സ്വന്തം ലേഖകൻ: ജിസിഎസ്ഇ പരീക്ഷ ഫലം പുറത്ത് വന്നപ്പോള്‍ പതിവ് പോലെ മികച്ച വിജയം കരസ്ഥമാക്കി മലയാളി വിദ്യാര്‍ത്ഥികള്‍. മുഴുവന്‍ വിഷയങ്ങള്‍ക്കും എ സ്റ്റാര്‍ നേടി ഉന്നത വിജയം നേടിയ നിരവധിപ്പേരുണ്ട്. വെയില്‍സിലെ സ്വാന്‍സി ബിഷപ്പ് വോണ്‍ കാത്തലിക് സ്കൂളിലെ ആന്റോ ഫ്രാന്‍സിസ് എല്ലാ വിഷയങ്ങള്‍ക്കും ഗ്രേഡ് എ സ്റ്റാര്‍ നേടിയാണ് ഉന്നത വിജയം കരസ്ഥമാക്കിയത്.
ഇടുക്കി രാജാക്കാട് നിന്നും യുകെ യിലേക്ക് കുടിയേറിയ ഫ്രാന്‍സിസ് പോളിന്റെയും ഡയാന ഫ്രാന്‍സിസിന്റെയും മകനാണ് ആന്റോ ഫ്രാന്‍സിസ്. ലണ്ടന് അടുത്ത ആല്‍ഡര്‍ഷോട്ടില്‍ താമസിക്കുന്ന ആദര്‍ശ് ജോര്‍ജിന് എല്ലാ വിഷയത്തിലും ടോപ് ഗ്രേഡ് ആണ്. അനീഷ് ജോര്‍ജിന്റെയും മഞ്ജു അനീഷിന്റെയും മൂത്ത മകനാണ് ആദര്‍ശ്. പ്രശസ്തമായ വിത്സണ്‍സ് ഗ്രാമര്‍ സ്‌കൂളില്‍ പഠിക്കുന്ന ആദര്‍ശ് അവിടെ തന്നെയാകും എ ലെവല്‍ തുടര്‍ പഠനവും നടത്തുക.
പഠിച്ച എല്ലാ 10 വിഷയങ്ങള്‍ക്കും ഗ്രേഡ് 9 (ഡബിള്‍ സ്റ്റാര്‍) നേടിയാണ് ലണ്ടനില്‍ നിന്നുള്ള ആവ്‌ലി മരിയ സന്തോഷ് ഉന്നത വിജയം കരസ്ഥമാക്കിയത്. ലണ്ടനിലെ ഡൗവയ് മാര്‍ട്യേഴ്സ് കാത്തലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിനി ആണ്. ദുബായില്‍ ജനിച്ചു വളര്‍ന്ന ആവ്‌ലി ഇയര്‍ 10 പകുതിയോട് കൂടിയാണ് ലണ്ടനില്‍ എത്തിയത്. സിബിഎസ്ഇയില്‍ നിന്നും ജിസിഎസ്ഇയിലേക്ക് മാറി വെറും ഒന്നര വര്‍ഷം കൊണ്ട് ഈ ഉന്നത വിജയം കരസ്ഥമാക്കിയ ആവ്‌ലി സ്‌കൂളിലെ ഇന്ത്യന്‍ മലയാളികള്‍ക്ക് ആകെ അഭിമാനമായി മാറി.
കോഴിക്കോട് കോടഞ്ചേരിയില്‍ വട്ടപ്പാറയില്‍ കുടുംബംഗാമായ സന്തോഷ് ജോണിന്റെയും, കണ്ണിവയലില്‍ താന്നിക്കല്‍ കുടുംബംഗാമായ ഷിബി മാത്യു വിന്റെയും മകളാണ്. ഓസ്റ്റിനും എഡിവിനും സഹോദരങ്ങളാണ്. തെരഞ്ഞെടുത്ത 11 വിഷയങ്ങള്‍ക്കും ഗ്രേഡ് 9 സ്വന്തമാക്കിയാണ് ബക്കിംഗ്ഹാംഷെയറിലെ സായൂജ് മേനോന്‍ സഞ്ജയ് എന്ന മിടുക്കന്‍ വിജയത്തിന്റെ പൊന്‍തിളക്കം സ്വന്തമാക്കിയിരിക്കുന്നത്. റിലീജിയസ് സ്റ്റഡീസ്, ഫര്‍തര്‍ മാത്തമാറ്റിക്‌സ്, ബയോളജി, കെമിസ്ട്രി, ഫിസിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഫ്രഞ്ച്, സ്പാനിഷ്, ഇംഗ്ലീഷ് ലാംഗ്വേജ്, ഇംഗ്ലീഷ് ലിറ്ററേച്ചര്‍, മാത്തമാറ്റിക്‌സ് എന്നിവയാണ് ഡബിള്‍ സ്റ്റാര്‍ നേട്ടം സായൂജ് കൊയ്‌തെടുത്തത്.
അമേഷാമിലെ ഡോ. ചാലനേഴ്‌സ് സ്‌കൂളില്‍ ജിസിഎസ്ഇ പഠിച്ച സായൂജ് സഞ്ജയ് മേനോന്‍ – രശ്മി നായര്‍ ദമ്പതികളുടെ മകനാണ്. നാട്ടില്‍ തൃശ്ശൂര്‍ ഇരിഞ്ഞാലക്കുടക്കാരനായ സഞ്ജയ് ലണ്ടനിലെ ബാങ്കിലും പാലക്കാട് വടക്കാഞ്ചേരിക്കാരിയായ രശ്മി ഒരു ഇന്‍വെസ്റ്റ്‌മെന്റ് സ്ഥാപനത്തിലും ജോലി ചെയ്യുകയാണ്. ജിസിഎസ്ഇ പഠിച്ച സ്‌കൂളില്‍ തന്നെ മാത് സ്, ബയോളജി, കെമിസ്ട്രി, സ്പാനിഷ് എന്നിവ എലെവലില്‍ തെരഞ്ഞെടുത്ത് പഠിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
സാധാരണ കുട്ടികള്‍ പത്തു വിഷയങ്ങളില്‍ ജിസിഎസ്ഇ തിരഞ്ഞെടുക്കുമ്പോള്‍ ലെസ്റ്ററിന് അടുത്ത ലഫ്ബറോയില്‍ മേഘ്നയ്ക്ക് പഠിക്കാന്‍ ഉണ്ടായിരുന്നത് 11 വിഷയങ്ങള്‍. ഒരു വിഷയം അധികമായി വന്നിട്ടും മേഘ്ന മികച്ച വിജയം കരസ്ഥമാക്കി. ലാഫ്ബറോയിലെ വുഡ്ബ്രൂക് വെയില്‍ ഹൈസ്‌കൂളില്‍ നിന്നും ജിസിഎസ്ഇ പാസായ മേഘ്‌ന ഡോ. രഞ്ജിത്ത് പോനത്തിലിന്റെയും ഡോ. ദിവ്യാ ദാമോദരന്റെയും ഏക മകളാണ്. സഹോദരന്‍ രോഹന്‍. നാട്ടില്‍ എറണാകുളം സ്വദേശികളാണിവര്‍. ഒന്‍പതു വിഷയങ്ങളില്‍ ടോപ് സ്‌കോര്‍ കണ്ടെത്തിയാണ് വാറിംഗ്ടണിലെ ഡിയോണ്‍ ജോഷ് വിജയക്കൊയ്ത്ത് നടത്തിയത്. വാറിംഗ്ടണ്‍ സെന്റ് ഗ്രിഗറി കാത്തലിക് സ്‌കൂളില്‍ നിന്നുമാണ് സ്‌കൂളിലെ തന്നെ മികച്ച വിജയങ്ങളില്‍ ഒന്ന് തന്റെ പേരില്‍ ഡിയോ കുറിച്ചിട്ടിരിക്കുന്നത്.
മാത്‌സ്, ബയോളജി, കെമിസ്ട്രി എന്നിവ തിരഞ്ഞെടുത്തു കാര്‍മല്‍ കോളേജിലേക്കാണ് ഡിയോണ്‍ തുടര്‍ പഠനത്തിന് എത്തുക. മികച്ച ഒരു വൈമാനികനാകണം എന്നാണ് ഡിയോണ്‍ ഇപ്പോള്‍ സ്വപ്നം കാണുന്നത്. വാറിംഗ്ടണിലെ ജോഷ് – ജിന്‍സി ദമ്പതികളുടെ മകനായ ഡിയോണിന് ഡോണ എന്ന സഹോദരിയുമുണ്ട്. ഓക്‌സ്‌ഫോര്‍ഡ് ബയോ മെഡിക്കല്‍ എഞ്ചിനിയറിങ്ങില്‍ മാസ്റ്റേഴ്‌സ് ചെയ്യുകയാണ് ഡോണ.
11 വിഷയങ്ങളില്‍ പത്തിനും ഡബിള്‍ സ്റ്റാറും ഒരു വിഷയത്തിന് എ സ്റ്റാറും നേടിയാണ് റെഡ്ഡിംഗിലെ ഡോറ അബ്ബി എന്ന പെണ്‍കുട്ടി മിടുക്ക് തെളിയിച്ചിരിക്കുന്നത്. കെന്‍ഡ്രിക്ക് ഗ്രാമര്‍ സ്‌കൂളിന്റെ അഭിമാനമായി മാറിയ ഡോറയ്ക്ക് ഇപ്പോള്‍ അഭിനന്ദന പ്രവാഹമാണ്. ഇംഗ്ലീഷ് ലിറ്ററേച്ചര്‍, ലാംഗ്വേജ്, മാത്‌സ്, ബയോളജി, കെമിസ്ട്രി, ഫിസിക്‌സ്, ബിസിനസ് സ്റ്റഡീസ്, ജോഗ്രഫി, റിലീജിയസ് സ്റ്റഡീസ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഫ്രഞ്ച് എന്നിവയിലാണ് ഡോറ തിളങ്ങുന്ന നേട്ടം സ്വന്തമാക്കിയത്. മാത് സ് പേപ്പറിന് ഫുള്‍ മാര്‍ക്കാണ് ഡോറ നേടിയത്. പഠനത്തിനു പുറമെ ഒരു മികച്ച നീന്തല്‍ താരവും ഭാരതനാട്യം ഡാന്‍സറും കരാട്ടെ ബ്ലാക്ക് ബെല്‍റ്റുമാണ് ഡോറ.
സയന്‍സിനോടാണ് ഡോറയ്ക്ക് ഏറെ താല്‍പര്യമുള്ളത്. അതുകൊണ്ടു തന്നെ എ ലെവലില്‍ ബയോളജി, കെമിസ്ട്രി, മാത്‌സ്, ജോഗ്രഫി എന്നിവ പഠിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. എന്‍എച്ച്എസില്‍ ബയോ മെഡിക്കല്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന അബ്ബി ഏലിയാസിന്റെയും നഴ്‌സായി ജോലി ചെയ്യുന്ന ജയാ അബ്ബിയുടെയും ഏകമകളാണ് ഡോറ. മകള്‍ക്ക് മുഴുവന്‍ പിന്തുണയും നല്‍കി ഒപ്പം നില്‍ക്കുന്നവരാണ് മാതാപിതാക്കള്‍. നാട്ടില്‍ എറണാകുളം കോതമംഗലം സ്വദേശികളാണ്.
ഇപ്‌സ്വിച്ചിലെ ആല്‍ഡ്രിക്ക് ജിജോയും ജിസിഎസ്ഇ പരീക്ഷയില്‍ നേടിയത് സുവര്‍ണ വിജയം. പതിനൊന്നു വിഷയങ്ങളില്‍ പത്തിനും എ സ്റ്റാറുകളും ഒരു എയുമാണ് ആല്‍ഡ്രിക്ക് നേടിയത്. കോള്‍ചെസ്റ്റര്‍ റോയല്‍ ഗ്രാമര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ആല്‍ഡ്രിക്ക് ജിജോ പിണക്കാട്ട് – മണിമല മഞ്ജു ദമ്പതികളുടെ മകനാണ്. നാട്ടില്‍ ഭരണങ്ങാനം സ്വദേശിയാണ് ജിജോ. മഞ്ജു പാലാ പിഴക് സ്വദേശിയും. ഇപ്‌സ്വിച്ചിലെ പ്രൈവറ്റ് സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ആല്‍ഡന്‍ സഹോദരനാണ്. പാലാ ബാറിലെ അഭിഭാഷകന്‍ ആയിരുന്ന പിതാവിന്റെ പാത പിന്തുടര്‍ന്ന് അഭിഭാഷകന്‍ ആകാനാണ് ആല്‍ഡ്രിക്കിന്റെ ആഗ്രഹം.
എട്ടു വിഷയങ്ങളില്‍ ടോപ് സ്‌കോര്‍ കണ്ടെത്തിയ മാഞ്ചസ്റ്റര്‍ ആന്‍ട്രിഞ്ചം ഗ്രാമര്‍ സ്‌കൂളിലെ എല്‍സ ബിന്റോയും അഭിമാന നേട്ടത്തിന് അര്‍ഹയായി. ഓണ്‍ലൈന്‍ ട്യൂഷന്‍ സ്ഥാപനം നടത്തുന്ന റിസേര്‍ച്ച് കണ്‍സല്‍ട്ടന്റ് ആയ ഡോ. ബിന്റോ സൈമന്റെയും ലാന്‍ഡി ബിന്റോയുടെയും മകളാണ്എല്‍സ. എ ലെവലില്‍ മാത്‌സ്, ബയോളജി, കെമിസ്ട്രി എന്നിവ തിരഞ്ഞെടുത്തു പഠിക്കുവാന്‍ ആണ് എല്‍സയുടെ തീരുമാനം.
നിരവധി പഠ്യേതര വിഷയങ്ങളിലും തന്റെ മികവ് പുലര്‍ത്തിയാണ് എല്‍സ പരീക്ഷ വിജയത്തിലും നക്ഷത്ര തിളക്കമായത്. പിതാവിന്റെ സ്ഥാപനത്തില്‍ സഹായിയുടെ റോളിലും എല്‍സ ഉണ്ട് എന്നതും നേട്ടത്തിനിടയില്‍ മികവിന്റെ മാറ്റുകൂട്ടുന്ന ഘടകമാണ്. സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ ഫ്രേയയാണ് ഏക സഹോദരി.
ലെസ്റ്ററിലെ ജെയ്മി ജോണ്‍ പത്തില്‍ എട്ട് ടോപ് സ്‌കോര്‍ കണ്ടെത്തി. എട്ട് ഡബിള്‍ സ്റ്റാറുകളും രണ്ട് എയുമാണ് ജെയ്മി നേടിയത്. ലെസ്റ്റര്‍ ഇംഗ്ലീഷ് മാര്‍ട്ടിയേഴ്സ് കാത്തലിക് സ്കൂള്‍ വിദ്യാര്‍ത്ഥിനിയാണ്. വയലില്‍ വീട്ടില്‍ ടിറ്റി ജോണിന്റെയും ഷൈനിയുടെയും മകളാണ് ജെയ്മി. നാട്ടില്‍ ഇടുക്കി കട്ടപ്പനക്കാരാണ്. ജയ്മിയുടെ സഹോദരന്‍ ജോയല്‍ ജോണ്‍ നോര്‍ത്താംപ്ടണ്‍ യൂണിവേഴ്‌സിറ്റിയില്‍ കമ്പ്യൂട്ടര്‍ സയന്‍സ് തേര്‍ഡ് ഇയര്‍ വിദ്യാര്‍ത്ഥിയാണ്.
മാതാവ് ഷൈനി ലെസ്റ്റര്‍ എന്‍എച്ച്എസ് എല്‍ആര്‍ഐയില്‍ സ്റ്റാഫ് നഴ്‌സാണ്. പിതാവ് ടിറ്റി ജോണ്‍ ലെസ്റ്റര്‍ കേരളാ കമ്മ്യൂണിറ്റിയുടെ സജീവ അംഗവും ടാക്‌സി ഡ്രൈവറായി ജോലി ചെയ്യുകയുമാണ്. മാത് സ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നിവയെടുത്ത് ഇംഗ്ലീഷ് മാര്‍ട്ടിയേഴ്‌സില്‍ തന്നെ എലെവല്‍ പഠിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
സയന്‍സ് വിഷയങ്ങള്‍ക്ക് എ സ്റ്റാറുകളും മാത്‌സിനും ഹിസ്റ്ററിയ്ക്കും എയും നേടി ലണ്ടനിലെ ബെന്‍ ജോര്‍ജ്ജ് ജോസഫ് ലക്ഷ്യമിടുന്നത് എയ്‌റോ സ്‌പേസോ എയ്‌റോനോട്ടിക്‌സ് എഞ്ചിനീയറിംഗോ പഠിക്കുവാനാണ്. ലണ്ടനിലെ സെന്റ് തോമസ് ദ അപ്പോസ്തല്‍ സ്‌കൂള്‍ ആന്റ് സിക്‌സ്ത് ഫോം കോളേജില്‍ പഠിച്ച ബെന്‍ ബിനോയ്- ബീനാസ് ദമ്പതികളുടെ മകനാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല