സ്വന്തം ലേഖകൻ: ഏറ്റവും പുതിയ കാലാവസ്ഥാ മുന്നറിയിപ്പില്‍ പറയുന്നത് ഇന്ന് ഒരു ഭീകര കൊടുങ്കാറ്റ് ബ്രിട്ടനില്‍ ആഞ്ഞടിക്കുമെന്നാണ്. മണിക്കൂറില്‍ 80 മൈല്‍ വേഗതയിലായിരിക്കും കാറ്റ് ആഞ്ഞടിക്കുക. ഇഷ എന്ന് പേര് നല്കിയിട്ടുള്ല കാറ്റിന്റെ പ്രഭാവത്താല്‍ കനത്ത മഴയും ഉണ്ടാകും. ഞായറാഴ്ച്ചയും തിങ്കളാഴ്ച്ചയും ഏതാണ്ട് രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും മഴക്ക് സാധ്യതയുണ്ട്.
ഡബ്ല്യൂ എക്സ് ചാര്‍ട്ട്സ് കാണിക്കുന്നത് പടിഞ്ഞാറു നിന്നും കിഴക്കോട്ട് മണിക്കൂറില്‍ 100 മൈല്‍ വേഗതയില്‍ കാറ്റ് ആഞ്ഞുവീശും എന്നാണ്. ഇംഗ്ലണ്ടിലും വെയ്ല്‍സിലും ഇതിന് ശക്തിയേറും. കടല്‍ത്തീരങ്ങളില്‍ കൂറ്റന്‍ തിരമാലകളും പ്രത്യക്ഷപ്പെടും. യു കെയുടെ എല്ലാ ഭാഗങ്ങളിലും മഴയുണ്ടാകും. സ്കോട്ട്ലാന്‍ഡിലായിരിക്കും അതിശക്തമായ മഴയുണ്ടാവുക എന്നും ഡബ്ല്യൂ എക്സ് ചാര്‍ട്ട്സ് പറയുന്നു.
വടക്കന്‍ സ്കോട്ട്ലാന്‍ഡില്‍ താപനില മൈനസ് 1 ഡിഗ്രി വരെയാകുമ്പോള്‍, തെക്കന്‍ സ്കോട്ട്ലാന്‍ഡിലും വടക്കന്‍ ഇംഗ്ലണ്ടിലും താപനില 2 ഡിഗ്രിയില്‍ തുടരും. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും മിഡ്ലാന്‍ഡ്സിലും താപനില 3 ഡിഗ്രി ആയിരിക്കും. വെയ്ല്‍സിലും തെക്കന്‍ ഇംഗ്ലണ്ടിലും താപനില 5 ഡിഗ്രി വരെ ആയി ഉയരും. വരുന്ന അഞ്ച് ദിവസത്തെ കാലാവസ്ഥ പ്രവചിച്ചുകൊണ്ട് മെറ്റ് ഓഫീസ് വക്താവ് പറഞ്ഞത് ഇന്ന് അങ്ങിങ്ങായി മഴപെയ്യും എന്നാണ്.
പടിഞ്ഞാറന്‍ മേഖലയിലാണ് കൂടുതല്‍ മഴ ലഭിക്കുക. ഇംഗ്ലണ്ടിന്റെ കിഴക്കന്‍ പ്രദേശങ്ങളും സ്കോട്ട്ലാന്‍ഡും ഇന്ന് തരതമ്യേന വരണ്ട കാലാവസ്ഥ ദര്‍ശിക്കും. ഇന്ന് വൈകിട്ടത്തോടെ കാറ്റ് ശക്തി പ്രാപിക്കും പടിഞ്ഞാറന്‍ മേഖലയില്‍ കനത്ത മഴയുണ്ടാകും. എന്നാല്‍, കിഴക്കന്‍ മേഖലയില്‍ താരതമ്യേന വരണ്ട കാലാവസ്ഥയായിരിക്കും. ഞായറാഴ്ച്ച പൊതുവെ വരണ്ട കാലാവസ്ഥയായിരിക്കുമെങ്കിലും പടിഞ്ഞാറു നിന്ന് ഇഷ കൊടുങ്കാറ്റ് എത്തുന്നതോടെ കനത്ത മഴയും മഞ്ഞുവീഴ്ച്ചയും ഉണ്ടാകും.
തിങ്കളാഴ്ച്ച ഇടക്കിടെ തെളിഞ്ഞ കാലാവസ്ഥ അനുഭവപ്പെടുമെങ്കിലും കനത്ത മഴയും ഇടയ്ക്ക് പ്രതീക്ഷിക്കാം. ചൊവ്വാഴ്ച്ചയും കാറ്റും മഴയും തുടരും. ബുധനാഴ്ച്ചയോടെ കാറ്റിന്റെ വേഗത കുറയുകയും വരണ്ട കാലാവസ്ഥ അനുഭവപ്പെടുകയും ചെയ്യും.
അതേസമയം, മെറ്റ് ഓഫീസിന്റെ ഫെബ്രുവരി 2 വരെയുള്ള ദീര്‍ഘകാലയളവിലെ കാലാവസ്ഥാ പ്രവചനത്തില്‍ പറയുന്നത് അടുത്തയാഴ്ച്ച പകുതി വരെ അസ്ഥിരമായ കാലാവസ്ഥയായിരിക്കും എന്നാണ്. ഒട്ടുമിക്ക പ്രദേശങ്ങളിലും കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്. എന്നാല്‍, ഈയാഴ്ച്ച ഉണ്ടാകുന്നത് പോലെ ശക്തമായിരിക്കില്ല കാറ്റും മഴയും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല