സ്വന്തം ലേഖകന്‍: അറ്റ്‌ലാന്റിക്കിനു മുകളില്‍ 35,000 അടി ഉയരത്തില്‍ എഞ്ചിന്‍ തകര്‍ന്ന എയര്‍ ഫ്രാന്‍സ് വിമാനത്തിന് അടിയന്തിര ലാന്റിംഗ്, വന്‍ അപകടം ഒഴിവായത് തലനാരിഴക്ക്. എയര്‍ ഫ്രാന്‍സിന്റെ എ 380 വിമാണ്മാണ് എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് കാനഡയില്‍ അടിയന്തരമായി ഇറക്കിയത്. പാരീസിന്‍ നിന്ന് ലാസ് ആഞ്ജിലിസിലേക്കുള്ള യാത്രയ്ക്കിടെയാണ് വിമാനത്തിന്റെ എഞ്ചിനികളില്‍ ഒന്നിന് ഗുരുതര തകരാര്‍ കണ്ടെത്തിയതെന്ന് എയര്‍ലൈന്‍ വക്താക്കള്‍ അറിയിച്ചു.
496 യാത്രക്കാരും 24 ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ എ എഫ് പി റിപ്പോര്‍ട്ട് ചെയ്യുന്നു. എഞ്ചിനുകളില്‍ ഒന്ന് പൊട്ടിത്തെറിച്ചതാണ് വിമാനം നിലത്തിറക്കാന്‍ കാരണമായത്. അറ്റ്‌ലാന്റിക്കിനു മുകളില്‍ പറന്നു കൊണ്ടിരിക്കെ വിമാനത്തിന് വിറയലും വന്‍ കുലുക്കവും അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ, വിമാനത്തിന്റെ എഞ്ചിനുകളിലൊരെണ്ണം തകരാറിലായതായി പൈലറ്റ് യാത്രക്കാരെ അറിയിച്ചു. ഇതോടൊപ്പം വിമാനം സാധാരണ പറക്കുന്ന ഉയരത്തില്‍ നിന്ന് താഴേക്ക് പോവുകയും ചെയ്തു.
തകരാര്‍ കണ്ടെത്തിയതോടെ വിമാനം കിഴക്കന്‍ കാനഡയിലെ ഗൂസ് ബേ വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു. പൈലറ്റിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് വിമാനത്താവളം അടിയന്തര ലാന്‍ഡിംഗ് സജ്ജമാക്കി. അഗ്‌നിശമന സേനയും സുരക്ഷാ ഉദ്യോഗസ്ഥരും ആംബുലന്‍സുകളുമെല്ലാം വിമാനത്താവളത്തില്‍ നിരന്നു. ക്ഷണനേരത്തിനുള്ളില്‍ തന്നെ യാത്രക്കാരെ എല്ലാവരെയും സുരക്ഷിതരായി വിമാനത്തില്‍ നിന്ന് ഇറക്കി. എന്താണ് വിമാനത്തിന്റെ എഞ്ചിന് സംഭവിച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
തകര്‍ന്ന എന്‍ജിന്റെ ചിത്രങ്ങളും വീഡിയോയും യാത്രക്കാര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. വലിയൊരു ശബ്ദം കേട്ടുവെന്നാണ് പമേല ആഡംസ് എന്ന യാത്രക്കാരി പറഞ്ഞത്. 35,000 അടിക്കു മുകളില്‍ പറക്കുന്ന വിമാനം ഒരു ജീപ്പുമായി കൂട്ടിയിടിച്ചതായാണ് തനിക്കു തോന്നിയതെന്ന് അവര്‍ പറഞ്ഞു. യാത്രക്കാര്‍ പങ്കുവെച്ച ചിത്രങ്ങള്‍ അനുസരിച്ച് എന്‍ജിന്‍ പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്. ഒന്നര മണിക്കൂറിനു ശേഷം വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തപ്പോഴാണ് ശ്വാസം നേരെ വീണതെന്ന് ചില യാത്രക്കാര്‍ പ്രതികരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല