
ഫാ. ടോമി എടാട്ട് (പ്രെസ്റ്റൻ) : ലോകമാകെ ഉരുത്തിരിയുന്ന കോവിഡ്-19 ന്റെ ഭീഷണിയെ അതിജീവിക്കുവാൻ പരിശുദ്ധപിതാവിന്റെ ആഹ്വാനം അനുസരിച്ച് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ എല്ലാ വിശ്വാസികളും മാർച്ച് 25 ബുധനാഴ്ച ഫീസ്റ്റ് ഓഫ് അനൺസിയേഷൻ തിരുനാൾ ദിനത്തിൽ രാവിലെ 11 മണിക്ക് പരിശുദ്ധപിതാവിനോട് ചേർന്ന് ‘സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ’ എന്ന പ്രാർത്ഥന ചൊല്ലി പ്രാർത്ഥിക്കണമെന്ന് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ അറിയിച്ചു.
മാർച്ച് മാസം 27 വെള്ളിയാഴ്ച പ്രാദേശിക സമയം വൈകിട്ട് 5 മണിക്ക് മാർപ്പാപ്പയുടെ ‘ഊർബി എത് ഓർബി’ ആശീർവാദം ആത്മനാ സ്വീകരിക്കണമെന്നും ആ ദിവസം എല്ലാവരും പ്രത്യേകം പ്രാർത്ഥിച്ച് ഒരുങ്ങണമെന്നും ലോകമെമ്പാടുമുള്ള കോവിഡ് രോഗബാധിതരെയും അവരെ ശുശ്രൂഷിക്കുന്ന എല്ലാ ആരോഗ്യ പ്രവർത്തകരെയും ദൈവസന്നിധിയിൽ ചേർത്ത് അവർക്കുവേണ്ടി പ്രാർത്ഥിക്കണമെന്നും അഭിവന്ദ്യ പിതാവ് ഓർമ്മപ്പെടുത്തി.
ലോകമാസകലമുള്ള സകലവിശ്വാസസമൂഹങ്ങളോടും ചേർന്ന് ഈ പ്രാർത്ഥന ഉയർത്തുന്നത് ദൈവത്തിന്റെ കരുണ വർഷിക്കപ്പെടാൻ ഇടയാക്കുമെന്നും അത് നമ്മുടെ രാജ്യത്തെ പ്രത്യേക സാഹചര്യങ്ങളെ അതിജീവിക്കുവാൻ നമ്മുക്ക് ശക്തി പകരുമെന്നും അഭിവന്ദ്യ പിതാവ് ഓർമ്മപ്പെടുത്തി. എല്ലാ ആരോഗ്യപ്രവർത്തകരെയും, രോഗാവസ്ഥയിലൂടെ കടന്നുപോകുന്നവരെയും പ്രത്യേകമായി സഹായിക്കുവാനുള്ള നമ്മുടെ ഉത്തരവാദിത്വം മറക്കരുതേ എന്നും അത് ക്രിസ്തീയ ചൈതന്യത്തോടുകൂടി പ്രാവർത്തികമാക്കാൻ പരിശ്രമിക്കണമെന്നും അഭിവന്ദ്യ പിതാവ് അനുസ്മരിപ്പിച്ചു.
ഫാ. ടോമി എടാട്ട്
PRO , ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല