ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ ഗോള്‍മഴയിലൂടെ ആഴ്സണലിനു വമ്പന്‍ ജയം. ബ്ളാക്ബേണ്‍ റോവേഴ്സിനെ ഒന്നിനെതിരെ ഏഴു ഗോളുകള്‍ക്കാണ് ആഴ്സണല്‍ തുരത്തിയത്. ആഴ്സണലിന്റെ ഡച്ച്താരം വാന്‍ പിയേഴ്സാണ് ഗോള്‍വര്‍ഷത്തിനു തുടക്കമിട്ടത്. കളി തുടങ്ങി രണ്ടാം മിനിറ്റില്‍ പിയേഴ്സ്, ബ്ളാക്ബേണിന്റെ ഗോള്‍ വല കുലുക്കി. മുപ്പത്തിയെട്ടാം മിനിറ്റില്‍ തന്റെ രണ്ടാം ഗോള്‍ നേടിയ പിയേഴ്സ് എതിരാളികള്‍ക്കുമേല്‍ വ്യക്തമായ ആധിപത്യം നേടിയെടുത്തു.
പിന്നീടങ്ങോട്ട് ആഴ്സണ്‍ താരങ്ങള്‍ മൈതാനത്ത് തീപ്പൊരി ചിതറിക്കുന്ന കാഴ്ചയാണ് തെളിഞ്ഞത്. ആഴ്സണലിന്റെ ഇംഗ്ളീഷ് വിംഗര്‍ അലക്സ് ചേമ്പര്‍ലെയ്ന്‍ മിനിറ്റുകളുടെ വ്യത്യാസത്തില്‍ ഇരട്ടഗോള്‍ നേടി ബ്ളാക്ബേണിനെ ഞെട്ടിച്ചു. 40, 54 മിനിറ്റുകളിലായിരുന്നു ചേമ്പര്‍ലെയ്നിന്റെ ഗോളുകള്‍ പിറന്നത്. ഇതിനിടെ 51-ാം മിനിറ്റില്‍ മൈക്കിള്‍ ആര്‍റ്റേറ്റ തന്റെ വകയായി ഒരു ഗോള്‍ ആഴ്സണലിന്റെ ഗോള്‍പട്ടികയില്‍ ചേര്‍ത്തിരുന്നു.
അറുപത്തിരണ്ടാം മിനിറ്റില്‍ തന്റെ ഹാട്രിക് ഗോള്‍ നേടി പിയേഴ്സ് ബ്ളാക്ബേണിന്റെ നെഞ്ചുപിളര്‍ത്തി. മത്സരം അവസാനിക്കാന്‍ മിനിറ്റുകള്‍ ശേഷിക്കേ ബ്ളാക്ബേണിന്റെ ശവപ്പെട്ടിയില്‍ ഏഴാം ഗോളിലൂടെ ഹെന്‍ട്രി അവസാനത്തെ ആണിയും അടിച്ചുകയറ്റി. 31-ാം മിനിറ്റില്‍ പിഡെര്‍സെനിലൂടെയാണ് ബ്ളാക്ബേണ്‍ തങ്ങളുടെ ആശ്വാസഗോള്‍ നേടിയത്. എതിരാളിയ്ക്കു ഒരു പഴുതും നല്‍കാതെയായിരുന്നു ആഴ്സണലിന്റെ കരുനീക്കം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല