സ്വന്തം ലേഖകന്‍: വായ്പ തിരിച്ചടക്കാന്‍ ശ്രമിച്ചപ്പോള്‍ വഴിമുടക്കിയത് എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍; പുതിയ ആരോപണവുമായി വിജയ് മല്യ. പൊതുമേഖലാ ബാങ്കുകളില്‍ നിന്നെടുത്ത വായ്പാ തുക തിരിച്ചടയ്ക്കാനുള്ള തന്റെ ശ്രമങ്ങളെ എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റ് തടഞ്ഞതായി സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട പ്രത്യേക കോടതിയിലാണ് മല്യയുടെ അഭിഭാഷകന്‍ വെളിപ്പെടുത്തിയത്.
നിലവില്‍ ഇംഗ്ലണ്ടിലുള്ള വിജയ് മല്യയ്ക്ക് വായ്പാ തിരിച്ചടവ് മുടങ്ങിയതിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയററക്ടറേറ്റ് 9000 കോടി പിഴ ചുമത്തിയിരുന്നു. സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട നിയമം അനുസരിച്ച് വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ പ്രത്യേക അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇതിന് നല്‍കിയ മറുപടിയിലാണ് മല്യയുടെ പുതിയ വാദം.
കഴിഞ്ഞ രണ്ടോ മൂന്നു വര്‍ഷമായി ബാങ്കുകളുടെ കടം തിരിച്ചടയ്ക്കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ ഓരോ തവണയും തന്റെ നീക്കങ്ങളെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടരേറ്റ് തടസപ്പെടുത്തുകയാണ്,’ മല്യ മറുപടി നല്‍കി. തന്റെ സ്വത്ത് കണ്ടുകെട്ടണമെന്ന ആവശ്യത്തെയും മല്യ വിമര്‍ശിക്കുന്നു. കേസുമായി ബന്ധപ്പെട്ട് ഇംഗ്ലണ്ടില്‍ നടക്കുന്ന നിയമനടപടികളില്‍ അധികൃതരുമായി എല്ലാവിധത്തിലും സഹകരിക്കുന്നുണ്ട്.
ഈ സാഹചര്യത്തില്‍ രാജ്യത്തേക്ക് മടങ്ങിവരാന്‍ വിസമ്മതിക്കുന്നുവെന്ന വാദം ശരിയല്ലെന്നും മല്യ വ്യക്തമാക്കി. ഇന്ത്യയ്ക്ക് കൈമാറണമെന്ന കേസില്‍ ഡിസംബര്‍ പത്തിന് വിധി പറയും. അതുവരെ ഇവിടത്തെ കോടതി നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നാണ് മല്യയുടെ ആവശ്യം. മുംബൈയിലെ പ്രത്യേക കോടതി സെപ്തംബര്‍ 28ന് കേസില്‍ തുടര്‍വാദം കേള്‍ക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല