1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 16, 2024

സ്വന്തം ലേഖകൻ: യുഎഇയിലുടനീളം പാസഞ്ചർ ട്രെയിനിന്റെ വരവറിയിച്ച് ഇത്തിഹാദ് റെയിൽ യാത്രാ സമയം പ്രഖ്യാപിച്ചു. മണിക്കൂറിൽ 200 കി.മീ. വേഗത്തിൽ ഓടുന്ന ട്രെയിനിൽ അബുദാബിയിൽനിന്ന് ദുബായിലേക്ക് 57 മിനിറ്റിനകം എത്താം. നിലവിൽ കാറിൽ രണ്ടു മണിക്കൂറോളം എടുത്തിരുന്ന യാത്രാ സമയം പകുതിയായി കുറയും.

അബുദാബി-റുവൈസ് യാത്രയ്ക്ക് 70 മിനിറ്റും അബുദാബി-ഫുജൈറ യാത്രയ്ക്ക് 105 മിനിറ്റും മതി. തലസ്ഥാന നഗരിയിൽനിന്ന് 3 പ്രധാന റൂട്ടുകളിലേക്കെടുക്കുന്ന സമയം പ്രഖ്യാപിച്ചെങ്കിലും യാത്രാ തീയതി വെളിപ്പെടുത്തിയിട്ടില്ല. പാസഞ്ചർ സേവനം ഉടൻ ഉണ്ടാകുമെന്ന സൂചനയാണ് സമയ പ്രഖ്യാപനം.

സില മുതൽ ഫുജൈറ വരെ യുഎഇയിൽ ഉടനീളം 11 നഗരങ്ങളെയും പ്രദേശങ്ങളെയും ബന്ധിപ്പിക്കുന്നതാണ് ഹൈടെക് പാസഞ്ചർ റെയിൽ സർവീസ്. യുഎഇയ്ക്ക് പുതിയ ഗതാഗത ശീലം പരിചയപ്പെടുത്തുന്ന ഇത്തിഹാദ് റെയിലിൽ ഗതാഗതക്കുരുക്കിൽപെടാതെ മിനിറ്റുകൾക്കകം ലക്ഷ്യത്തിലെത്താം.

അബുദാബിയിൽനിന്ന് 240 കി.മീ അകലെയുള്ള റുവൈസിലേക്കുള്ള 70 മിനിറ്റിനകം ഓടിയെത്തും. 253 കി.മീ അകലെയുള്ള ഫുജൈറയിലേക്ക് 105 മിനിറ്റാണ് യാത്രാ ദൈർഘ്യം. മറ്റിടങ്ങളിലേക്കുള്ള യാത്രാ ദൈർഘ്യം വൈകാതെ പ്രഖ്യാപിക്കും.

സില, റുവൈസ്, മിർഫ, അബുദാബി, ദുബായ്, ഷാർജ, ദൈദ്, ഫുജൈറ തുടങ്ങിയ നഗരങ്ങളെ ഇത്തിഹാദ് റെയിൽ ബന്ധിപ്പിക്കും. ഫുജൈറയിലെ സകംകമിലാകും ആദ്യ സ്റ്റേഷൻ. രണ്ടാമത്തേത് മുസഫ ഡെൽമ മാളിന് എതിർവശത്തും മൂന്നാമത്തേത് ഷാർജ യൂണിവേഴ്സിറ്റി സിറ്റിയിലുമായിരിക്കും.

ജനുവരിയിൽ പരീക്ഷണാർഥം അബുദാബിയിൽനിന്ന് അൽദന്നയിലേക്ക് പാസഞ്ചർ ട്രെയിൻ സർവീസ് ആരംഭിച്ചിരുന്നു. പൂർണ തോതിൽ പ്രവർത്തനം തുടങ്ങിയാൽ വർഷത്തിൽ 3.65 കോടി യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്.

സിൽവർ, ഗ്രേ നിറത്തിലുള്ള കോച്ചിൽ വിമാനത്തിന് സമാനമായ സീറ്റാണുള്ളത്. ഇലക്ട്രിക് ഡോർ ആണ് കംപാർട്ടുമെന്റുകളെ വേർതിരിക്കുന്നത്. ഒരു നിരയിൽ ഇരു വശങ്ങളിലുമായി 4 പേർക്ക് (2+2) ഇരിക്കാവുന്ന വിധമാണ് സീറ്റ്. എത്തുന്ന സ്ഥലം, സമയം എന്നിവയെക്കുറിച്ച് സ്ക്രീനിൽ നിന്ന് തത്സമയം അറിയാം.

റെയിൽ പദ്ധതി പൂർത്തിയാകുന്നതോടെ പരിസ്ഥിതി മലിനീകരണം 80% വരെ കുറയ്ക്കാനാകും. 5,000 കോടി ദിർഹം ചെലവുള്ള ഇത്തിഹാദ് റെയിൽ പദ്ധതിയിലൂടെ സമ്പദ് വ്യവസ്ഥയിലേക്ക് 20,000 കോടി ദിർഹം മുതൽകൂട്ടാകുമെന്നാണ് കണക്കുകൂട്ടൽ.

വ്യവസായ, ഉൽപാദന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്നതിനും സഞ്ചാരവും ചരക്കുഗതാഗതവും സുഗമമാക്കുന്നതിനും തൊഴിൽ-ജീവിത നിലവാരം മെച്ചപ്പെടത്തുന്നതിനും ഇതിലൂടെ സാധിക്കും. 2016ൽ ആദ്യഘട്ടം പൂർത്തിയാക്കി അബുദാബി നഗരങ്ങൾക്കിടയിൽ ചരക്കുഗതാഗതം തുടങ്ങിയിരുന്നു.

യുഎഇയിലുടനീളം ചരക്കുനീക്കം തുടങ്ങിയത് കഴിഞ്ഞ വർഷവും. 1200 കി.മീ ദൈർഘ്യത്തിൽ യുഎഇ–സൗദി അതിർത്തിക്കടുത്തുള്ള സില മുതൽ ഫുജൈറ വരെ നീളുന്നതാണ് ഇത്തിഹാദ് റെയിൽ. 2030ഓടെ 9000ത്തിലേറെ പേർക്ക് നേരിട്ടും അനുബന്ധമായും ജോലിയും ലഭിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.