സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് സൈന്യത്തിലെ ഇതിഹാസം ക്യാപ്റ്റന്‍ എറിക് വിങ്കിള്‍ ബ്രൗണ്‍ ഓര്‍മ്മയായി. സേനയുടെ ചരിത്രത്തില്‍ ഏറ്റവുമധികം ബഹുമതികള്‍ക്ക് അര്‍ഹനായ ക്യാപ്റ്റന്‍ എറിക് വിങ്കിള്‍ ബ്രൗണിന് 97 വയസായിരുന്നു. രണ്ടാം ലോകമഹായുദ്ധം ഉള്‍പ്പെടെ നിരവധി പോരാട്ടങ്ങളില്‍ പങ്കെടുത്തിട്ടുള്ള ക്യാപ്റ്റന്‍ ബ്രൗണ്‍ വ്യത്യസ്ത തരത്തിലുള്ള യുദ്ധ വിമാനങ്ങള്‍ പറത്തുന്നതിലും പ്രശസ്തനായിരുന്നു.
നാസികളുടെ ബെര്‍ഗന്‍ ബെല്‍സണ്‍ കോണ്‍സണ്‍ട്രേഷന്‍ ക്യാംപിന്റെ മോചനത്തിനും സാക്ഷിയായിട്ടുണ്ട്. 1919 ല്‍ ലെയ്ത്തിലായിരുന്നു ക്യാപ്റ്റന്‍ ബ്രൗണിന്റെ ജനനം. എഡിവര്‍ഗ് റോയല്‍ ഹൈസ്‌കൂളിലും എഡിന്‍ബര്‍ഗ് യൂണിവേഴ്‌സിറ്റിയിലുമായിരുന്നു വിദ്യാഭ്യാസം. റോയല്‍ ഫ്‌ളൈയിംഗ് വിംഗില്‍ പൈലറ്റായിരുന്നു പിതാവ്. അതുകൊണ്ടുതന്നെ ബാല്യകാലം ചെലവഴിച്ചത് അധികവും യുദ്ധ വിമാനങ്ങള്‍ക്കൊപ്പമാണ്.
ഒന്നാം ലോകമായുദ്ധകാലത്ത് ഒമ്പതാം വയസ്സില്‍ പിതാവിനൊപ്പം യുദ്ധവിമാനത്തില്‍ കയറി പറന്ന അനുഭവം അടുത്ത കാലത്തും ക്യാപ്റ്റന്‍ ബ്രൗണ്‍ ഓര്‍മ്മിച്ചിരുന്നു. യുദ്ധ വിമാനങ്ങള്‍ കൈാര്യം ചെയ്യുന്നതിലും ഉപയോഗിച്ച വിമാനങ്ങളുടെ ഇനവും എണ്ണവുമൊക്കെ കണക്കാക്കി മൂന്നു തവണ ഗിന്നസ് ബുക്കിലും ഇടം പിടിച്ചിട്ടുണ്ട്.
1970 ല്‍ റോയല്‍ നേവിയില്‍ നിന്ന് വിരമിച്ച ക്യാപ്റ്റന്‍ പിന്നീട് ബ്രിട്ടീഷ് ഹെലികോപ്ടര്‍ അഡ്‌വൈസറി ബോര്‍ഡ് ഡയറക്ടര്‍ ജനറലായി പ്രവര്‍ത്തിച്ചിട്ടുണ്ട്. റോയല്‍ എയ്‌റോനോട്ടിക്കല്‍ സൊസൈറ്റിയുടെ പ്രസിഡന്റുമായി. 487 ഇനം വിമാനങ്ങള്‍ പറത്തിയ ക്യാപ്റ്റന്‍ 2407 തവണ വിമാനവാഹിനികളില്‍ വിമാനം ഇറക്കി.
ബ്രിട്ടീഷ് എംപയറില്‍ മെംബര്‍ (എം.ബി.ഇ), ഓഫീസര്‍ (ഒ.ബി.ഇ), കമാന്‍ഡര്‍ (സി.ബി.ഇ) എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. 11 തവണ വിമാനപകടങ്ങളെ അതിജീവിച്ച ക്യാപ്റ്റന്‍ എച്ച്.എം.എസ് ഓഡസിറ്റി വിമാനവാഹിനി കപ്പലിനു നേര്‍ക്കുണ്ടായ ജര്‍മ്മന്‍ ടോര്‍പിഡോയെയും അതിജീവിച്ചു. ഒരു കാലഘട്ടത്തിന്റെ പ്രചോദനമായി മാറിയ ക്യാപ്റ്റന്‍ അന്നത്തെ പ്രധാനമന്ത്രി ചര്‍ച്ചിലും കിംഗ് ജോര്‍ജ് ആറാമനുമായി അടുത്ത ബന്ധവും പുലര്‍ത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല