സ്വന്തം ലേഖകന്‍: പറക്കലിനിടെ നടുവേദന, വിമാനക്കമ്പനിക്ക് എതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് യാത്രക്കാരന്‍ കോടതിയില്‍. ആകാശയാത്രക്കിടെ നടുവേദനയുണ്ടായെന്ന് ആരോപിച്ച് ആസ്‌ട്രേലിയന്‍ വംശജനായ ബ്രിസ്‌മെയ്ന്‍ മാന്‍ ജെയിംസ് ബാസോസാണ് കോടതിയിലെത്തിയത്. അബുദാബി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എതിഹാദ് എയര്‍വേയ്‌സിന് എതിരെയാണ് 1,65,000 യു.എസ് ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുള്ള പരാതി.
2010 ലാണ് സംഭവം നടന്നതെന്ന് പരാതിയില്‍ പറയുന്നു. അബുദാബിയില്‍ നിന്നും സിഡ്‌നിയിലേക്ക് പുറപ്പെട്ട വിമാനത്തിലെ എക്കോണമി ക്ലാസ് യാത്രക്കാരനായിരുന്നു മുപ്പത്തെട്ടുകാരനായ ബാസോസ്. രോഗ ബാധിതനായ സഹയാത്രികനില്‍നിന്നും മാറ്റിയിരുത്തണമെന്ന് ജീവനക്കാരോട് ആവശ്യപ്പെട്ടിട്ട് അധികൃതര്‍ തന്നെ അവഗണിച്ചുവെന്ന് ബാസോസിന്റെ പരാതിയില്‍ പറയുന്നു.
ഈ സാഹചര്യത്തില്‍ സഹയാത്രികന്റെ ശരീരത്ത് സ്പര്‍ശിക്കാതെ താന്‍ സീറ്റില്‍ വളരെനേരും ഒതുങ്ങിയിരിക്കേണ്ടിവന്നു. ഇതുമൂലം തന്റെ നടുവിന് പരിക്ക് സംഭവിച്ചുവെന്നും. ആജീവനാന്തം ഈ പരിക്ക് തന്നെ പിന്തുടരുമെന്നും ബാസോസ് ആരോപിച്ചു.
മറ്റൊരു സീറ്റ് നല്‍കണമെന്ന തന്റെ ആവശ്യത്തോട് അഞ്ചു മണിക്കൂറുകള്‍ക്ക് ശേഷമാണ് ജീവനക്കാര്‍ പ്രതികരിച്ചത്. തന്റെ ആവശ്യം നിരസിച്ച ജീവനക്കാര്‍ ആവശ്യമെങ്കില്‍ ക്രൂ മെമ്പറുടെ സീറ്റ് ഉപയോഗിക്കാമെന്ന മറുപടിയാണ് നല്‍കിയത്.
എന്നാല്‍ യാത്രക്കാരന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് വിമാനക്കമ്പനി. ബാസോസിനെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കാന്‍ കോടതി ഉത്തരവിട്ടതായും നിയമ യുദ്ധം തുടരുമെന്നും കമ്പനി വക്താവ് വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല