സ്വന്തം ലേഖകന്‍: ലിബിയയില്‍ എതോപ്യന്‍ ക്രിസ്ത്യാനികളെ ക്രൂരമായി വധിച്ച ഇസ്ലാമിക് സ്റ്റേറ്റിനെതിരെ എതോപ്യയില്‍ വമ്പന്‍ റാലി. പതിനായിരങ്ങള്‍ പങ്കെടുത്ത റാലിയില്‍ ചിലര്‍ പോലീസുമായി ഏറ്റുമുട്ടുകയും ചില്ലറ നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്തതായി എതോപ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
ബുധനാഴ്ച എതോപ്യന്‍ തലസ്ഥാനമായ ആഡിസ് അബാബയിലാണ് പ്രകടനം നടന്നത്. സമാധാനപരമായി തുടങ്ങിയ പ്രകടനം പതിയെ കല്ലേറിലേക്കും പോലീസുമായുള്ള ഏറ്റുമുട്ടലിലേക്കും വളരുകയായിരുന്നു. ആക്രമാസക്തരായ ജനങ്ങളെ നിയന്ത്രിക്കാന്‍ പോലീസ് ടിയര്‍ ഗ്യാസ് ഉപയോഗിക്കുകയും നൂറോളം പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
സമാധാന ചര്‍ച്ചകളും പ്രസംഗങ്ങളും മടുത്തെന്നും തങ്ങളുടെ ക്രിസ്ത്യന്‍ സഹോദരന്മാരെ കൊന്നൊടുക്കിയ ഇസ്ലാമിക് സ്റ്റേറ്റിനോട് അതേ നാണയത്തില്‍ പകരം ചോദിക്കണമെന്നുമായിരുന്നു റാലിയിലെ പ്രധാന മുദ്രാവാക്യങ്ങള്‍. ഒരു സംഘം എതോപ്യന്‍ ക്രിസ്ത്യാനികളെ കഴുത്തറത്ത് കൊല്ലുന്നു എന്ന് അവകാശപ്പെടുന്ന വീഡിയോ ഞായറാഴ്ചയാണ് ലിബിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാക്ക് ആന്‍ഡ് ലെവന്ത് പുറത്തു വിട്ടത്.
സോമാലിയ, ലൈബീരിയ, ബുറുണ്ടി എന്നിവിടങ്ങളിലേക്കെല്ലാം സ്വന്തം സൈന്യത്തെ അയച്ച എതോപ്യക്ക് സ്വന്തം പൗരന്മാരെ സംരക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നും പ്രകടനക്കാര്‍ ആക്രോശിച്ചു. ഇസ്ലാമിക് സ്റ്റേറ്റ് വധിച്ച ചിലരുടെ ബന്ധുക്കളും റാലിക്ക് ആവേശം പകരാന്‍ എത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല