സ്വന്തം ലേഖകൻ: ഇംഗ്ലണ്ടിലെ ഹെൽത്ത് കെയർ ജീവനക്കാർ നേരിടുന്നത് ഭയാനകമായ ചൂഷണമാണെന്ന് സർക്കാർ ഉപദേശകനായ പ്രെഫ. ബ്രയാന്‍ ബെല്‍. മൈഗ്രേഷന്‍ അഡൈ്വസറി കമ്മിറ്റിയുടെ ചെയര്‍മാനായി ആഭ്യന്തര സെക്രട്ടറി സുവല്ല ബ്രാവര്‍മാന്‍ വീണ്ടും നിയമിച്ചയാളാണ് പ്രൊഫ. ബ്രയാന്‍ ബെല്‍. ഹെൽത്ത് കെയർ മേഖലയിലെ ജീവനക്കാർക്കെതിരെ നടക്കുന്ന തൊഴിൽ ചൂഷണത്തെ സര്‍ക്കാര്‍ നിശബ്ദമായി അംഗീകരിക്കുന്നത് ഭയാനകമാണെന്ന് ബ്രയാന്‍ ബെല്‍ പറഞ്ഞു.
കെയര്‍ വര്‍ക്കര്‍മാരുടെ ജീവിതം മെച്ചപ്പെടുത്തുന്നതില്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയറിന് (ഡി.എച്ച്.എസ്.സി)ക്ക് താല്‍പ്പര്യമില്ലെന്ന് കണ്ടു വരുന്നതായും ബ്രയാന്‍ ബെല്‍ കുറ്റപ്പെടുത്തി. കെയര്‍ മേഖലയിലെ തൊഴിലാളി ക്ഷാമം വളരെ രൂക്ഷമായതിനാല്‍ ഉയര്‍ന്ന ശമ്പളമുള്ള തൊഴിലാളികളെ ലക്ഷ്യമിട്ടുള്ള ആരോഗ്യ, സാമൂഹിക പരിപാലന വീസ ഉപയോഗിച്ച് വിദേശത്ത് നിന്ന് ജീവനക്കാരെ കൊണ്ടുവരാന്‍ തൊഴിലുടമകളെ അനുവദിക്കണമെന്ന് 2021 ൽ മൈഗ്രേഷന്‍ അഡൈ്വസറി കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു.
മിക്ക ജോലികള്‍ക്കും ബാധകമായ 26,200 പൗണ്ട് എന്നതിനേക്കാള്‍ കുറഞ്ഞ ശമ്പളത്തില്‍ ജീവനക്കാരെ കൊണ്ടുവരാന്‍ അനുവദിക്കുന്ന കെയർ അസിസ്റ്റന്റ് ജോലിയും ക്ഷാമ തൊഴില്‍ പട്ടികയില്‍ ചേര്‍ത്തു. എന്നാല്‍ മൈഗ്രേഷന്‍ ഒരു താല്‍ക്കാലിക പരിഹാരം മാത്രമായിരിക്കണമെന്ന് ബെല്ലും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും സര്‍ക്കാരിനോട് അന്ന് പറഞ്ഞിരുന്നു. തുടര്‍ന്ന് കൂടുതല്‍ യുകെ ജീവനക്കാരെ മേഖലയിലേക്ക് ആകര്‍ഷിക്കാന്‍ വേതനം വർധിപ്പിക്കാൻ ഏപ്രിലിൽ സർക്കാരിനോട് ആവശ്യപ്പെട്ടു. എന്നാൽ മാറ്റങ്ങൾ ഉണ്ടായിട്ടില്ല.
എന്നാൽ കെയർ ഹോമുകളിൽ ജീവനക്കാരിൽ ചിലർക്ക് ലഭിക്കുന്ന കുറഞ്ഞ ശമ്പളത്തെ കുറിച്ചും തൊഴിൽ സാഹചര്യത്തെ കുറിച്ചും താനും തന്റെ സഹപ്രവര്‍ത്തകരും ആശങ്കാകുലരാണെന്ന് ബെല്‍ പറഞ്ഞു. മാതൃരാജ്യത്തെ ഉപേക്ഷിച്ചാണ് പലരും ഇവിടെയെത്തുന്നത്. അതിനാൽ പല തൊഴിലുടമകളും അത്തരത്തിൽ എത്തുന്നവരെ വലിയ തോതില്‍ കുറഞ്ഞ ശമ്പളം നൽകി ചൂഷണം ചെയ്യുകയാണ്. ഇക്കഴിഞ്ഞ മാര്‍ച്ച് വരെ കെയര്‍ വര്‍ക്കര്‍മാര്‍ക്കായി ഏകദേശം 58,000 വീസകളും നഴ്‌സുമാര്‍ക്കും മറ്റ് ആരോഗ്യ പരിപാലന ജീവനക്കാര്‍ക്കും 40,000 വീസകളുമാണ് അനുവദിച്ചത്.
കെയർ ജീവനക്കാർ ഉൾപ്പെടുന്ന യൂണിസൺ യൂണിയൻ കണ്ടെത്തിയത് ഹെല്‍ത്ത് കെയര്‍ തൊഴിലാളികള്‍ക്ക് യുകെയില്‍ ജോലിയും താമസവും കണ്ടെത്തുന്നതിന് 10,000 പൗണ്ടിൽ കൂടുതല്‍ ഫീസ് ഈടാക്കുന്നതായാണ്. ഇടനിലക്കാരായ ചിലരാണ് കെയർ ഹോമുകൾ പോലും അറിയാതെ ഇത്തരത്തിൽ ഫീസുകൾ വാങ്ങിയത്. ചിലയിടങ്ങളിൽ കെയർ ഹോം മാനേജ്മെന്റിന്റെ മൗന പിന്തുണയും ഉണ്ട്.
വിദേശ തൊഴിലാളികളെ ചൂഷണം ചെയ്യാന്‍ കെയര്‍ ഹോം ഉടമകളെ പ്രാപ്തരാക്കുന്നത് സർക്കാർ സംവിധാനങ്ങളുടെ പോരായ്മയാണെന്ന് യൂണിസണിന്റെ അസിസ്റ്റന്റ് ജനറല്‍ സെക്രട്ടറി ജോണ്‍ റിച്ചാര്‍ഡ്‌സ് പറഞ്ഞു. ഇവിടെയെത്തുമ്പോൾ ദുർബലരായി പോകുന്ന വിദേശ തൊഴിലാളികളെ ചൂഷണം ചെയ്യുന്ന കെയർ ഹോം ഉടമകളുടെ ഭയാനകമായ നടപടികളെ കുറിച്ച് സര്‍ക്കാരിന് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയെങ്കിലും ഒരു സംരക്ഷണവും തുടർനടപടികളും ഉണ്ടായിട്ടില്ലെന്നും ജോണ്‍ റിച്ചാര്‍ഡ്‌സ് കൂട്ടിച്ചേർത്തു.
ഇംഗ്ലണ്ടിലെ കെയര്‍ മേഖലയില്‍ മോഡേണ്‍ സ്ലേവറി അഥവാ ആധുനിക അടിമത്തം കഴിഞ്ഞ വര്‍ഷം ഇരട്ടിയായെന്ന ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്തു വന്നിരുന്നു. ഇത് പ്രകാരം 2022 ല്‍ 109 പേരാണ് വ്യക്തിപരമായതോ അല്ലെങ്കില്‍ സാമ്പത്തിക പരമായതോ ആയ നേട്ടങ്ങള്‍ക്കായി ചൂഷണം ചെയ്യപ്പെട്ടിരിക്കുന്നത്. സര്‍ക്കാര്‍ അംഗീകൃത ആന്റി-സ്ലേവറി ഹെല്‍പ് ലൈനില്‍ നിന്നാണ് ഇതു സംബന്ധിച്ച കണക്കുകള്‍ പുറത്തു വന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല