
ഫാ. ടോമി അടാട്ട് (കാൻെറർബറി): ഇംഗ്ലണ്ടിലെ ക്രൈസ്തവ വിശ്വാസത്തിൻെറ ഈറ്റില്ലമായ കാൻെറർബറിയിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കുടുംബകൂട്ടായ്‌മ വർഷചാരണം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെടുന്നു.
വിദൂര സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ നവംബർ 29ന്, ഞായറാഴ്ച (29/11/2020) വൈകുന്നേരം 6മണിക്ക് നിർവ്വഹിക്കുന്ന ഉദ്ഘാടനത്തിന് കാൻെറർബറി ഉൾപ്പെടെ ഉള്ള മാർ സ്ലീവാ മിഷന്റെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയായതായി കുടുംബകൂട്ടായ്മ കമ്മീഷൻ അറിയിച്ചു. തത്സമയം ഓരോ സഭാവിശ്വാസിയും അതാതു ഭവനങ്ങളിൽ തിരികൾ തെളിച്ചു പങ്കുചേരുന്നതും തുടർന്ന് വരും ദിവസങ്ങളിലുള്ള കുടുംബപ്രാർത്ഥനകളിൽ കുടുംബകൂട്ടായ്‌മ വർഷാചരണത്തിൻെറ പ്രത്യേക പ്രാർത്ഥന ചൊല്ലുന്നതുമാണ്.
രൂപതയുടെ 8 റീജിയണുകളിലായി വ്യാപിച്ചുകിടക്കുന്ന ആയിരത്തിലധികം വരുന്ന കുടുംബകൂട്ടായ്മകളെ ഊർജസ്വലമാക്കി സഭാമക്കളുടെ വിശ്വാസജീവിതം കൂടുതൽ കരുത്തുറ്റത്താക്കിമാറ്റുക എന്ന ലക്ഷ്യത്തെ മുൻനിർത്തി ആണ് കുടുംബകൂട്ടായ്മ വർഷാചരണം.
രൂപതയുടെ അജപാലനപദ്ധതിയായ ‘ലിവിങ് സ്റ്റോൺസ്’ ലെ നാലാമത്തെ വർഷമായ കുടുംബകൂട്ടായ്മ വർഷം മികവുറ്റതാക്കി മാറ്റുവാൻ ഉള്ള പരിശ്രമത്തിലാണ് രൂപതയുടെ വികാരി ജനറാൾ മോൺസിഞ്ഞോർ ജോർജ്ജ് ചേലയ്ക്കൽ, ചെയർമാൻ ഫാദർ ഹാൻസ് പുതിയകുളങ്ങര, കോർഡിനേറ്റർ ഷാജി തോമസ് സെക്രട്ടറി റെനി സിജു എന്നിവരുടെ നേതൃത്വത്തിലുള്ള കുടുംബകൂട്ടായ്മ കമ്മീഷൻ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല