്പ് താഴുമ്പോഴും, കുറഞ്ഞ അളവില്‍ ഊര്‍ജ്ജം ഉപയോഗിക്കുന്നവര്‍ക്ക് കാര്യമായ ലാഭം ഉണ്ടാകുന്നില്ല എന്നതായിരുന്നു വിമര്‍ശനം. ഫിക്സ്ഡ് ഡെയ്ലി സ്റ്റാന്‍ഡിംഗ് ചാര്‍ജിലും കുറവ് വരുത്തണമെന്നാണ് മാര്‍ട്ടിന്‍ ലൂയിസ് ആവശ്യപ്പെടുന്നത്. താന്‍ ലേബര്‍ പാര്‍ട്ടിയുടെയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെയും പ്രതിനിധികളുമായി സംസാരിച്ചിട്ടുണ്ടെന്നും അവര്‍ അക്കാര്യം പരിഗണിക്കാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.