സ്വന്തം ലേഖകൻ: റുവാന്‍ഡ സ്‌കീം റദ്ദാക്കിയ ലേബര്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാഴ്ത്തി അനധികൃത കുടിയേറ്റം തുടരുന്നു. കൊടും തണുപ്പിലും ഒരൊറ്റ ദിവസം ചാനല്‍ കടന്നെത്തിയത് 600-ലേറെ പേര്‍ ആണ്. വ്യാഴാഴ്ച കൊടുംതണുപ്പിനെ മറികടന്ന് 609 അനധികൃത കുടിയേറ്റക്കാര്‍ ബ്രിട്ടനില്‍ പ്രവേശിച്ചതായാണ് ഹോം ഓഫീസ് കണക്കുകള്‍ പുറത്തുവിട്ടത്.
ഡിസംബറില്‍ ഇത്തരത്തിലുള്ള കുടിയേറ്റക്കാരുടെ വരവിലെ റെക്കോര്‍ഡാണ് ഇത്. ഒക്ടോബര്‍ 18ന് 647 കുടിയേറ്റക്കാര്‍ പ്രവേശിച്ചതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഇതോടെ ലേബര്‍ അധികാരത്തില്‍ എത്തിയതിന് ശേഷം രാജ്യത്ത് പ്രവേശിച്ചവരുടെ എണ്ണം 21,000 കടന്നു. വര്‍ഷാരംഭം മുതല്‍ ഏകദേശം 35,000 പേര്‍ പ്രവേശിച്ചെന്നാണ് കണക്ക്.
കഴിഞ്ഞ വര്‍ഷത്തെ 29,090 പേരെ അപേക്ഷിച്ച് 19 ശതമാനമാണ് വര്‍ദ്ധന. 2022-ല്‍ 44,821 പേര്‍ കടന്ന് റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു. ‘ഇത് നാണക്കേടിന്റെ ദിനമാണ് ലേബറിന്. ചെറുബോട്ടുകളെ നേരിടുന്നതില്‍ ലേബര്‍ പരാജയപ്പെടുന്നുവെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്’, ഷാഡോ ഹോം സെക്രട്ടറി ക്രിസ് ഫിലിപ്പ് പറഞ്ഞു.
തുടങ്ങുന്നതിന് മുന്‍പ് റുവാന്‍ഡ് സ്‌കീം ലേബര്‍ ഗവണ്‍മെന്റ് റദ്ദാക്കി. പദ്ധതിയിട്ടത് പോലെ ജൂലൈയില്‍ റുവാന്‍ഡ വിമാനങ്ങള്‍ പറന്നുയരാന്‍ അനുവദിച്ചിരുന്നെങ്കില്‍ അനധികൃത കുടിയേറ്റക്കാര്‍ ചാനല്‍ കടക്കാന്‍ മെനക്കെടില്ലായിരുന്നുവെന്ന് ഫിലിപ്പ് ചൂണ്ടിക്കാണിച്ചു. അനധികൃത കുടിയേറ്റം നേരിടാന്‍ പരാജയപ്പെടുന്ന ലേബര്‍ അതിര്‍ത്തികള്‍ പ്രതിരോധിക്കാതെ തുറന്നിടുകയാണ്. എന്നാല്‍ ഈ പ്രതിസന്ധി ഗവണ്‍മെന്റ് ഏറ്റെടുത്തതാണെന്ന് ഡൗണിംഗ് സ്ട്രീറ്റ് വക്താവ് പ്രതികരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല