1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 30, 2024

സ്വന്തം ലേഖകൻ: പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് കൂടുതല്‍ കര്‍ക്കശ നിലപാടുകള്‍ എടുക്കുന്നതിന്റെ ഭാഗമായി ലേബര്‍ സര്‍ക്കാര്‍ ഇപ്പോള്‍, വാടക വീടുകളുടെ ഉടമസ്ഥരുടെ മേല്‍ അമിത ഭാരം കയറ്റുകയാണ്. 28,000 പൗണ്ട് വരെ വീട്ടുടമകള്‍ക്ക് ചെലവ് വരുന്ന പുതിയ നിയമമാണ് സ്റ്റാര്‍മര്‍ സര്‍ക്കാര്‍ കൊണ്ടുവരുന്നത്. വാടകക്ക് കൊടുക്കുന്ന വീടുകള്‍ക്ക്, ഊര്‍ജ്ജക്ഷമത തെളിയിക്കുന്ന എനര്‍ജി എഫിഷ്യന്‍സി സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുകയാണ് സര്‍ക്കാര്‍.

എനര്‍ജി സെക്രട്ടറി പ്രഖ്യാപിച്ച പുതിയ നയം അനുസരിച്ച് വാടകയ്ക്ക് നല്‍കുന്ന വീടുകള്‍ക്ക് സി തലത്തിലോ അതിന് മുകളിലോ ഉള്ള എനര്‍ജി പെര്‍ഫോര്‍മന്‍സ് സര്‍ട്ടിഫിക്കറ്റ് (ഇ പി സി) ഉണ്ടായിരിക്കണം. 2030 ഓടെ ഇത് നിര്‍ബന്ധമാക്കുകയാണ് സര്‍ക്കാര്‍. സി തലത്തിലുള്ള റേറ്റിംഗ് ലഭിക്കാന്‍ ഏകദേശം 29 ലക്ഷത്തോളം വീടുകള്‍ക്കെങ്കിലും പ്രധാന അറ്റകുറ്റപ്പണികള്‍ നടത്തേണ്ടതായി വരും എന്നാന് ചില കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഇതിനായി മൊത്തം 23.4 ബില്യണ്‍ പൗണ്ട് ചെലവ് വരുമെന്ന് കണക്കാക്കുന്നു. അതായത്, വീടൊന്നിന് ചുരുങ്ങിയത് 8,074 പൗണ്ട് വരെ ചെലവാക്കേണ്ടതായി വരും എന്ന് പ്രോപ്പര്‍ട്ടി വെബ്‌സൈറ്റ് ആയ റൈറ്റ് മൂവ് പറയുന്നു. നിലവില്‍ ഈ വീടുകള്‍ക്ക് ഇ തലത്തിലുള്ള റേറ്റിംഗ് മാത്രമെ ആവശ്യമുള്ളു. അതേസമയം ചില പഴയ കെട്ടിടങ്ങള്‍ക്ക് സര്‍ക്കാര്‍ ഇപ്പോള്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ ഒരിക്കലും പാലിക്കാന്‍ കഴിഞ്ഞേക്കില്ല. ഇതോടെ പല വീടുകളും ഉടമകള്‍ വില്‍ക്കുമെന്നും, വാടകയ്ക്ക് വീട് ലഭിക്കുന്നതില്‍ ക്ഷാമം നേരിടുന്നതോടെ വാടക വര്‍ദ്ധിച്ചേക്കുമെന്നും ആശങ്കയുയരുന്നു.

വടക്കന്‍ ലണ്ടനിലുള്ള പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മറുടെ വീടിനും ഇത് ബാധകമാവും. പ്രധാനമന്ത്രി ആയതിന് ശേഷം ഡൗണിംഗ് സ്ട്രീറ്റിലേക്ക് താമസം മാറ്റിയ അദ്ദേഹം ഈ വീട് ഇപ്പോള്‍ വാടകയ്ക്ക് നല്‍കിയിരിക്കുകയാണ്. ഡി റേറ്റിംഗ് ആണ് ഈ വീടിനുള്ളത്. ഇത് സി റേറ്റിംഗിലെക്ക് ഉയര്‍ത്താന്‍ ഏകദേശം 13,000 പൗണ്ടിനും 28,000 പൗണ്ടിനും ഇടയില്‍ ചെലവഴിക്കേണ്ടതായി വരും. ആവശ്യമായ മാറ്റങ്ങള്‍ വരുത്തി സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയില്ലെങ്കില്‍ 30,000 പൗണ്ട് വരെ പിഴയൊടുക്കേണ്ടതായി വന്നേക്കാം.

ഇ പി സി റൂളുകള്‍ അനുസരിച്ചിട്ടില്ലാത്ത കെട്ടിടമ ഉടമകള്‍ക്ക്, മൂന്ന് മാസക്കാലത്തിലധികം നിയമം പാലിക്കാതിരുന്നാല്‍ ചുരുങ്ങിയത് 10,000 പൗണ്ട് പിഴയാണ് ലഭിക്കുക. പ്രധാനമന്ത്രി മാത്രമല്ല, ചാന്‍സലര്‍ റേച്ചല്‍ റീവ്‌സും, സ്ഥാനമേറ്റ് ഡൗണിംഗ് സ്ട്രീറ്റിലേക്ക് മാറിയതിന് ശേഷം സ്വന്തം വീട് വാടകക്ക് നല്‍കിയിരിക്കുകയാണ്. അവരുടെ വീടും നിലവില്‍ ഡി റേറ്റിംഗ് ഉള്ളതാണ്. മന്ത്രിസഭയിലെ മറ്റ് പല അംഗങ്ങളും വീടുകള്‍ വാടകയ്ക്ക് നല്‍കിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.