സ്വന്തം ലേഖകൻ: അടുത്തയാഴ്ച ദേശീയ ലോക്ക്ഡൌൺ അവസാനിക്കുമ്പോൾ ഇംഗ്ലണ്ടിലെ 99% ജനസംഖ്യയും ഏറ്റവും കഠിനമായ രണ്ട് കൊറോണ വൈറസ് ടിയറുകളിൽ ഉൾപ്പെടാൻ സാധ്യത തെളിയുന്നു. ഇതോടെ ബോറിസ് ജോൺസൺ സ്വന്തം എംപിമാരിൽ നിന്ന് കടുത്ത രോഷം നേരിടുമെന്ന് ഉറപ്പായി. കർശനമായ നിയന്ത്രണങ്ങൾ കൊണ്ട് കൊവിഡ് വ്യാപനം കുറയ്ക്കുന്നതിനെക്കുറിച്ച് പുനർവിശകലനം ചെയ്യണമെന്ന് നിരവധി മുതിർന്ന കൺസർവേറ്റീവുകൾ സർക്കാരിനോട് ഇതിനകം ആവശ്യപ്പെട്ടിട്ടുണ്ട് .
കടുത്ത നിയന്ത്രണങ്ങൾ ജനങ്ങളുടെ ഉപജീവനത്തിലും ബിസിനസ്സ് സമൂഹത്തിലും ഏൽപ്പിക്കുന്ന ആഘാതം സർക്കാർ അവഗണിക്കുന്നതായാണ് ആരോപണം. ഇംഗ്ലണ്ടിന്റെ ജനസംഖ്യയുടെ 57.3 ശതമാനം വരുന്ന 32 ദശലക്ഷം ആളുകൾ ടയർ 2 ൽ ഉൾപ്പെടും. എന്നാൽ 23.3 ദശലക്ഷം ആളുകൾ, ഏതാണ്ട് 41.5 ശതമാനം , ഡിസംബർ 2 മുതൽ ടയർ 3 ന്റെ കീഴിലേക്ക് നീങ്ങുകയാണ്.
മിഡ്‌ലാന്റ്സ്, നോർത്ത് ഈസ്റ്റ്, നോർത്ത് വെസ്റ്റ് എന്നിവയുടെ വലിയ ഭാഗങ്ങൾ കടുത്ത നിയന്ത്രണങ്ങൾക്ക് കീഴിലാകും. ടേക്ക്‌അവേ അല്ലെങ്കിൽ ഹോം ഡെലിവറി സേവനങ്ങൾ നൽകാൻ കഴിയുന്നില്ലെങ്കിൽ, ക്രിസ്മസ് ഉത്സവ കാലത്ത് ഹോസ്പിറ്റാലിറ്റി ബിസിനസുകൾ അടച്ചിടേണ്ടി വരും. കൂടാതെ വ്യത്യസ്ത വീട്ടുകാർ തമ്മിൽ ഒത്തുചേരുന്നതും വിലക്കിയിരിക്കുന്നു.
പുതുക്കിയ കൊറോണ വൈറസ് ടിയറുകൾ സംബന്ധിച്ച് കൺസർവേറ്റീവ് എംപിമാർക്കിടയിൽ വർദ്ധിച്ചുവരുന്ന പ്രതിഷേധം നേരിടാൻ ബോറിസ് ജോൺസൺ ശ്രമം തുടങ്ങി. ബ്രിട്ടീഷുകാരിൽ ഭൂരിഭാഗവും കടുത്ത നിയന്ത്രണങ്ങളെ പിന്തുണയ്ക്കുന്നുവെന്ന് ജോൺസൺ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. സ്കൈ ന്യൂസിന്റെ ഒരു കണക്കനുസരിച്ച്, കുറഞ്ഞത് 50 ടോറി എംപിമാർ ടിയറുകളിലെ കടുത്ത നിയന്ത്രണങ്ങളെക്കുറിച്ചുള്ള ആശങ്കകൾ പരസ്യമായി പ്രകടിപ്പിച്ചു കഴിഞ്ഞു. ടിയർ സംവിധാനം ഒരു വോട്ടെടുപ്പിന് വരുന്ന സാഹചര്യത്തിൽ പിന്തുണയ്ക്കാൻ സാധ്യതയില്ലെന്നും ഇടഞ്ഞു നിൽക്കുന്ന ഈ എംപിമാർ സൂചന നൽകുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല