സ്വന്തം ലേഖകന്‍: ആപത്തു കാലത്ത് ഖത്തര്‍ ചെയ്ത ഉപകാരം തുര്‍ക്കി മറക്കില്ല; ഖത്തറുമായുള്ള സഹകരണം തുടരുമെന്ന് ആവര്‍ത്തിച്ച് ഉര്‍ദുഗാന്‍. ഖത്തറുമായുള്ള സഹകരണം തുടരുമെന്ന് ആവര്‍ത്തിച്ച് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. പ്രതിരോധ വാണിജ്യ മേഖലകളിലുള്ള സഹകരണം ശക്തിപ്പെടുത്തും. തുര്‍ക്കിയുടെ സൈനിക നയതന്ത്ര മേഖലകള്‍ ശക്തമാണെന്നും ഉര്‍ദുഗാന്‍ പറഞ്ഞു. തുര്‍ക്കിയിലെ വടക്ക് പടിഞ്ഞാറന്‍ പ്രവിശ്യയായ സകര്യയില്‍ ഒരു പൊതുചടങ്ങില്‍ സംസാരിക്കവെയാണ് ഉര്‍ദുഗാന്‍ ഖത്തറുമായുള്ള ഉഭയകക്ഷി ബന്ധത്തെ കുറിച്ച് പരാമര്‍ശിച്ചത്.
രാജ്യം അടുത്തിടെ നേരിട്ട പ്രതിസന്ധികളില്‍ സഹായത്തിനായി ഓടിയെത്തിയ ഖത്തറിനെ ഒരിക്കലും മറക്കില്ല. ജൂലൈ 15ലെ അട്ടിമറി ശ്രമം, തുര്‍ക്കി കറന്‍സിയായ ലിറ നേരിട്ട പ്രതിസന്ധി തുടങ്ങിയ പ്രശ്‌നങ്ങളില്‍ തുര്‍ക്കിയെ സഹായിച്ചത് ഖത്തറാണ്. പ്രതിരോധം, വ്യാപാരം, വിനോദസഞ്ചാരം, ഊര്‍ജം തുടങ്ങിയ മേഖലകളില്‍ ഖത്തറുമായുള്ള സഹകരണം കൂടുതല്‍ ശക്തമാക്കും.
പ്രതിരോധ വ്യവസായ മേഖലയില്‍ തുര്‍ക്കി വളര്‍ച്ചയുടെ പാതയിലാണ്. 2002ല്‍ രാജ്യത്തിെന്റെ വിദേശ ആശ്രയത്വം 80 ശതമാനമായിരുന്നു. എന്നാല്‍ ഇപ്പോഴത് 35 ശതമാനമായി കുറഞ്ഞിട്ടുണ്ട്. തുര്‍ക്കിയുടെ സൈനിക ശക്തി, സാമ്പത്തികം, രാഷ്ട്രീയം, നയതന്ത്രം തുടങ്ങിയ മേഖലകള്‍ ശക്തമാണ്. ആക്രമണം ചെറുക്കുന്ന പ്രതിരോധ മേഖല കൂടുതല്‍ ശക്തമാണെന്നും ഉര്‍ദുഗാന്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല