സ്വന്തം ലേഖകൻ: തിരുവനന്തപുരത്തേക്കും കോഴിക്കോട്ടേക്കുമുള്ള പ്രതിദിന സര്‍വീസുകള്‍ പുനരാരംഭിക്കാനും കൊച്ചിയിലേക്ക് എട്ട് അധിക സര്‍വീസുകള്‍ ആരംഭിക്കാനും അബുദാബി ആസ്ഥാനമായുള്ള ഇത്തിഹാദ് എയര്‍വേയ്‌സ് തീരുമാനിച്ചു. വിവിധ നഗരങ്ങളിലേക്ക് കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍ നല്‍കുന്ന ഹോളിഡേ സെയിലും ഇത്തിഹാദ് പ്രഖ്യാപിച്ചിട്ടുണ്ട്. 2024 ജനുവരി ഒന്നുമുതലാണ് തിരുവനന്തപുരത്തേക്കും കോഴിക്കോട്ടേക്കും പ്രതിദിന സര്‍വീസുകള്‍ പുനരാരംഭിക്കുക.
തിരുവനന്തപുരത്തേക്ക് പുലര്‍ച്ചെ 2.20നും കോഴിക്കോടേക്ക് ഉച്ചയ്ക്ക് 1.40നുമാണ് അബുദാബിയില്‍ നിന്ന് പുറപ്പെടുക. ഇവിടെ നിന്ന് കൊച്ചിയിലേക്കുള്ള എട്ട് അധിക സര്‍വീസുകള്‍ നവംബര്‍ മുതലാണ്. കോവിഡ് കാലത്ത് നിര്‍ത്തിവച്ച ചില സെക്ടറുകളിലേക്ക് അബുദാബി തന്നെ ആസ്ഥാനമായുള്ള ബജറ്റ് എയര്‍ലൈനായ എയര്‍ അറേബ്യ സര്‍വീസ് തുടങ്ങിയിരുന്നു. ഇത്തിഹാദ് കൂടി സര്‍വീസ് വര്‍ധിപ്പിച്ചതിനാല്‍ ഈ സെക്ടറില്‍ നിരക്കു കുറഞ്ഞേക്കും.
ഇന്ത്യക്ക് പുറമേ മറ്റു രാജ്യങ്ങളിലേക്കും ഇത്തിഹാദ് പുതിയ സര്‍വീസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ രാജ്യങ്ങളിലേക്ക് പോകുന്ന ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഇത്തിഹാദിന്റെ തന്നെ കണക്ഷന്‍ ഫ്‌ളൈറ്റുകള്‍ ലഭിക്കാനുള്ള അവസരങ്ങളും ഇതോടെ വര്‍ധിച്ചു. ഇതിനു പുറമേയാണ് എല്ലാ ഡെസ്റ്റിനേഷനുകളിലേക്കും ഹോളിഡേ സെയില്‍ പ്രഖ്യാപിച്ചത്.
സെപ്റ്റംബര്‍ 10 വരെ ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഹോളിഡേ സെയില്‍ ഓഫറിന്റെ ഭാഗമായി കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ലഭിക്കുക. സെപ്റ്റംബര്‍ 11 മുതല്‍ 2024 മാര്‍ച്ച് 24 വരെ യാത്ര ചെയ്യാനുള്ള ടിക്കറ്റുകളാണ് അവധിക്കാല ഓഫറിന്റെ പരിധിയില്‍ വരികയെന്ന് കമ്പനി അറിയിപ്പില്‍ പറയുന്നു. ഇക്കണോമി ക്ലാസില്‍ വിവിധ നഗരങ്ങളിലേക്ക് അബുദാബിയില്‍ നിന്ന് 895 ദിര്‍ഹം മുതലാണ് ടിക്കറ്റ് നിരക്കുകള്‍ ആരംഭിക്കുന്നത്.
എന്നാല്‍, ഗോ ഫസ്റ്റ് എയര്‍ലൈന്‍സ് സര്‍വീസുകള്‍ നിര്‍ത്തിവച്ചത് നാളെ വരെ നീട്ടിയിട്ടുണ്ട്. ഓഗസ്റ്റ് 31 വരെയുള്ള ഫ്‌ളൈറ്റുകള്‍ റദ്ദാക്കിയതായും യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ ക്ഷമ ചോദിക്കുന്നതായും വിമാന കമ്പനി അറിയിച്ചു. പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതിനായി കമ്പനി അപേക്ഷ നല്‍കിയിട്ടുണ്ട്.
അവധിക്കാല തിരക്ക് കുറഞ്ഞതോടെ ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇന്‍ബൗണ്ട് യാത്രക്കാരുടെ ബുക്കിങ് ഉള്ളതിനാല്‍ ഗള്‍ഫിലേക്കുള്ള ടിക്കറ്റ് നിരക്ക് മുകളില്‍ തന്നെയാണ്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നിന്ന് ഗള്‍ഫ് നാടുകളിലേക്ക് ഏറ്റവുമധികം പേര്‍ മടങ്ങിയെത്തുന്ന സമയമാണിത്.
ഗള്‍ഫ് രാജ്യങ്ങളില്‍ നീണ്ട അവധി കഴിഞ്ഞ് സ്‌കൂളുകള്‍ തുറന്നതും ഓണം കഴിഞ്ഞതും മുന്നില്‍കണ്ട് വിമാന കമ്പനികള്‍ നിരക്ക് വര്‍ധിപ്പിക്കുകയായിരുന്നു. ജൂണ്‍ 20 മുതല്‍ ജൂലൈ 15 വരെയുള്ള സമയത്താണ് ഈ വര്‍ഷം ഏറ്റവും ഉയര്‍ന്ന ടിക്കറ്റ് നിരക്ക് നല്‍കേണ്ടിവന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല