
ഫാ. ടോമി എടാട്ട് (ബിർമിംഗ്ഹാം): ആഗോളകത്തോലിക്കാ സഭയിൽ പരിശുദ്ധ ഫ്രാൻസിസ് മാർപ്പാപ്പ പ്രഖ്യാപിച്ച വിശുദ്ധ യൗസേപ്പിതാവിന്റെ വർഷത്തിന് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ ഔദ്യോഗികമായ തുടക്കം. രൂപതാതല ഉദ്ഘാടനം മാർ ജോസഫ് സ്രാമ്പിക്കൽ നിർവഹിച്ചു. യേശുവിനെ വളർത്തിയ വിശുദ്ധ യൗസേപ്പിതാവിന്റെ മാതൃക സഭയെ വളർത്തുന്നതിൽ ഓരോ വിശ്വാസിയും സ്വീകരിക്കണമെന്ന് തന്റെ ഉദ്‌ഘാടന സന്ദേശത്തിൽ രൂപതാധ്യക്ഷൻ ഓർമ്മപ്പെടുത്തി. ദൈവഹിതം സ്വീകരിക്കുവാനുള്ള വിശുദ്ധ യൗസേപ്പിതാവിന്റെ നിശബ്ദത ശബ്ദമുഖരിതമായ ഈ ലോകത്തിൽ ഓരോ വിശ്വാസിയും കൈക്കൊള്ളണമെന്നും തന്റെ ഇടയലേഖനത്തെ പരാമർശിച്ചുകൊണ്ട് രൂപതാസമൂഹത്തോട് പിതാവ് ആഹ്വാനം ചെയ്തു.
വിശുദ്ധ യൗസേപ്പിതാവിന്റെ വർഷത്തോടനുബന്ധിച്ച് ഫ്രാൻസിസ് മാർപ്പാപ്പ പുറപ്പെടുവിച്ച “പാട്രിസ് കോർദെ” (പിതാവിന്റെ ഹൃദയത്തോടെ) എന്ന അപ്പസ്തോലിക പ്രബോധനത്തെക്കുറിച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി, രൂപതയിലെ വൈദികർക്കായി നടത്തിയ സെമിനാറിൽ വിശദീകരിക്കുകയുണ്ടായി. സാർവത്രിക സഭയുടെ രക്ഷാധികാരിയായ വിശുദ്ധ യൗസേപ്പിതാവ് അജപാലകർക്കുള്ള ഏറ്റവും ശക്തമായ മാതൃകയാണെന്നും ദൈവസ്വരത്തിലേക്ക് ഉറ്റുനോക്കുന്ന യൗസേപ്പിതാവ് സുവിശേഷത്തിന്റെ ലഘുരൂപമാണെന്നും അപ്പസ്തോലിക പ്രബോധനത്തെ ഉദ്ധരിച്ച് പിതാവ് ഓർമ്മപ്പെടുത്തി.
സെമിനാറിൽ മാർ ജോസഫ് സ്രാമ്പിക്കൽ സ്വാഗതവും, മോൺ. സജിമോൻ മലയിൽ പുത്തൻപുരയിൽ കൃതജ്ഞതയും രേഖപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല