
സ്വന്തം ലേഖകൻ: ശമ്പള വർധന ആവശ്യപ്പെട്ട് ഇംഗ്ലണ്ടിലെ എൻഎച്ച്എസ് ജൂനിയർ ഡോക്ടർമാരുടെ പണിമുടക്ക് ഇന്ന് മുതൽ. പണിമുടക്കിനെ തുടർന്നു എൻഎച്ച്എസ് സേവങ്ങളിൽ പ്രതിസന്ധി രൂക്ഷമാകും. ശമ്പള വർധന സംബന്ധിച്ച് മേയിൽ നടന്ന ചർച്ചകൾ പരാജയപ്പെട്ടതിനാലാണ് വീണ്ടും 72 മണിക്കൂർ പണിമുടക്കിലേക്ക് ജൂനിയർ ഡോക്ടർമാർ നീങ്ങിയത്.
ബുധനാഴ്ച രാവിലെ 7 മുതൽ ജൂൺ 17 ശനിയാഴ്ച രാവിലെ 7 വരെയാണ് പണിമുടക്ക്. ഡോക്ടർമാരുടെയും മെഡിക്കൽ വിദ്യാർഥികളുടെയും യൂണിയനായ ബ്രിട്ടിഷ് മെഡിക്കൽ അസോസിയേഷൻ (ബിഎംഎ) ആണ് പണിമുടക്ക് പ്രഖ്യാപിച്ചത്. സർക്കാർ പ്രതിനിധികളുമായി നടന്ന ചർച്ചകൾക്ക് ശേഷം 5% വർധനവെന്ന സർക്കാർ വാഗ്ദാനം “വിശ്വസനീയമല്ല” എന്ന് ബിഎംഎ പറഞ്ഞു.
പണിമുടക്ക് പിൻവലിച്ചാൽ മാത്രമേ ശമ്പള ചർച്ച തുടരാനാകൂവെന്ന് സർക്കാർ പ്രതിനിധികൾ പറഞ്ഞു. ശമ്പള വർധന ആവശ്യപ്പെട്ടതിന് ശേഷമുള്ള ജൂനിയർ ഡോക്ടർമാരുടെ മൂന്നാമത്തെ പണിമുടക്കാണ് ഇന്നു മുതൽ ആരംഭിക്കുന്നത്. മാർച്ചിലും ഏപ്രിലിലും ജൂനിയർ ഡോക്ടർമാർ പണിമുടക്ക് നടത്തിയിരുന്നു. എന്നാൽ സർക്കാർ ബിഎംഎ യുമായി നടത്തിയ ചർച്ചകൾക്ക് ശേഷം വാഗ്ദാനം ചെയ്ത 5% ശമ്പള വർധന ന്യായമാണെന്ന് സർക്കാർ പ്രതിനിധികൾ പറഞ്ഞു. ചർച്ചകൾ നടന്നുകൊണ്ടിരിക്കുമ്പോൾ ബിഎംഎ പണിമുടക്ക് പ്രഖ്യാപിച്ചത് നിരാശാജനകമാണന്നും സർക്കാർ പ്രതിനിധികൾ ചൂണ്ടിക്കാട്ടി. 35% വർധനയാണ് ബിഎംഎ ആവശ്യപ്പെടുന്നത്.
ഇംഗ്ലണ്ടിലെ ആശുപത്രികളിൽ ഡോക്ടർ, ജിപി എന്നിവരിൽ പകുതിയും ജൂനിയർ ഡോക്ടർമാരാണ്. യുകെയിലെ 46,000 ജൂനിയർ ഡോക്ടർമാരാണ് പണിമുടക്കിനു നേതൃത്വം നൽകുന്ന ബിഎംഎയിൽ ഉള്ളത്. അതിനാൽ ജൂനിയർ ഡോക്ടർമാർമാരുടെ പണിമുടക്ക് എൻഎച്ച്എസിൽ കാര്യമായ പ്രതിസന്ധികൾ ഉണ്ടാക്കും. വലിയ പ്രത്യാഘാതമാണ് ജനങ്ങളെ കാത്തിരിക്കുന്നതെന്നാണ് എന്‍എച്ച്എസ് മേധാവികളുടെ പ്രഖ്യാപനം. രാജ്യത്ത് താപനില 30 ഡിഗ്രി സെല്‍ഷ്യസിലേക്ക് ഉയര്‍ന്നതോടെ പ്രായമായവര്‍ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പും വന്നിട്ടുണ്ട്.
ആയിരക്കണക്കിന് അപ്പോയിന്റ്മെന്റുകളും, ഓപ്പറേഷനുകളും ഇതിനോടകം തന്നെ റദ്ദാക്കേണ്ടി വന്നതായി എന്‍എച്ച്എസ് മേധാവികള്‍ വ്യക്തമാക്കി. ഏപ്രിലില്‍ നടന്ന അവസാന പണിമുടക്കില്‍ ഏകദേശം 27,000 പേരാണ് സമരമുഖത്ത് ഇറങ്ങിയത്. 196,000 അപ്പോയിന്റ്മെന്റുകള്‍ അന്ന് മാറ്റിവെയ്ക്കേണ്ടതായി വന്നു. ശമ്പളത്തിന്റെ പേരില്‍ യൂണിയന് നേതാക്കളും, മന്ത്രിമാരും തമ്മിലുള്ള തര്‍ക്കങ്ങള്‍ അവസാനിപ്പിക്കാന്‍ അടിയന്തര നടപടി വേണമെന്ന ആവശ്യം പൊതുവിൽ ഉയരുന്നുണ്ട്.
രോഗികള്‍ക്ക് നല്കുന്ന പരിചരണത്തെയും, വെയ്റ്റിങ് ലിസ്റ്റിനെയും പണിമുടക്ക് സാരമായി ബാധിക്കുമെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് മെഡിക്കല്‍ ഡയറക്ടര്‍ പ്രഫസര്‍ സ്റ്റീഫന്‍ പോവിസ് വ്യക്തമാക്കി. സർക്കാർ മെച്ചപ്പെട്ട ശമ്പള വർധന നൽകിയില്ലങ്കിൽ വേനൽക്കാലം മുഴുവൻ പണിമുടക്കുകൾ തുടരുമെന്ന് ബിഎംഎ മുന്നറിയിപ്പ് നൽകി. ഓഗസ്റ്റിൽ പണിമുടക്ക് നടത്താനുള്ള അവകാശം അവസാനിക്കുന്നത് വരെ മാസത്തിൽ കുറഞ്ഞത് മൂന്ന് ദിവസത്തെ പണിമുടക്ക് നടത്തുമെന്നാണ് മുന്നറിയിപ്പ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല