പൂള്‍ എ യില്‍ സ്‌കോട്ട്‌ലെന്‍ഡിനെതിരായ മത്സരത്തില്‍ 119 റണ്‍സിന്റെ ജയത്തോടെ ഈ ലോകകപ്പിലെ ആദ്യ ജയം ഇംഗ്ലണ്ട് സ്വന്തമാക്കി. മൊയിന്‍ അലി നേടിയ 128 റണ്‍സ് സെഞ്ച്വറി നേട്ടമാണ് ഇംഗ്ലണ്ടിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. മൊയിന് ഒപ്പം കൂടിയ ഇയാന്‍ ബെല്‍ 54 റണ്‍സ് സ്‌കോര്‍ ബോര്‍ഡിലേക്ക് കൂട്ടിച്ചേര്‍ത്തു. ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ നേടിയത് 172 റണ്‍സാണ്. ഈ കൂട്ടുകെട്ട് അവസാനിച്ച ശേഷം ഇംഗ്ലണ്ടിന് സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ക്കാന്‍ സാധിച്ചത് വെറും 131 റണ്‍സ് മാത്രമാണ്.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ സ്‌കോട്ട്‌ലാന്‍ഡിന് ഒരിക്കല്‍ പോലും ഇംഗ്ലണ്ടിനെതിരെ വെല്ലുവിളി ഉയര്‍ത്താന്‍ സാധിച്ചില്ല. 184 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ സ്‌കോട്ട്‌ലാന്‍ഡിന്റെ എല്ലാ വിക്കറ്റുകളും നഷ്ടപ്പെട്ടു. സ്റ്റീവന്‍ ഫിന്‍ മുന്ന് വിക്കറ്റുകള്‍ വീഴ്ത്തി.
ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട ഇംഗ്ലണ്ടിന് ഈ വിജയം ആശ്വാസം നല്‍കുന്നുണ്ട്. ഓസ്‌ട്രേലിയിക്കെതിരെയും ന്യൂസിലാന്‍ഡിനെതിരെയുമായിരുന്നു ഇംഗ്ലണ്ട് പരാജയം ഏറ്റുവാങ്ങിയത്. സ്‌കോട്ട്‌ലാന്‍ഡ് ടീം അത്ര ശക്തമായ ടീമെന്ന് പറയാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ ഇംഗ്ലണ്ട് തിരിച്ചുവരവിന്റെ പാതയിലാണെന്ന് വിശേഷിപ്പിക്കാന്‍ സാധിക്കില്ല. ശ്രീലങ്കയ്‌ക്കെതിരെയുള്ള ഇംഗ്ലണ്ടിന്റെ അടുത്ത മത്സരമാകും ഇംഗ്ലണ്ടിന് ഏറെ നിര്‍ണായകം.
മൊയിന്‍ അലി പുറത്തായ ശേഷം ബാറ്റിംഗ് നിര തകര്‍ന്ന് അടിയുകയായിരുന്നു. പൂള്‍ എയിലെ ഏറ്റവും താഴ്ന്ന ഏകദിന റാങ്കിംഗുള്ള സ്‌കോട്ട്‌ലാന്‍ഡിനോട് ഇതായിരുന്നു പ്രകടനമെങ്കില്‍ ഇംഗ്ലണ്ട് സെമിയില്‍ കടന്ന് കൂടുന്ന കാര്യം തന്നെ സംശയത്തിലാകുമെന്നാണ് കളി എഴുത്തുകാര്‍ നല്‍കുന്ന സൂചനകള്‍. മൂന്ന് മത്സരങ്ങളില്‍ രണ്ടെണ്ണം തോറ്റ് ഒരെണ്ണം ജയിച്ച ഇംഗ്ലണ്ടിന് രണ്ട് പോയിന്റുകളാണുള്ളത്. പൂള്‍ എയില്‍ അഞ്ചാം സ്ഥാനത്താണ് ഇംഗ്ലണ്ട്. കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച ന്യൂസിലാന്‍ഡാണ് പൂള്‍ എയില്‍ ഒന്നാം സ്ഥാനത്ത്. പൂള്‍ ബിയില്‍ കളിച്ച എല്ലാ കളികളും ജയിച്ച ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല