സ്വന്തം ലേഖകൻ: ഇംഗ്ലണ്ടില്‍ കടുത്ത ചുമ മൂലമുള്ള കേസുകളുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധന രേഖപ്പെടുത്തുന്നതില്‍ ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി. മൂന്നു മാസത്തിലേറെ നീണ്ടു നില്‍ക്കുന്ന ചുമ കുട്ടികളെയാണ് കൂടുതലായി ബാധിക്കുന്നത്. ജനുവരിയില്‍ മാത്രം ഇംഗ്ലണ്ടില്‍ 552 പുതിയ ഇന്‍ഫെക്ഷനുകളാണ് സ്ഥിരീകരിച്ചത്. 2023-ല്‍ മുഴുവനായി 858 കേസുകള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്ത ഇടത്താണ് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി ഡാറ്റ ഈ വലിയ വ്യത്യാസം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇതില്‍ തന്നെ പകുതി പേരും കുട്ടികളിലാണ് കണ്ടെത്തിയത്. ഏകദേശം 30 ശതമാനം കേസുകളും 14 വയസ് വരെയുള്ള കുട്ടികളിലാണ് സ്ഥിരീകരിച്ചത്. മൂന്ന് മാസത്തില്‍ കുറവ് പ്രായമുള്ള കുഞ്ഞുങ്ങളില്‍ ഗുരുതരമായ രോഗബാധയ്ക്ക് കാരണമാകുകയും, സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നേടുന്നതിന് തടസ്സവും സൃഷ്ടിക്കും. 2022-ല്‍ രണ്ട് കേസുകള്‍ മാത്രമായിരുന്നത് 2023-ല്‍ 38 കേസുകളിലേക്കാണ് വര്‍ദ്ധന.
2024-ലെ ആദ്യത്തെ നാല് ആഴ്ചയില്‍ ചുരുങ്ങിയത് 22 പേരാണ് രോഗബാധിതരായത്. ശ്വാസകോശത്തെയും, ബ്രീത്തിംഗ് ട്യൂബുകളെയും ബാധിക്കുന്ന ബാക്ടീരിയല്‍ ഇന്‍ഫെക്ഷനാണ് വൂപ്പിംഗ് കഫ്. ജലദോഷത്തിന് തുല്യമായ ലക്ഷണങ്ങളാണ് പ്രാരംഭ ഘട്ടത്തില്‍ രേഖപ്പെടുത്തുക. എന്നാല്‍ ഏതാനും ആഴ്ചകള്‍ക്ക് ശേഷം മിനിറ്റുകള്‍ നീണ്ടുനില്‍ക്കുന്ന ചുമയിലേക്ക് മാറും. രാത്രിയില്‍ ഇത് രൂക്ഷമാകുകയും ചെയ്യും.
ഈ അവസ്ഥ അതിവേഗത്തില്‍ പടര്‍ന്നുപിടിക്കാനും സാധ്യതയുണ്ട്. പല മാസങ്ങള്‍ നീണ്ടുനില്‍ക്കുന്നതിനാല്‍ 100 ദിവസത്തെ ചുമയെന്നാണ് ഇതേക്കുറിച്ച് വിശേഷിപ്പിക്കുന്നത്. വൂപ്പിംഗ് കഫിന് എതിരായ വാക്‌സിന്‍ സ്വീകരിക്കുന്നതില്‍ കൃത്യമായ താഴ്ച രേഖപ്പെടുത്തിയതായി അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല