സ്വന്തം ലേഖകൻ: എൻഎച്ച്എസ് ഇംഗ്ലണ്ടിന്റെ ചരിത്രത്തിൽ ആദ്യമായി കഴിഞ്ഞമാസം സീനിയർ, ജൂനിയർ ഡോക്ടർമാർ സംയുക്തമായി നടത്തിയ സമരം പല ആശുപത്രികളുടേയും സാധാരണ പ്രവർത്തനങ്ങളെ കാര്യമായി ബാധിച്ചിരുന്നു. വേതന വർദ്ധനവ് ആവശ്യവുമായി ബന്ധപ്പെട്ട് സർക്കാർ ചർച്ചയ്ക്ക് തയ്യാറാകാത്ത അവസരത്തിൽ, ഓട്ടം സീസണിലും ഇംഗ്ലണ്ടിലെ ജൂനിയർ ഡോക്‌ടർമാരും കൺസൾട്ടന്റുമാരും പ്രതിഷേധം രൂക്ഷമാക്കുന്നതിന്റെ ഭാഗമായി പണിമുടക്കും.
ആദ്യഘട്ട സമരത്തിന്റെ ഭാഗമായി ഒക്‌ടോബർ 2 മുതൽ 4 വരെ ജൂനിയർ ഡോക്ടർമാരും സീനിയർ ഡോക്‌ടർമാരും അഥവാ കൺസൾട്ടന്റുമാരും പണിമുടക്കും. സമരം തുടരുന്നതിന് അനുകൂലമായി ജൂനിയർ ഡോക്ടർമാർ വോട്ട് ചെയ്തതിന് ശേഷം ഇതാദ്യമായാണ് വീണ്ടും സംയുക്ത വാക്കൗട്ട്. ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ (ബിഎംഎ) ബാലറ്റിൽ, സമരത്തെ അനുകൂലിച്ച് സീനിയർമാർ 71% ജൂനിയര്മാർ 98% പേർ അനുകൂലമായി വോട്ട് ചെയ്തു. ഇത് യൂണിയന് പുതിയ ആറ് മാസം കൂടി ആവശ്യമെങ്കിൽ സമരം നടത്തുന്നതിനുള്ള അനുവാദം നൽകുന്നു.
ജൂനിയർ ഡോക്ടർമാർ ഈ വർഷം ഇതിനകം അഞ്ച് വാക്കൗട്ടുകൾ നടത്തിയിട്ടുണ്ട്, സെപ്തംബർ 20 മുതൽ 5 ദിന പണമുടക്ക് നടത്തി. ഇതിന്റെ ആദ്യ ദിവസം കൺസൾട്ടന്റുമാരുടെ വാക്കൗട്ടുമായി സംയുക്ത സമരവുമായി. രണ്ട് ഗ്രൂപ്പുകളും ഒരുമിച്ച് സമരം ചെയ്യുമ്പോൾ, അത്യാഹിത വിഭാഗത്തിലെ ജീവനക്കാർക്ക് ഫുൾ ഡ്യൂട്ടിയും വാർഡുകളിൽ അത്യാവശ്യ സേവനങ്ങളും മാത്രമാകും നടത്തുക.
ജൂനിയർ ഡോക്ടർമാർക്ക് 15 വർഷത്തെ വിലക്കയറ്റത്തിന് ആനുപാതികമായി വേതന വർദ്ധനവ് നൽകാൻ 35% ശമ്പള വർദ്ധനവ് ആവശ്യമാണെന്ന് BMA പറയുന്നു. സർക്കാർ ജൂനിയർ ഡോക്ടർമാർക്ക് 6% കൂടാതെ 1,250 പൗണ്ടും ഓഫർ നൽകിയിട്ടുണ്ട്. ഇത് ശരാശരി 9% ആണ്. എന്നാലിത് സ്വീകാര്യമല്ലെന്നാണ് ജൂനിയർ ഡോക്ടർമാരുടെ നിലപാട്.
സ്വതന്ത്രമായ ശമ്പള പുനരവലോകന സമിതി ശുപാർശ ചെയ്‌ത തുക നൽകാമെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു അന്തിമ ഒത്തുതീർപ്പ് എന്നതിനാൽ കൂടുതൽ ചർച്ചകളൊന്നും ഉണ്ടാകില്ലെന്ന് മന്ത്രിമാർ പറഞ്ഞു. അതേസമയം കഴിഞ്ഞവർഷം ഡിസംബർ മുതൽ NHS ജീവനക്കാരുടെ പണിമുടക്ക് കാരണം ഇതുവരെ 940,000-ലധികം അപ്പോയിന്റ്മെൻറുകളും സർജറികൾ അടക്കമുള്ള ചികിത്സകളും മാറ്റിവെക്കേണ്ടി വന്നിട്ടുണ്ട്.
ജൂനിയർ ഡോക്ടർമാർ, കൺസൾട്ടന്റുമാർ, നഴ്സുമാർ, ആംബുലൻസ് ജീവനക്കാർ, ഫിസിയോകൾ, റേഡിയോഗ്രാഫർമാർ എന്നിവരും 2022 ലെ സമരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. എന്നാൽ ചർച്ചകളേയും ഓഫറുകളേയും തുടർന്ന് ഡോക്ടർമാരുടേത് ഒഴികെയുള്ള മിക്ക ആരോഗ്യ സംഘടനകളും പണിമുടക്ക് അവസാനിപ്പിച്ചു.
എൻഎച്ച്എസ് ഇംഗ്ലണ്ടും മന്ത്രിമാരും ഡോക്ടർമാരുടെ പണിമുടക്കുകളാണ് ചികിത്സയ്ക്കായി കാത്തിരിക്കുന്നവരുടെ എണ്ണം കുത്തനെ വർധിക്കാൻ കാരണമെന്ന് പറഞ്ഞു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഹോസ്പിറ്റൽ വെയ്റ്റിംഗ് ലിസ്‌റ്റ് ആദ്യമായി 7.5 ദശലക്ഷത്തിലെത്തി, അതായത് ഏഴിൽ ഒരുരോഗി എന്നനിലയിൽ ഇപ്പോഴും ചികിത്സയ്ക്കായി ആശുപത്രി വെയ്റ്റിംഗ് ലിസ്റ്റിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല