സ്വന്തം ലേഖകൻ: സ്റ്റുഡന്റ് വീസക്കാര്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി ഏറ്റവും മികച്ചവര്‍ മാത്രം ഇനി രാജ്യത്തു തുടര്‍ന്നാല്‍ മതിയെന്ന ലക്ഷ്യത്തിന്റെ ഭാഗമായി സ്റ്റുഡന്റ് വീസക്കാര്‍ക്ക് ഓരോ വര്‍ഷവും ഇംഗ്ലീഷ് പരീക്ഷ. ബ്രിട്ടനില്‍ പഠിക്കാന്‍ എത്തിയെന്ന് കരുതി ഇംഗ്ലീഷ് പ്രാവീണ്യം അത്ര മികച്ചതാകണമെന്നില്ല. എന്നാല്‍ ഇനി ഇംഗ്ലീഷ് ഭാഷ മോശമാണെങ്കില്‍ അത് യുകെയില്‍ താമസിക്കുന്നതിനെ ബാധിക്കുമെന്നതാണ് അവസ്ഥ.
വിവാദമായ ഗ്രാജുവേറ്റ് വീസ റൂട്ടില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി കുടിയേറ്റ ഗ്രാജുവേറ്റുകള്‍ക്ക് എല്ലാ വര്‍ഷവും നിര്‍ബന്ധിത ഇംഗ്ലീഷ് ടെസ്റ്റ് നടത്താനാണ് ഗവണ്‍മെന്റ് അംഗീകാരം നല്‍കിയിരിക്കുന്നത്. വിദേശ വിദ്യാര്‍ത്ഥികളെ കുറഞ്ഞ വേതനം നല്‍കുന്ന ജോലികളിലേക്ക് ആകര്‍ഷിക്കുന്ന റിക്രൂട്ടിംഗ് ഏജന്റുമാര്‍ക്ക് പണികൊടുക്കാനും നയം ഉദ്ദേശിക്കുന്നു.
വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് പഠനശേഷം രണ്ട് വര്‍ഷം രാജ്യത്ത് തങ്ങാനും, ജോലി ചെയ്യാനും അനുവദിക്കുന്ന സ്‌കീമില്‍ ഈ മാറ്റങ്ങള്‍ കൂടി ഉള്‍പ്പെടുത്താനുള്ള നീക്കത്തിന് ക്യാബിനറ്റ് അംഗീകാരം നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് പുറമെ ഉയര്‍ന്ന് ഡ്രോപ്പ്ഔട്ട് നിരക്കുള്ള യൂണിവേഴ്‌സിറ്റികള്‍ക്കും, കോളേജുകള്‍ക്കും വിദേശത്ത് നിന്നും വിദ്യാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യാനുള്ള അവകാശവും നഷ്ടമാകുമെന്നാണ് മുന്നറിയിപ്പ്.
ഡിഗ്രികള്‍ കഴിഞ്ഞെത്തുന്ന വിദേശ വിദ്യാര്‍ത്ഥികളെ കുറഞ്ഞ വേതനം നല്‍കുന്ന ജോലികളിലേക്ക് ആകര്‍ഷിക്കുന്ന റിക്രൂട്ടിംഗ് ഏജന്റുമാര്‍ക്ക് തടയിടാനും നയം ഉദ്ദേശിക്കുന്നു. പലപ്പോഴും ഇവര്‍ക്ക് മിനിമം വേജില്‍ താഴെ മാത്രം ശമ്പളം കൊടുത്ത് ഒതുക്കുന്നതാണ് രീതി. ഇത്തരം ഏജന്റുമാര്‍ക്ക് ഹോം ഓഫീസ് നടപടി നേരിടേണ്ടി വരും. ഏറ്റവും മികച്ച ആളുകള്‍ മാത്രം ഗ്രാജുവേറ്റ് റൂട്ട് സ്‌കീമിലൂടെ യുകെയിലെത്തുന്നുവെന്ന് ഉറപ്പിക്കാനാണ് പുതിയ നയങ്ങള്‍ നടപ്പാക്കുന്നതെന്ന് സര്‍ക്കാര്‍ സ്രോതസ്സുകള്‍ സണ്‍ പത്രത്തോട് പറഞ്ഞു.
ഇമിഗ്രേഷന്‍ നിയന്ത്രണങ്ങളുടെ ഭാഗമായി വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് കുറഞ്ഞ നിലവാരത്തിലുള്ള കോഴ്‌സുകള്‍ ഒരുക്കുന്ന ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റികളുടെ പരിപാടി അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി റിഷി സുനാക് പദ്ധതിയിടുന്നതായി വാര്‍ത്തയുണ്ടായിരുന്നു. നിലവാരം കുറഞ്ഞ പിജി കോഴ്‌സുകള്‍ പഠിക്കുന്നതിന് വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് വിലക്ക് കൊണ്ടുവരാനാണു ശ്രമം.ഗ്രാജുവേറ്റ് വീസകള്‍ മുന്‍നിര കോഴ്‌സുകള്‍ക്ക് മാത്രമായി പരിമിതപ്പെടുത്താനാണ് സുനാകിന്റെ ശ്രമം.
യുകെയില്‍ പഠനം കഴിഞ്ഞ് രണ്ട് വര്‍ഷം ജോലി ചെയ്യാന്‍ അനുമതി നല്‍കുന്ന വീസ ലഭിക്കാനായി പണം നല്‍കുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് നിലവാരം കുറഞ്ഞ പോസ്റ്റ്ഗ്രാജുവേറ്റ് കോഴ്‌സുകള്‍ ലഭ്യമാക്കുകയാണ് ചില യൂണിവേഴ്‌സിറ്റികള്‍ ചെയ്യുന്നതെന്നാണ് സുനാക് ആശങ്കപ്പെടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല