1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 29, 2024

സ്വന്തം ലേഖകൻ: കുവൈത്തിൽ എൻജിനീയറിങ് തൊഴിലുകളിൽ വർക്ക് പെർമിറ്റ് നേടുന്നതിനും പുതുക്കുന്നതിനും എൻജിനീയറിങ് യോഗ്യതകളുടെ തുല്യത സംബന്ധിച്ച് പുതിയ മാർഗനിർദേശങ്ങൾ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (പാം) പുറത്തിറക്കി. മാൻപവർ ഡയറക്ടർ മർസൂഖ് അൽ ഒതൈബിയാണ് ഇതു സംബന്ധിച്ച വിവരങ്ങൾ സർക്കുലറിൽ വിശദീകരിച്ചത്.

വർക്ക് പെർമിറ്റിന് അപേക്ഷിക്കുന്നതിനു മുൻപ് പാമിന്‍റെ ഇലക്ട്രോണിക് പോർട്ടലുകൾ വഴി എൻജിനീയറിങ് യോഗ്യതയ്ക്കായി അപേക്ഷ സമർപ്പിക്കണം. സർക്കുലറിലെ പ്രധാന നിർദേശങ്ങൾ ഇപ്രകാരമാണ്:

. വർക്ക് പെർമിറ്റിനുള്ള യോഗ്യത

കുവൈത്തിലെ സർക്കാർ അംഗീകൃത കോളജുകളിൽ നിന്നോ എൻജിനീയറിങ്, എൻജിനീയറിങ് സയൻസ് അല്ലെങ്കിൽ ആർക്കിടെക്ചർ എന്നിവയിൽ സ്പെഷലൈസ് ചെയ്തിട്ടുള്ള സ്വകാര്യ സർവകലാശാലകളിൽ നിന്നോ ബിരുദം കരസ്ഥമാക്കിയിരിക്കണം. ഇതിനെല്ലാം പുറമെ കുവൈത്ത് ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിൽ നിന്ന് യോഗ്യതകൾക്ക് തുല്യതയും അംഗീകാരവും ലഭിച്ചിരിക്കണം.

∙ പുതുക്കൽ സംബന്ധിച്ച്

2024 സെപ്റ്റംബർ 8 മുതൽ പാമിന്‍റെ സിസ്റ്റങ്ങളിൽ റജിസ്റ്റർ ചെയ്തിട്ടുള്ള എൻജിനീയർമാർക്ക് യോഗ്യതകൾ തുല്യമാകുന്നതുവരെ അവരുടെ തൊഴിൽ താൽക്കാലികമായി റജിസ്റ്റർ ചെയ്തുകൊണ്ട് വർക്ക് പെർമിറ്റുകൾ പുതുക്കാനോ മാറ്റാനോ സാധിക്കും. വർക്ക് പെർമിറ്റിൽ കുവൈത്തിലേക്ക് പ്രവേശിക്കുന്ന എൻജിനീയർമാർ ബന്ധപ്പെട്ട കമ്മിറ്റിയിൽ നിന്ന് പ്രാഥമിക അംഗീകാരം നേടി രണ്ട് വർഷത്തേക്ക് താൽക്കാലിക റജിസ്ട്രേഷൻ കരസ്ഥമാക്കണം. അതിനിടെ പാമിന്‍റെ യോഗ്യത നേടിയിരിക്കണം.

∙ഇതര സാധ്യതകൾ

തുടക്കത്തിൽ എൻജിനീയറിങ് യോഗ്യതകൾ അംഗീകരിക്കപ്പെടാത്തവർക്ക് മറ്റ് തൊഴിലുകളിലേക്ക് മാറാം. പിന്നീട് യോഗ്യത സംബന്ധിച്ച് ബന്ധപ്പെട്ട അധികൃതർ അംഗീകരിച്ചശേഷം എൻജിനീയറിങ് പെർമിറ്റിനായി അപേക്ഷിക്കാം. സർക്കാർ സർവീസിൽ നിന്ന് സ്വകാര്യ മേഖലയിലേക്ക് മാറുന്ന ഒരു എൻജിനീയർ സിവിൽ സർവീസ് ബ്യൂറോയിൽ നിന്ന് സർട്ടിഫിക്കറ്റ് കരസ്ഥമാക്കണം.

∙ കുടുംബ-ബിസിനസ് വീസകൾ

കുടുംബാംഗങ്ങൾ, ബിസിനസ് പങ്കാളികൾ അല്ലെങ്കിൽ ബിസിനസ് സന്ദർശന വീസകളിൽ എത്തി സ്വകാര്യ മേഖലയിലേക്ക് എൻജിനീയർമാരായി മാറുന്ന കേസുകളിൽ പാമിന്‍റെ യോഗ്യത കൈവരിക്കുന്നതുവരെ താൽക്കാലിക റജിസ്ട്രേഷൻ നേടേണ്ടതാണ്.

∙ പാമിന്‍റെ യോഗ്യതകൾ പാലിച്ചില്ലെങ്കിൽ

അനുവദനീയമായ സമയപരിധിക്കുള്ളിൽ തുല്യത പ്രക്രിയ പൂർത്തിയാക്കുന്നതിൽ പരാജയപ്പെടുന്നവർ എൻജിനീയറിങ് ഇതര തൊഴിലുകളിൽ റജിസ്റ്റർ ചെയ്യേണ്ടതുണ്ട്. എൻജിനീയറിങ് യോഗ്യതകളുടെ തുല്യതയും അംഗീകാരവും ഉറപ്പാക്കുന്നതിൽ തൊഴിലുടമകളും എൻജിനീയറുമാരും ഒരേപോലെ ഉത്തരവാദിത്തം പങ്കിടണമെന്ന് സർക്കുലർ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.