സ്വന്തം ലേഖകന്‍: തുര്‍ക്കിക്കു മേല്‍ പ്രസിഡന്റ് എര്‍ദോഗാന്റെ നിഴല്‍ പരക്കുന്നു, പുത്തന്‍ ജനാധിപത്യ പരീക്ഷണമെന്ന് എര്‍ദോഗാന്‍ അനുകൂലികള്‍, രാജ്യം ഏകാധിപത്യത്തിലേക്കെന്ന് വിമര്‍ശകര്‍. പാര്‍ലമെന്ററി ഭരണക്രമത്തില്‍നിന്ന് പ്രസിഡന്‍ഷ്യല്‍ രീതിയിലേക്ക് മാറുന്നതു സംബന്ധിച്ച ഹിതപരിശോധനക്ക് അനുകൂല വിധിയുണ്ടായതോടെ, രാജ്യം വരുംനാളുകളില്‍ പുത്തന്‍ ജനാധിപത്യപരീക്ഷണത്തിെന്റ വേദിയായി മാറും. ഭരണഘടന ഭേദഗതിക്കായി ഞായറാഴ്ച നടന്ന ഹിതപരിശോധനയില്‍ 51.3 ശതമാനം പേരും അനുകൂലമായാണ് പ്രതികരിച്ചത്.
ഹിതപരിശോധന ഫലത്തെ സ്വാഗതംചെയ്ത് ഭരണകക്ഷിയായ ജസ്റ്റിസ് ആന്‍ഡ് ഡെവലപ്‌മെന്റ് പാര്‍ട്ടിയും നാഷനലിസ്റ്റ് മൂവ്‌മെന്റ് പാര്‍ട്ടിയും രംഗത്തെത്തി. പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനെ അഭിനന്ദിച്ച് വിവിധ രാഷ്ട്രത്തലവന്മാരും പ്രസ്താവന നടത്തിയിട്ടുണ്ട്. അതേസമയം, പ്രതിപക്ഷ കക്ഷിയായ റിപ്പബ്ലിക്കന്‍ പീപ്ള്‍സ് പാര്‍ട്ടി (സി.എച്ച്.പി) തെരഞ്ഞെടുപ്പ് ഫലത്തില്‍ സംശയം പ്രകടിപ്പിച്ചു. യൂറോപ്യന്‍ യൂണിയനും ഹിതപരിശോധനയെ ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. ചരിത്രപരമായ തീരുമാനമെടുത്ത തുര്‍ക്കി ജനതയെ എര്‍ദോഗാന്‍ അഭിനന്ദിച്ചു.
കാലങ്ങളായി പല ശക്തികളും തുര്‍ക്കിയെ ആക്രമിക്കുകയാണെന്നും പുതിയ ഭരണക്രമത്തിലൂടെ അവയെ പ്രതിരോധിക്കുമെന്നും ഇസ്തംബൂളില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവെ അദ്ദേഹം പറഞ്ഞു. പാര്‍ലമെന്ററി ജനാധിപത്യത്തിനു പകരം സര്‍വശക്തനായ പ്രസിഡന്റില്‍ എല്ലാ അധികാരവും കേന്ദ്രീകരിക്കുന്നതാണു പരിഷ്‌കാരങ്ങള്‍. ഇതു നടപ്പാക്കുന്‌പോള്‍ 2029 വരെ എര്‍ദോഗനു പ്രസിഡന്റായി തുടരാനും അവസരമുണ്ടാകും. പ്രസിഡന്റിനു മന്ത്രിമാരെയും പ്രമുഖ ഉദ്യോഗസ്ഥരെയും നേരിട്ടു നിയമിക്കാം.പ്രധാനമന്ത്രി പദവും സൈനിക കോടതികളും ഇനി ഉണ്ടാകില്ല. തുര്‍ക്കിയിലെ സൈന്യം ഭരണകൂടത്തെ വരുതിയില്‍ നിര്‍ത്താനുള്ള അധികാരങ്ങള്‍ കൈയില്‍ വച്ചിട്ടാണ് മുന്പ് പട്ടാള ഭരണം അവസാനിപ്പിച്ചത്.
യൂറോപ്യന്‍ യൂണിയനില്‍ അംഗമാകാന്‍ ശ്രമിച്ചു വരികയായിരുന്ന തുര്‍ക്കി അതില്‍ നിന്ന് പിന്നോട്ടു പോകുകയാണെന്നാണ് സൂചനകള്‍. വധശിക്ഷ പുനഃസ്ഥാപിക്കുമെന്ന് എര്‍ദോഗന്‍ പറഞ്ഞിത് ഇതിന്റെ സൂചനയാണെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. അമേരക്കന്‍ നേതൃത്വത്തിലുള്ള നാറ്റോ സൈനിക സഖ്യത്തില്‍നിന്നു തുര്‍ക്കി പുറത്തുപോകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. തുര്‍ക്കി നാറ്റോയില്‍നിന്നു മാറിയാല്‍ പശ്ചിമേഷ്യയിലും തെക്കു കിഴക്കന്‍ യൂറോപ്പിലും റഷ്യന്‍ സൈനിക മേധാവിത്വം ഉറയ്ക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല