സ്വന്തം ലേഖകൻ: സൗദിയിൽ ബിസിനസ് സ്ഥാപനങ്ങളും സംരഭങ്ങളും അടച്ചു പൂട്ടുന്നവർ ആദ്യം വാണിജ്യ രജിസ്ട്രേഷൻ റദ്ദാക്കണമെന്ന് മാനവവിഭവശേഷി മന്ത്രാലയം. മന്ത്രാലയത്തിന്റെ നിബന്ധനകൾക്ക് വിധേയമായാണ് രജിസ്ട്രേഷൻ റദ്ദാക്കാൻ സാധിക്കുക. മുന്നറിയിപ്പില്ലാതെ സ്ഥാപനം അടക്കുന്നത് വഴി തൊഴിലാളികൾക്കും മറ്റു കരാർ ഉടമകൾക്കും ഉണ്ടാകാവുന്ന നഷ്ടം തടയുന്നതാണ് പുതിയ നിബന്ധന.
സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നതിന് മുമ്പ് സ്ഥാപനത്തിന്റെ വാണിജ്യ രജിസ്ട്രേഷൻ റദ്ദാക്കണമെന്ന് മന്ത്രാലയത്തിന് കീഴിലുള്ള ഖിവ പ്ലാറ്റ്ഫോം വ്യക്തമാക്കി. രാജ്യത്തെ നിക്ഷേപ നിയമത്തിലും തൊഴിൽ നിയമത്തിലും അടുത്തിടെ വന്ന മാറ്റങ്ങളുടെ ചുവടുപിടിച്ചാണ് നിർദ്ദേശം. വാണിജ്യ രജിസ്ട്രേഷൻ റദ്ദാക്കുന്നതിന് മന്ത്രാലയത്തിന്റെ പതിനൊന്നിന നിബന്ധനകൾ പൂർത്തിയാക്കിരിക്കണം.
സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ജീവനക്കാരില്ലാതിരിക്കുക, സ്ഥാപനത്തിന്റെ പേരിൽ ഉപയോഗിക്കാത്ത വീസകൾ ഇല്ലാതിരിക്കുക, സേവന കൈമാറ്റ അഭ്യർഥനകൾ നിലവിൽ ഇല്ലാതിരിക്കുക, സാധുവായ തൊഴിൽ കരാർ ഇല്ലാതിരിക്കുക, അജീർ പ്ലാറ്റ് ഫോമിൽ കരാറുകളൊന്നും അവശേഷിക്കാതിരിക്കുക, വർക്ക് പെർമിറ്റുകൾ നിലവിലല്ലാതിരിക്കുക, നിയമലംഘനങ്ങൾ ഇല്ലാതിരിക്കുക, സ്ഥാപനവും തൊഴിലാളികളുമായുള്ള തൊഴിൽ തർക്കങ്ങളോ പരാതികളോ ഇല്ലാതിരിക്കുക, സാമ്പത്തിക കുടിശ്ശിക ഇല്ലാതിരിക്കുക, നികുതി സംബന്ധമായ കുടിശ്ശികയോ റിപ്പോർട്ടുകളോ സമർപ്പിക്കുന്നതിൽ വീഴ്ച വരുത്താതിരിക്കുക തുടങ്ങി നിബന്ധനകൾ പാലിച്ചാണ് വാണിജ്യ രജിസ്ട്രേഷൻ റദ്ദാക്കാൻ സാധിക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല