1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 15, 2018

സ്വന്തം ലേഖകന്‍: അമേരിക്ക ലോക സാമ്പത്തിക പോലീസുകാരനല്ല; യുഎസിനെതിരെ ആഞ്ഞടിച്ച് ഫ്രഞ്ച് ധനമന്ത്രി; യൂറോപ്പില്‍ ട്രംപിനെതിരായ അമര്‍ഷം പുകയുന്നതായി സൂചന. യുഎസിനെ ലോക സാമ്പത്തിക പോലീസുകാരനായി യൂറോപ്പ് അംഗീകരിക്കരുതെന്നു ഫ്രഞ്ച് ധനമന്ത്രി ബ്രൂണോ ലെമെയര്‍ വ്യക്തമാക്കി. അമേരിക്ക എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പാക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ അമേരിക്കയുടെ സാമന്ത രാജ്യങ്ങളാണോ എന്ന് അദ്ദേഹം യൂറോപ്പ്1 റേഡിയോയ്ക്കു നല്‍കിയ അഭിമുഖത്തില്‍ ചോദിച്ചു.

വീറ്റോ അധികാരമുള്ള രാജ്യങ്ങളും ജര്‍മനിയും ചേര്‍ന്ന് ഇറാനുമായി 2015ല്‍ ഒപ്പുവച്ച ആണവക്കരാറില്‍ നിന്ന് അമേരിക്ക ഏകപക്ഷീയമായി പിന്മാറുകയും ഇറാനെതിരേ പുതിയ ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തതിനെ പരാമര്‍ശിക്കുകയായിരുന്നു അദ്ദേഹം. കരാര്‍ നിലനിര്‍ത്താന്‍ യു എസ് ഒഴികെയുള്ള കക്ഷികള്‍ ശ്രമം തുടരുകയാണ്. ജര്‍മനി, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ക്ക് ഇറാനുമായുള്ള തങ്ങളുടെ വാണിജ്യ, രാഷ്ട്രീയ ബന്ധങ്ങള്‍ പരിരക്ഷിക്കേണ്ടതുണ്ട്.

ഇല്ലെങ്കില്‍ വന്‍ സാമ്പത്തിക നഷ്ടമുണ്ടാവും. യുഎസ് നടപടിയുടെ പശ്ചാത്തലത്തില്‍ സ്വീകരിക്കേണ്ട നിലപാടു ചര്‍ച്ച ചെയ്യാന്‍ ഈ രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാര്‍ ചൊവ്വാഴ്ച യോഗം ചേരും. ഇറാന്‍വിദേശമന്ത്രിയും പങ്കെടുക്കും. ഇതേസമയം കരാറില്‍നിന്നു പിന്മാറിയ അമേരിക്കന്‍ നടപടിയുടെ പേരില്‍ ദശകങ്ങളായി നിലനില്‍ക്കുന്ന ട്രാന്‍സ്അറ്റ്‌ലാന്റിക് ബന്ധങ്ങള്‍ അപ്പാടെ തള്ളുന്നതിനു ന്യായീകരണമില്ലെന്ന് ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ പറഞ്ഞു.

ഇറാനുമായി വ്യാപാരം നടത്തുന്ന വിദേശ കമ്പനികള്‍ക്ക് ഉപരോധം പുനരാരംഭിക്കാനുള്ള യുഎസ് തീരുമാനം അംഗീകരിക്കാനാവില്ലെന്നു ഫ്രഞ്ച് വിദേശമന്ത്രി ഷീന്‍ യെവ് ലെഡ്രിയന്‍ പറഞ്ഞു. വിദേശ കമ്പനികള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ യുഎസ് ജസ്റ്റീസ് ഡിപ്പാര്‍ട്ട്‌മെന്റിനു സമാനമായ യൂറോപ്യന്‍ നിയമവകുപ്പ് രൂപീകരിക്കുന്നതിനെക്കുറിച്ചു ചര്‍ച്ച വേണമെന്നും മന്ത്രി ബ്രൂണോ ലെമെയര്‍ പറഞ്ഞു. നിരവധി ഇറാന്‍ കമ്പനികള്‍ക്കും വ്യക്തികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരേ വ്യാഴാഴ്ച യുഎസ് ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ് പുതിയ ഉപരോധം പ്രഖ്യാപിച്ചിരുന്നു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.