സ്വന്തം ലേഖകൻ: ഇംഗ്ലണ്ടിലെ സ്കൂളുകളിൽ മൊബൈല്‍ ഫോണുകളുടെ നിരോധനം ഏര്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ് ഒരുങ്ങുന്നതായി സൂചന. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വിദ്യാഭ്യാസ സെക്രട്ടറി ഗിലിയാന്‍ കീഗന്‍ നടത്തുമെന്നാണ് സൂചന. ക്ലാസെടുക്കുന്ന സമയം, ബ്രേക്ക് സമയം എന്നിവ ഉള്‍പ്പെടെ മൊബൈല്‍ ഫോണ്‍ ഉപയോഗം നിയമവിരുദ്ധമായി മാറ്റാനാണ് തീരുമാനം. സ്മാര്‍ട്ട്‌ഫോണ്‍ മൂലമുള്ള തടസ്സങ്ങള്‍ അവസാനിപ്പിക്കാനും കുട്ടികൾ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുമാണ് വിദ്യാഭ്യാസ സെക്രട്ടറിയുടെ നീക്കം.
ഇംഗ്ലണ്ടിലെ എല്ലാ സ്‌കൂളുകള്‍ക്കും ഇക്കാര്യത്തില്‍ പുതിയ നിര്‍ദ്ദേശങ്ങള്‍ അയക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പിൽ നിന്നും ലഭിക്കുന്ന സൂചന. കുട്ടികളുടെ ശ്രദ്ധ തെറ്റിക്കുന്നതിലും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതിലും മൊബൈല്‍ ഫോണുകള്‍ ഗുരുതരമായ വെല്ലുവിളിയാണ് ഉയര്‍ത്തുന്നു. കുട്ടികളും അധ്യാപകരും ഒരേ പോലെ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളില്‍ ഒന്നാണിത്. അതിനാല്‍ മൊബൈല്‍ നിരോധിച്ച് അധ്യാപകര്‍ക്ക് കരുത്ത് പകരാനാണ് വിദ്യാഭ്യാസ സെക്രട്ടറി ഒരുങ്ങുന്നത്.
ഇംഗ്ലണ്ടിൽ ചില സ്‌കൂളുകള്‍ ഇതിനോടകം തന്നെ മൊബൈല്‍ ഫോണ്‍ നിരോധിച്ചിട്ടുണ്ട്. ഉപയോഗിച്ച് പിടിക്കപ്പെട്ടാല്‍ ഫോണുകൾ തടങ്കില്‍ വയ്ക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികൾ നേരിടേണ്ടി വരുന്നുണ്ട്. എന്നാല്‍ ചിലയിടങ്ങളിൽ ഇപ്പോഴും ഫോണ്‍ ഉപയോഗം അനുവദിക്കുന്നുണ്ട്. ബ്രേക്ക് സമയങ്ങളില്‍ പ്രത്യേകിച്ചും ഇതിന് സാധിക്കുന്നുണ്ട്. ഫോണ്‍ ഉപയോഗം വ്യാപകമായി ദുരുപയോഗം ചെയ്യുന്നതായും കുട്ടികളുടെ പഠന നിലവാരത്തെ ദോഷകരമായി ബാധിക്കുന്നതായും പരാതികള്‍ ഉയർന്നു വരുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല