ഗ്രൂപ്പ് ഡിയിലെ കലാശക്കൊട്ട് ഇന്ന് അരങ്ങേറും. കീവിലെ ഒളിമ്പിക് സ്റ്റേഡിയത്തില്‍ ഫ്രാന്‍സ് സ്വീഡനെ നേരിടുമ്പോള്‍ ഡൊണെറ്റ്സ്കിലെ ഡൊന്‍ബാസ് അരീനയില്‍ ഇംഗ്ലണ്ടിന് ആതിഥേയരായ ഉക്രെയിനാണ് എതിരാളികള്‍. ഈ ഗ്രൂപ്പില്‍ രണ്ട് മത്സരങ്ങളില്‍ നിന്ന് നാല് പോയിന്റ് നേടിയ ഫ്രാന്‍സാണ് മുന്നിട്ടുനില്‍ക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിനും നാല് പോയിന്റുണ്ടെങ്കിലും ഗോള്‍ ആവറേജിലാണ് ഫ്രാന്‍സ് മുന്നിലെത്തിയത്. മൂന്നാം സ്ഥാനത്തുള്ള ഉക്രെയിന് മൂന്ന് പോയിന്റാണുള്ളത്. കളിച്ച രണ്ട് മത്സരങ്ങളും പരാജയപ്പെട്ട് ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പുറത്തായ സ്വീഡന് പോയിന്റൊന്നുമില്ല.
ഇംഗ്ലണ്ടിനും ഫ്രാന്‍സിനും ഉക്രെയിനും ഇന്നത്തെ മത്സരത്തില്‍ നോക്കൗട്ടില്‍ കടക്കാന്‍ തുല്യസാധ്യതയാണ്. രണ്ട് മത്സരങ്ങളും സമനിലയിലായാല്‍ ഇംഗ്ലണ്ടും ഫ്രാന്‍സും ക്വാര്‍ട്ടറില്‍ കടക്കും. മറിച്ച് ഉക്രെയിന് ഇന്നത്തെ പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയാലേ ക്വാര്‍ട്ടറില്‍ കടക്കാന്‍ കഴിയൂ. അങ്ങനെ സംഭവിച്ചാല്‍ ഡി ഗ്രൂപ്പില്‍ നിന്ന് ഫ്രാന്‍സിനൊപ്പം ഉക്രെയിനാകും നോക്കൗട്ട് റൗണ്ടില്‍ പ്രവേശിക്കുക. എന്നാല്‍ ഇന്നത്തെ മത്സരത്തില്‍ സ്വീഡന് ഫ്രാന്‍സിനെ അട്ടിമറിക്കുകയും ഇംഗ്ലണ്ട് ഉക്രെയിന് പോരാട്ടം സമനിലയില്‍ കലാശിക്കുകയും ചെയ്താലും ഫ്രാന്‍സും ഇംഗ്ലണ്ടും ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടും. അങ്ങനെയായാല്‍ ഇംഗ്ലണ്ടിന് അഞ്ച് പോയിന്റും ഫ്രാന്‍സിനും ഉക്രെയിനും നാല് പോയിന്റ് വീതവുമാകും. എന്നാല്‍ ഉക്രെയിനുമായുള്ള പോരാട്ടത്തില്‍ ഫ്രാന്‍സ് വിജയിച്ചതും മികച്ച ഗോള്‍ ആവറേജും അവര്‍ക്ക് തുണയാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല