1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 29, 2024

സ്വന്തം ലേഖകൻ: യുഎഇയുടെ ദേശീയ റെയില്‍ പദ്ധതിയാണ് ഇത്തിഹാദ് റെയില്‍. മിഡില്‍ ഈസ്റ്റിലെ ഗതാഗത മേഖലയില്‍ ഇത്തിഹാദ് റെയില്‍ നിർണായകമാണെന്നാണ് വിലയിരുത്തല്‍. യാത്രാ സർവീസ് തുടങ്ങുന്ന തീയതി ഔദ്യോഗികമായി അറിയിച്ചിട്ടില്ലെങ്കിലും കഴി‍ഞ്ഞദിവസം ഇത്തിഹാദ് റെയില്‍ യാത്രാക്കാരുമായുളള സർവീസ് നടത്തി.

യുഎഇയിലെ 11 നഗരങ്ങളെ റെയില്‍ ശൃംഖല ബന്ധിപ്പിക്കും. അല്‍ സില മുതല്‍ ഫുജൈറ വരെയുളള സർവീസില്‍ അല്‍ റുവൈസ്, അല്‍ മിർഫ, ദുബായ്, ഷാർജ, അല്‍ ദൈദ്, അബുദാബി നഗരങ്ങളിലൂടെ റെയില്‍ കടന്നുപോകും. ഇത്തിഹാദ് റെയില്‍ ശൃംഖലയിലെ ചരക്ക് നീക്കം കഴിഞ്ഞവർഷം തന്നെ പൂർണതോതില്‍ നടപ്പിലാക്കിയിരുന്നു.

ഇത്തിഹാദ് റെയില്‍ ശൃംഖലയുടെ ആരംഭപണികള്‍ തുടങ്ങിയത് 2009 ലാണ്. 2016 മുതല്‍ 264 കിലോമീറ്റർ ദൈർഘ്യത്തില്‍ രണ്ട് ട്രാക്കുകള്‍ പ്രവർത്തനക്ഷമമായി. ഷാ, ഹബ്ഷാന്‍ എന്നിവിടങ്ങളിലെ ഗ്യാസ് ഫീല്‍ഡുകളില്‍ നിന്ന് റുവൈസിലെ കയറ്റുമതി കേന്ദ്രത്തിലേക്ക് ഗ്രാനേറ്റഡ് സള്‍ഫർ കൊണ്ടുപോകാനാണ് പ്രധാനമായും സർവീസ് ആരംഭിച്ചത്. 22000 ടണ്‍ സള്‍ഫർ വഹിക്കാന്‍ ശേഷിയുളള രണ്ട് ട്രെയിനുകള്‍ ദിവസനേ രാജ്യത്തുടനീളം സർവീസ് നടത്തുന്നു.

ഓരോ ട്രെയിനും 110 വാഗണുകളെ വഹിക്കാന്‍ ശേഷിയുളളതാണ്. പൂർത്തിയായാല്‍ യുഎഇയിലെ ഏഴ് എമിറേറ്റുകളെയും ജിസിസിയിലെ അഞ്ച് രാജ്യങ്ങളേയും ബന്ധിപ്പിക്കുന്നതാകും ജിസിസി റെയില്‍ ശൃംഖല. ഫുജൈറ തുറമുഖത്ത് നിന്നും മുസഫ ഖലീഫ പോർട്ട് ജബല്‍ അലി പോർട്ട് എന്നിവ വഴി ഗുവൈഫാത്തിലേക്കാണ് ഇത്തിഹാദ് റെയിലിലൂടെ ട്രെയിന്‍ സഞ്ചരിക്കുന്നത്.

ചരക്ക് ഗതാഗതം ആരംഭിച്ചത് കഴി‍ഞ്ഞവർഷമാണ്. മണിക്കൂറില്‍ 120 കിലോമീറ്റർ വേഗതയില്‍ സഞ്ചരിക്കാനാകുന്ന,4500 കുതിരശക്തിയുളള ചരക്ക് ട്രെയിനിന് ഷിപ്പിങ് കണ്ടെയ്‌നറുകൾ മുതൽ നിർമ്മാണ സാമഗ്രികൾ വരെ കൊണ്ടുപോകാൻ കഴിയും. 1000ത്തിലധികം വാഗണുകളുളള 38 ചരക്ക് ട്രെയിനുകളാണ് സർവീസ് നടത്തുന്നത്. ഒരു വ‍ർഷം 60 ദശലക്ഷം ചരക്കുഗതാഗതമാണ് ഇത്തിഹാദ് റെയില്‍ വഴി നടക്കുന്നത്.

യുഎഇയുടെ സാമ്പത്തിക മേഖലയ്ക്ക് 200 ബില്യൻ ദിർഹം വരവ് പ്രതീക്ഷിക്കുന്ന പദ്ധതി റോഡ് അറ്റകുറ്റപ്പണികളടക്കം 8 ബില്യണ്‍ ദിർഹത്തിന്‍റെ ചെലവുകള്‍ കുറയ്ക്കുകയും ചെയ്യുമെന്നാണ് കണക്കുകൂട്ടല്‍. ഒരു ട്രെയിന്‍ സർവീസിലൂടെ 600 ട്രക്കുകളുടെ യാത്ര ഒഴിവാക്കാം. അതുവഴി കാർബണ്‍ ബഹിർഗമനം 70 മുതല്‍ 80 ശതമാനം വരെ കുറയ്ക്കാനാകും.2050 ആകുമ്പോഴേക്കും കാർബണ്‍ ബഹിർഗമനം 21 ശതമാനം കുറയ്ക്കുകയെന്നതും പദ്ധതി ലക്ഷ്യമിടുന്നു.

ഇത്തിഹാദ് റെയില്‍വെയുടെ യാത്ര ട്രെയിന്‍ മണിക്കൂറില്‍ 200 കിലോമീറ്റർ വേഗതയിലാണ് സഞ്ചരിക്കുക. ഒരു സമയം 400 പേർക്ക് യാത്ര ചെയ്യാനാകും. യാത്രാ ട്രെയിന്‍ എന്ന് ആരംഭിക്കുമെന്ന് അറിയിച്ചിട്ടില്ലെങ്കിലും ഫുജൈറയില്‍ ആദ്യ സ്റ്റേഷന്‍ നിർമ്മാണം പുരോഗമിക്കുകയാണ്. വൈഫൈ, വിനോദഉപാധികള്‍, ചാർജിങ് പോയിന്‍റുകള്‍, ഭക്ഷ്യ പാനീയങ്ങള്‍ എന്നിവയെല്ലാം ഉളളതായിരിക്കും ഓരോ വാഗണുകളും.

കുടുംബങ്ങള്‍ക്കും വിനോദസഞ്ചാരികള്‍ക്കും മാത്രമല്ല ജോലിസംബന്ധമായ യാത്രകള്‍ ചെയ്യുന്നവർക്കും സൗകര്യപ്രദമാകും ട്രെയിനിലെ യാത്ര. അബുദാബിയില്‍ നിന്ന് ദുബായിലേക്ക് 50 മിനിറ്റാണ് യാത്രസമയം. ഫുജൈറയിലേക്ക് 100 മിനിറ്റിലെത്താനാകും. അതായത് കാറിലൂടെയാണ് സഞ്ചരിക്കുന്നതെങ്കിലെടുക്കുന്ന സമയത്തിന്‍റെ പകുതി സമയത്തില്‍ ട്രെയിനിലെത്താം. നിർമാണം പൂർത്തിയായാല്‍ 1200 കിലോമീറ്ററാകും ഇത്തിഹാദ് റെയിലിന്‍റെ ദൈർഘ്യം. അതായത് ലണ്ടനില്‍ നിന്ന് വിയന്നയിലേക്കുളള ദൂരം.

2022 സെപ്റ്റംബറിലാണ് ഒമാന്‍ റെയിലുമായി ഇത്തിഹാദ് റെയില്‍ കരാറില്‍ ഒപ്പുവയ്ക്കുന്നത്. സോഹാറിനും അബുദാബിയ്ക്കുമിടയില്‍ 303 കിലോമീറ്റർ ദൈർഘ്യത്തിലാണ് റെയില്‍ ശൃംഖല. അബുദാബിയില്‍ നിന്ന് ഒമാനിലെ സോഹാറിലേക്ക് സോഹാർ തുറമുഖം വഴിയാണ് ട്രെയിന്‍ കടന്നുപോവുക. അബുദാബി സോഹാർ യാത്രയ്ക്ക് ഒരുമണിക്കൂർ 40 മിനിറ്റാണ് യാത്രാ സമയം പ്രതീക്ഷിക്കുന്നത്. അലൈനില്‍ നിന്ന് സോഹാറിലേക്ക് 40 മിനിറ്റുകൊണ്ട് എത്താനാകും.

യുഎഇയില്‍ നിന്ന് സൗദി അറേബ്യ,ബഹ്റൈന്‍, കുവൈത്ത്, ഒമാന്‍,ഖത്തർ,എന്നീ രാജ്യങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുളള വിപുലമായ റെയില്‍ ശൃംഖലയാണ് ജിസിസി രാജ്യങ്ങള്‍ വിഭാവനം ചെയ്യുന്നത്. ഓരോ രാജ്യത്തും ആഭ്യന്തരമായി റെയില്‍ ശൃംഖല നിർമ്മിക്കുകയും പരസ്പരം ബന്ധിപ്പിക്കുകയും ചെയ്യുകയെന്നുളളതാണ് പദ്ധതി. സൗദി അറേബ്യ ഉള്‍പ്പടെയുളള ജിസിസി രാജ്യങ്ങള്‍ ഇതുമായി ബന്ധപ്പെട്ടുളള റെയില്‍ പദ്ധതിയുടെ നി‍ർമ്മാണ ഘട്ടത്തിലാണ്.

ജിസിസി റെയില്‍ പൂർത്തിയായാല്‍ 2117 കിലോമീറ്റർ ദൈർഘ്യമുളള റെയില്‍ പാതയാകുമെന്നാണ് കണക്കുകൂട്ടല്‍. ജുബൈലിലൂടെ കടന്നുപോകുന്ന സൗദി റെയില്‍ റാസല്‍ഖൈര്‍-ദമാന്‍ റൂട്ടില്‍ 200 കിലോമീറ്ററിലേറെ പൂര്‍ത്തിയായി.ഖത്തര്‍ റെയിലിന്‍റെ അടിസ്ഥാന സൗകര്യ വികസനവും രൂപകല്‍പനയും പൂര്‍ത്തിയായി. ബഹ്റൈനെ ജിസിസി റെയില്‍വെ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന പാലത്തിന്‍റെ നിർമ്മാണത്തിന്‍റെ ആദ്യഘട്ടവും കുവൈത്തില്‍ റെയില്‍വെ ട്രാക്കിന്‍റെ രൂപകല്‍പനയും പൂർത്തിയായി കഴി‍ഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.