സ്വന്തം ലേഖകൻ: ഇത്തിഹാദ് എയർവേയ്സ് ഈ വർഷം 2000 പേരെ റിക്രൂട്ട് ചെയ്യും. പൈലറ്റ്, കാബിൻക്രൂ, മെക്കാനിക്ക് തുടങ്ങിയ തസ്തികകളിലാണ് നിയമനം. 2025ൽ 15 വിമാനങ്ങൾ കൂടി സർവീസിൽ ഇടംപിടിക്കുന്നതിന് മുന്നോടിയായാണ് റിക്രൂട്മെന്റ് എന്ന് സിഇഒ ആന്റോണാൾഡോ നെവ്സ് പറഞ്ഞു.
ഈ വർഷം രണ്ടാം പാദത്തിൽ പൈലറ്റുമാരെയും വിമാന ജീവനക്കാരെയും പരിശീലിപ്പിക്കും. 2023ൽ യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വർധനയാണ് വിമാനങ്ങളുടെയും സർവീസുകളുടെയും സെക്ടറുകളുടെയും എണ്ണം കൂട്ടാൻ കാരണം. യാത്രക്കാരുടെ എണ്ണം 2022നെ (82%) അപേക്ഷിച്ച് 86% ആയി ഉയർന്നു.
അതേസമയം വിമാന ടിക്കറ്റ് നിരക്ക് വര്‍ധനയ്ക്കെതിരെ പ്രവാസി സംഘടനകള്‍ സംയുക്തമായി നിയമ പോരാട്ടത്തിന് ഒരുങ്ങുന്നു. അബുദാബി കെഎംസിസിയുടെ നേതൃത്വത്തില്‍ ചേർന്ന സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. പ്രവാസി വിഷയങ്ങളിൽ കഴിഞ്ഞ മാസം കെഎംസിസി നടത്തിയ ഡയസ്പോറ സമ്മിറ്റിന്റെ തുടർ ചർച്ച ഇന്ത്യാ സോഷ്യല്‍ ആൻഡ് കള്‍ചറല്‍ സെന്റര്‍ പ്രസിഡന്റ് ജോണ്‍ പി. വര്‍ഗീസ് ഉദ്ഘാടനം ചെയ്തു.
കെഎംസിസി പ്രസിഡന്റ് ഷുക്കൂറലി കല്ലുങ്ങല്‍ അധ്യക്ഷത വഹിച്ചു. കാലങ്ങളായി പ്രവാസികള്‍ അനുഭവിക്കുന്ന വിമാനയാത്രാ കൂലി വര്‍ധന നിയന്ത്രിക്കാന്‍ മാറിവരുന്ന കേന്ദ്ര-കേരള സര്‍ക്കാരുകള്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് രാഷ്ട്രീയ ഭേദമന്യേ പ്രവാസി സമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല