
സ്വന്തം ലേഖകൻ: വികസന ട്രാക്കിൽ അതിവേഗം കുതിക്കുന്ന ഇത്തിഹാദ് റെയിൽ ആഡംബര ട്രെയിൻ സർവീസിനൊരുങ്ങുന്നു. രാജ്യത്തിന്റെ പൈതൃക, സാംസ്കാരിക കേന്ദ്രങ്ങളെ ബന്ധപ്പെടുത്തിയാകും സർവീസ്.
ഫെബ്രുവരിയിൽ യുഎഇയിലുടനീളം ചരക്കുഗതാഗതം ട്രാക്കിലാക്കിയ ഇത്തിഹാദ് റെയിൽ അടുത്ത വർഷം യാത്രാ ട്രെയിൻ ആരംഭിക്കാനിരിക്കെയാണ് വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് സർവീസ് പ്രഖ്യാപിച്ചത്. ഇറ്റാലിയൻ കമ്പനി ആഴ്‌സനലും ഇത്തിഹാദ് റെയിലും കരാർ കരാറിൽ ഒപ്പിട്ടു. യുഎഇ ട്രെയിൻ യാത്രയുടെ സുവർണ കാലം ഇതിലൂടെ യാഥാർഥ്യമാകുമെന്ന് സൂചിപ്പിച്ച അധികൃതർ സർവീസ് ആരംഭിക്കുന്ന തീയതി വെളിപ്പെടുത്തിയില്ല.
റെയിൽ ക്രൂസിങ് പദ്ധതിയിലൂടെ ഫുജൈറയിൽനിന്ന് തുടങ്ങി വിവിധ എമിറേറ്റുകളിലൂടെ അബുദാബിയിലെ ചരിത്രപ്രസിദ്ധമായ ലിവ മരുഭൂമിയിൽ അവസാനിക്കും വിധത്തിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. പഴയകാല റെയിൽവേ യാത്രകൾക്കു സമാനമാണെങ്കിലും ട്രെയിൻ ഇമറാത്തി പൈതൃകം പ്രതിഫലിപ്പിക്കും. പാസഞ്ചർ സർവീസിനുള്ള അവസാനവട്ട ഒരുക്കം അതിവേഗം പുരോഗമിക്കുന്നു.
അടുത്ത വർഷത്തോടെ യാത്രാ ട്രെയിൻ ഓടിത്തുടങ്ങുമെന്നാണ് സൂചന. ദേശീയ റെയിൽ ശൃംഖലയിലൂടെ യുഎഇയിൽ സാമ്പത്തികവും സാമൂഹികവുമായ വളർച്ച നേടാനാകുമെന്ന് ഇത്തിഹാദ് റെയിൽ ചീഫ് എക്‌സിക്യൂട്ടിവ് ഷാദി മലക് പറഞ്ഞു. ആഡംബര ട്രെയിനിലൂടെ വിനോദസഞ്ചാര മേഖലയ്ക്ക് പുത്തൻ ഉണർവ് നൽകാനാകുമെന്നും സൂചിപ്പിച്ചു.
സൗദി അറേബ്യയുടെ ആഡംബര പദ്ധതിയായ ദ് ഡ്രീം ഓഫ് ദി ഡെസർട്ടിനു ശേഷം ഗൾഫ് മേഖലയിലെ രണ്ടാമത്തെ പദ്ധതിയാണിത്. യുഎഇ ആഡംബര റെയിൽ ഭാവിയിൽ ജിസിസിയിലേക്ക് വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല