1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 2, 2024

സ്വന്തം ലേഖകൻ: ബ്രിട്ടനിൽ ലണ്ടൻ മേയറെ ഉൾപ്പെടെ തിരഞ്ഞെടുക്കാനുള്ള പ്രാദേശിക തിരഞ്ഞെടുപ്പ് നാളെ. ഇംഗ്ലണ്ടിലെയും വെയിൽസിലെയും 107 ലോക്കൽ അതോറിറ്റികളിലേക്കാണ് തിരഞ്ഞെടുപ്പ്. പല സ്ഥലങ്ങളിലെയും പൊലീസ് ആൻഡ് ക്രൈം കമ്മിഷണർമാരുടെ തിരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കും. പൊതു തിരഞ്ഞെടുപ്പിന് തൊട്ടു മുൻപുള്ള പ്രാദേശിക തിരഞ്ഞെടുപ്പിനെ ജനറൽ ഇലക്ഷന്റെ സെമി ഫൈനലായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

പ്രാദേശിക തിരഞ്ഞെടുപ്പിൽ ഏറെ വാർത്താപ്രാധാന്യം നേടുന്നത് ലണ്ടൻ മേയറുടെ തിരഞ്ഞെടുപ്പാണ്. മൂന്നാം വട്ടവും സാദിഖ് ഖാൻ തന്നെ മേയറാകുമോ എന്നറിയാനാണ് ഏവരുടെയും ആകാംഷ. ലണ്ടനു പുറമെ മറ്റ് പത്ത് പ്രധാന നഗരങ്ങളുടെ മേയർമാരെയും നാളെ ജനം തിരഞ്ഞെടുക്കും. കൺസർവേറ്റീവ് എംപി സ്കോട്ട് ബെന്റൺ രാജിവച്ച ഒഴിവിൽ ബ്ലാക്ക്പൂൾ സൗത്ത് മണ്ഡലത്തിൽ പാർലമന്‍റ് ഉപതിരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കുന്നുണ്ട്. 37 പൊലീസ് ആൻഡ് ക്രൈം കമ്മിഷണർമാരെയാണ് ജനം വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നത്. സ്കോട്ട്ലൻഡിലും നോർതേൺ അയർലൻഡിലും ഇപ്പോൾ തിരഞ്ഞെടുപ്പില്ല.

ബ്രിട്ടനിൽ കൂടുതൽ ആളുകളും പോസ്റ്റൽ വോട്ടുകളാണ് ചെയ്യുന്നത്. നാളെ രാവിലെ മുതൽ രാത്രി പത്തുവരെ പോളിങ് സ്റ്റേഷനുകളിൽ നേരിട്ടെത്തിയും വോട്ടുചെയ്യാം. പോസ്റ്റൽ വോട്ട് വൈകിയവർക്ക് ഇത് രേഖപ്പെടുത്തി പോളിങ് സ്റ്റേഷനിൽ നേരിട്ടെത്തിയും സമർപ്പിക്കാൻ അവസരമുണ്ട്. മെഡിക്കൽ എമർജൻസി ഉൾപ്പെടെയുള്ള സാഹചര്യങ്ങളിൽ പ്രോക്സി വോട്ടുകൾക്ക് വോട്ടെടുപ്പു ദിവസം വൈകിട്ട് അഞ്ചുമണിവരെ പോലും ആളെ നിർദേശിക്കാം.

18 വയസ്സ് കഴിഞ്ഞവർക്കാണ് വോട്ടവകാശം, വോട്ടർപട്ടികയിൽ റജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് മാത്രമേ ഇതിന് അവസരം ഉണ്ടാകൂ. ബ്രിട്ടിഷ് പൗരന്മാർക്കു പുറമെ ഐറീഷ് പൗരന്മാർ, യൂറോപ്യൻ യൂണിയൻ അംഗങ്ങൾ, കോമൺ വെൽത്ത് രാജ്യങ്ങളിൽനിന്നും ബ്രിട്ടനിൽ താമസിക്കുന്നവർ എന്നിവർക്കും അഡ്രസ് പ്രൂഫ് ഉണ്ടെങ്കിൽ വോട്ടർ പട്ടികയിൽ പേരു ചേർക്കാം. ഏതെങ്കിലും തിരിച്ചറിയൽ രേഖയുമായി വേണം വോട്ടർമാർ പോളിങ് ബൂത്തിലെത്താൻ. പാസ്പോർട്ടും ഡ്രൈവിങ് ലൈസൻസും ഉൾപ്പെടെ 22 തരം തിരിച്ചറിയൽ രേഖകൾ ഇതിനായി ഉപയോഗിക്കാം.

ടൗൺ പാരിഷ് കൗൺസിൽ, ഡിസ്ട്രിക്ട് കൗൺസിൽ, കൗണ്ടി കൗൺസിൽ, യൂണിറ്ററി അതോറിറ്റി എന്നിങ്ങനെ വിവിധ കൗൺസിലുകളിലേക്കുള്ള തിരഞ്ഞെടുപ്പാണ് നാളെ നടക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആകെ 989 സീറ്റുകൾ നേടിയ കൺസർവേറ്റീവ് പാർട്ടിക്കായിരുന്നു നേട്ടം. ലേബറിന് ലഭിച്ചത് 973 സീറ്റുകളാണ്. ലിബറൽ ഡെമോക്രാറ്റ്- 418, സ്വതന്ത്രർ-135, ഗ്രീൻ പാർട്ടി-107, റസിഡന്റ്സ് അസോസിയേഷനുകൾ -37 എന്നിങ്ങനെയായിരുന്നു മറ്റ് സീറ്റു നില.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.