ജയത്തോടെ ഡി ഗ്രൂപ് ചാമ്പ്യന്മാരായി ഇംഗ്ളണ്ടും തോറ്റെങ്കിലും പോയന്റ് മുന്‍തൂക്കവുമായി ഫ്രാന്‍സും യൂറോ കപ്പിന്റെ ക്വാര്‍ട്ടറില്‍ ഇടം നേടി. വെയ്ന്‍ റൂണിയുടെ ഏകഗോള്‍ ബലത്തില്‍ ഇംഗ്ളണ്ട് യുക്രെയ്നെ കീഴടക്കിയപ്പോള്‍ സ്വീഡന്‍ 2-0ന് ഫ്രാന്‍സിനെ വീഴ്ത്തി.രണ്ടാം പകുതി തുടങ്ങി 48ാം മിനിറ്റിലായിരുന്നു ഇംഗ്ളണ്ടിന്റെ ഗോള്‍. വലതു വിങ്ങിലൂടെ പിറന്ന കോര്‍ണര്‍ കിക്ക് ക്ളിയര്‍ ചെയ്തശേഷം സ്റ്റീവന്‍ ജെറാര്‍ഡ് ഒരുക്കിയ നീക്കമാണ് റൂണിയിലൂടെ മികച്ച ഗോളായി പിറന്നത്. ജെറാര്‍ഡിന്റെ ഷോട്ട് ഗോള്‍കീപ്പര്‍ ആന്‍ഡ്രി പിറ്റോവിന്റെ കൈയ്യില്‍നിന്നും തെന്നിമാറിയപ്പോള്‍ അവസരം കാത്തു നിന്ന റൂണിയുടെ തലക്ക് പാകമായി ലഭിച്ചു. ഒരു നിമിഷം പോലും പാഴാക്കാതെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരം പന്ത് വലയിലേക്ക് ചെത്തിയിട്ടപ്പോള്‍ സസ്പെന്‍ഷനും കഴിഞ്ഞുള്ള മടങ്ങിവരവ് ഗോള്‍നേട്ടത്തോടെ ഗംഭീരമാക്കി.
ക്വാര്‍ട്ടറില്‍ സി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായ ഇറ്റലിയെയാണ് ഇംഗ്ലണ്ട് നേരിടുക.നിലവിലെ ജേതാക്കളായ സ്‌പെയിനാണ് ഫ്രാന്‍സിന്റെ ക്വാര്‍ട്ടര്‍ എതിരാളികള്‍
മികച്ച ഫോമിലുള്ള ഫ്രാന്‍സിനെ വെള്ളം കുടിപ്പിച്ചായിരുന്നു സ്വീഡന്റെ കളി.ഗോള്‍ ശ്രമങ്ങള്‍ സജീവമായതല്ലാതെ വലകുലുങ്ങാന്‍ രണ്ടാം പകുതിവരെ കാത്തിരിക്കേണ്ടി വന്നു. ഫ്രഞ്ച് കളി ചൂടുപിടിക്കുന്നതിനിടെ 54ാം മിനിറ്റില്‍ ഇബ്രയുടെ വകയായിരുന്നു ഗോള്‍ പിറന്നത്. വിങ്ങിലൂടെ കുതിച്ചെത്തിയ സെബാസ്റ്റ്യന്‍ ലാര്‍സന്‍ നല്‍കിയ വോളി അസാമാന്യ മികവോടെ സിസര്‍കട്ടിലൂടെ വലയിലേക്ക് മറിച്ചിട്ടായിരുന്നു സ്വീഡന്റെ ഗോള്‍. ഗാലറിയെ പ്രകമ്പനംകൊള്ളിച്ച ഗോളിലൂടെ ഇബ്ര സ്വീഡന് മുന്‍തൂക്കം നല്‍കി. ഫ്രാന്‍സിന്റെ സമനില ശ്രമത്തിനിടെയാണ് രണ്ടാം ഗോള്‍ പിറന്നത്. ഇഞ്ച്വറി ടൈമില സെബാസ്റ്റ്യന്‍ ലാര്‍സനാണ് ഗോള്‍ നേടിയത്. പോസ്റ്റില്‍ തട്ടി റീബൗണ്ട് ചെയ്ത പന്ത് കാത്തു നിന്ന ലാര്‍സന്‍ ഞൊടിയിടയില്‍ വലക്കകത്ത് കയറ്റുകയായിരുന്നു..
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല