സ്വന്തം ലേഖകൻ: ഇത്തവണ ലോകകപ്പിൽ അച്ചടക്കം പാലിച്ച് ഇംഗ്ലണ്ട് ആരാധകർ. ചരിത്രത്തിലാദ്യമായി ഇംഗ്ലണ്ടിന്റെ ആരാധകർ അറസ്റ്റിലാകാത്ത ലോകകപ്പെന്ന ഖ്യാതിയും സ്വന്തം. ഖത്തർ ലോകകപ്പിൽ ഇതേവരെ ഇംഗ്ലണ്ടിന്റെയോ വെയിൽസിന്റെയോ ആരാധകരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് യുകെ ഫുട്ബോൾ പൊലീസിങ് യൂണിറ്റ് മേധാവി ചീഫ് കോൺസ്റ്റബിൾ മാർക്ക് റോബർട്ട് പറഞ്ഞു.
ക്വാർട്ടറിൽ ഫ്രാൻസിനോടു തോറ്റ് ഇംഗ്ലണ്ട് പുറത്തായശേഷമുള്ള റിപ്പോർട്ട് പുറത്തുവിട്ടുകൊണ്ടാണു റോബർട്ട്സ് ഇക്കാര്യം പറഞ്ഞത്. സ്റ്റേഡിയത്തിനകത്തും പുറത്തും സുരക്ഷാ ഉദ്യോഗസ്ഥർക്ക് തലവേദന സൃഷ്ടിച്ചിരുന്നവരാണ് ഇംഗ്ലണ്ടിന്റെ ഒരുകൂട്ടം ആരാധകർ.
ലോകകപ്പ് തുടങ്ങുന്നതിനു മുൻപേ തന്നെ യുകെ ഭരണകൂടം ഇംഗ്ലണ്ടിന്റെ ആരാധകർക്ക് മുന്നറിയിപ്പും നൽകിയിരുന്നു. എന്നാൽ ഖത്തറിൽ കുഴപ്പങ്ങൾക്കൊന്നും മുതിരാതെ അച്ചടക്കമുള്ളവരായി കളി ആസ്വദിക്കുകയായിരുന്നു ഇവർ. 2018ലെ റഷ്യൻ ലോകകപ്പിൽ ഇംഗ്ലണ്ടിന്റെ 3 ആരാധകരെ അറസ്റ്റ് ചെയ്തിരുന്നു. ആരും അറസ്റ്റ് ചെയ്യപ്പെടാത്തത് ഇതാദ്യമാണെന്ന് റോബർട്ടിനെ ഉദ്ധരിച്ച് വിവിധ രാജ്യാന്തര മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു.
ഖത്തറിൽ ഇംഗ്ലണ്ടിന്റെയും വെയ്ൽസിന്റെയും ആരാധകരുടെ പെരുമാറ്റം തികച്ചും മാതൃകാപരമായിരുന്നു. ഇംഗ്ലണ്ടിന്റെയും വെയ്ൽസിന്റെയും മത്സരങ്ങളിലുടനീളം അറസ്റ്റുകളോ മറ്റ് അനിഷ്ടസംഭവങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ലോകകപ്പിനായെത്തിയ എല്ലാ ഇംഗ്ലണ്ട് ആരാധകർക്കുമാണ് ഇതിന്റെ ക്രെഡിറ്റെന്നും റോബർട്ട് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല