സ്വന്തം ലേഖകന്‍: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ തകര്‍പ്പന്‍ ജയം നേടി ഇന്ത്യ; വിജയവും മാച്ച് ഫീയും കേരളത്തിന് സമര്‍പ്പിച്ച് കോഹ്‌ലിയും സംഘവും. 203 റണ്‍സിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്. മത്സരത്തില്‍ 515 റണ്‍സ് പിന്തുടര്‍ന്ന് ഇംഗ്ലണ്ടിന്റെ പോരാട്ടം 317 റണ്‍സില്‍ അവസാനിച്ചു.
ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറയാണ് 5വിക്കറ്റ് വീഴ്ത്തിയത്. ബുംറയുടെ വിക്കറ്റ് നേട്ടമാണ് രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യയുടെ വിജയമൊരുക്കിയത്. ഈ ജയത്തോടെ പരമ്പരയില്‍ ഇന്ത്യ സാധ്യത നിലനിര്‍ത്തി (21). ഇംഗ്ലണ്ടില്‍ ഇന്ത്യയുടെ ഏഴാമത്തെ ടെസ്റ്റ് വിജയമാണിത്.
ഇംഗ്ലണ്ടിനെതിരായ മൂന്നാം മല്‍സരത്തിലെ മുഴുവന്‍ മാച്ച് ഫീസും കേരളത്തിനായി ടീം നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. മാച്ച് ഫീയായി ടീമിന് രണ്ടു കോടി രൂപയോ അതില്‍ കൂടുതലോ തുക ലഭിക്കും. ഒരു ടെസ്റ്റ് മല്‍സരത്തിന് ടീമിലുള്ള താരങ്ങള്‍ക്ക് 15 ലക്ഷം രൂപയും റിസര്‍വ് താരങ്ങള്‍ക്ക് അതിന്റെ പകുതിയുമാണ് ലഭിക്കുക. ഇംഗ്ലണ്ടിനെതിരായ ട്രെന്‍ബ്രിജ് ടെസ്റ്റ് മല്‍സരത്തിനു ശേഷം വിജയം കേരളത്തിന് സമര്‍പ്പിക്കുന്നതായി ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി പറഞ്ഞിരുന്നു.
‘കേരളത്തിലെ പ്രളയബാധിതര്‍ക്കാണ് ഈ ജയം സമര്‍പ്പിക്കുന്നത്. കേരളത്തിലെ കാര്യങ്ങള്‍ കഷ്ടമാണ്. ക്രിക്കറ്റ് ടീമെന്ന നിലയ്ക്കു ഞങ്ങള്‍ക്കു ചെയ്യാന്‍ സാധിക്കുന്ന ചെറിയ കാര്യമാണിത്,’ കോഹ്‌ലി ഇംഗ്ലണ്ടില്‍ പറഞ്ഞു. നിറഞ്ഞ കയ്യടിയോടെയാണ് ഗാലറി വിരാട് കോഹ്‌ലിയുടെ പ്രസ്താവനയെ സ്വീകരിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല