സ്വന്തം ലേഖകന്‍: ഫുട്‌ബോള്‍ മാച്ചിനിടെ മൂത്രശങ്ക അടക്കാന്‍ കഴിഞ്ഞില്ല, ഗ്രൗണ്ടില്‍ കാര്യം സാധിച്ച ഇംഗ്ലീഷ് ക്ലബിലെ ഗോള്‍കീപ്പര്‍ക്ക് ചുവപ്പ് കാര്‍ഡ്. ഇംഗ്ലണ്ടില്‍ നടന്ന നാഷണല്‍ ലീഗിനിടെ സാള്‍ഫോഡ് സിറ്റിയുടെ ഗോള്‍കീപ്പര്‍ മാക്‌സ് ക്രൊകൊംബെയാണ് ഗ്രൗണ്ടില്‍ തന്നെ കാര്യം സാധിച്ചത്. കളിക്കിടെ ഗോള്‍പോസ്റ്റിനരികില്‍ മൂത്രമൊഴിക്കുന്ന മാക്‌സിനെ റഫറിയും ക്യാമറകളും കൈയ്യോടെ പിടികൂടുകയും ചെയ്തു.
മൂത്രമൊഴിച്ചതിനുള്ള ശിക്ഷയും ചൂടോടെ തന്നെ കിട്ടി. റഫറി ചുവപ്പ് കാര്‍ഡ് കാണിച്ചതോടെ 87 മത്തെ മിനിറ്റില്‍ ഗോള്‍കീപ്പര്‍ക്ക് ഗ്രൗണ്ട് വിടേണ്ടി വന്നു. ഗോള്‍കീപ്പറുടെ ഈ മൂത്രമൊഴിക്കല്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയമാണിപ്പോള്‍. നിരവധി ട്വീറ്റുകളാണ് ഇതുമായി ബന്ധപ്പെട്ട് വരുന്നത്. ഒരാളുടെ മൂത്രമൊഴിക്കാനുള്ള അവകാശത്തെ തടഞ്ഞു എന്നൊക്കെയാണ് രസകരമായ ട്വീറ്റുകള്‍.
സംഭവം വൈറലായതോടെ സംഭവത്തില്‍ മാപ്പ് ചോദിച്ച് മാക്‌സ് തന്നെ പിന്നീട് രംഗത്തെത്തി. മൂത്രശങ്ക പിടിച്ചുവെക്കാനായില്ലെന്നും അതിനാലാണ് ഗ്രൗണ്ടില്‍ കാര്യം സാധിച്ചതെന്നും മാക്‌സ് തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചു. 2009ല്‍ നടന്ന ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെ ആഴ്‌സണലിന്റെ ജര്‍മന്‍ താരം ജെന്‍സ് ലേമാന്‍ ഗ്രൗണ്ടില്‍ വെച്ച പരസ്യ ബോര്‍ഡിന് പിറകിലേക്ക് ഓടിപ്പോയി കാര്യം സാധിച്ചതും വിവാദമായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല