ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് യൂറോപ്യന്‍ യൂണിയന്റെ വിലക്ക്. ബ്രസല്‍സില്‍ ഇന്നലെ ചേര്‍ന്ന 27 യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുടെ സമ്മേളനത്തിലായിരുന്നു തീരുമാനം. യുറേനിയം സമ്പുഷ്ടീകരണം നിര്‍ത്തിവയ്ക്കാന്‍ തയാറാവാത്ത ഇറാനെ സാമ്പത്തികമായി ശ്വാസംമുട്ടിക്കുക എന്ന ലക്ഷ്യത്തോടെ കൊണ്ടുവന്ന എണ്ണ ഉപരോധം ഗള്‍ഫില്‍ വീണ്ടും യുദ്ധഭീഷണി ഉയര്‍ത്തിയിരിക്കുകയാണ്. ഇറാനിലെ കേന്ദ്ര ബാങ്കിന്റെ ആസ്തികള്‍ മരവിപ്പിക്കുന്നതടക്കമുള്ള മറ്റു ചില സാമ്പത്തിക ഉപരോധങ്ങള്‍ കൂടി ഇ.യു. പ്രഖ്യാപിച്ചിട്ടുണ്ട്.
ആവണപരിപാടി നിര്‍ത്തിവെക്കുന്നതിന് ഇറാന്റെമേല്‍ സമ്മര്‍ദം ചെലുത്താന്‍ ലക്ഷ്യമിട്ട് അമേരിക്കയും ഇ.യു.വും നേരത്തേ ഏര്‍പ്പെടുത്തിയ ഉപരോധങ്ങളുടെ തുടര്‍ച്ചയാണിത്. അന്തര്‍ദേശീയ വിപണിയില്‍ ഇറാന്‍ പ്രതിദിനം വില്‍ക്കുന്നത് 26ലക്ഷം ബാരല്‍ എണ്ണയാണ്. ഇത്രയും എണ്ണയുടെ കുറവുണ്ടായാല്‍ ഇന്ധനവില കുതിച്ചുയര്‍ന്നേക്കാം. പ്രതികാരമായി ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചാല്‍ അമേരിക്ക ഇടപെടുകയും തുടര്‍ന്ന് യുദ്ധമു ണ്ടാവുകയും ചെയ്യാമെന്ന് ആശങ്ക പരന്നിട്ടുണ്ട്.
എണ്ണ ഇറക്കുമതി വിലക്കിയ ഇ.യു. നടപടിയോട് ഇറാന്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം ഉപരോധിക്കണമെന്ന് ഇ.യു. തീരുമാനത്തോടു പ്രതികരിച്ചുകൊണ്ട് ഇറാനിലെ ചില കേന്ദ്രങ്ങള്‍ തിങ്കളാഴ്ച ആവശ്യപ്പെട്ടു. യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് എണ്ണ നല്‍കുന്നത് ഉടനടി നിര്‍ത്തണമെന്നും ആവശ്യമുയര്‍ന്നു.
ബ്രസല്‍സ് സമ്മേളനത്തിന്റെ തലേന്ന് യുഎസ് വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ഏബ്രഹാം ലിങ്കണ്‍ ഹോര്‍മൂസിലൂടെ കടന്നുപോയി. യുഎസ്എസ് കേപ് സെന്റ് ജോര്‍ജ് എന്ന ക്രൂസ് മിസൈല്‍ വാഹിനിയും രണ്ടു നശീകരണക്കപ്പലുകളും അകമ്പടി സേവിച്ചു. ബ്രിട്ടീഷ്, ഫ്രഞ്ച് യുദ്ധക്കപ്പലുകളും സംഘത്തിലുണ്ടായിരുന്നു. ഇത് പതിവു പട്രോളിംഗിന്റെ ഭാഗമായിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഇറാനെതിരേയുള്ള എണ്ണ ഉപരോധം ജൂലൈയിലേ പൂര്‍ണമായി പ്രാബല്യത്തില്‍ വരികയുള്ളൂ. അതിനുശേഷം എണ്ണ ഇറക്കുമതിക്കായി ഇറാനുമായി പുതിയ കരാറില്‍ ഏര്‍പ്പെടാന്‍ യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളെ അനുവദിക്കില്ല. സൌദി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ എണ്ണ ഉത്പാദിപ്പിക്കുന്നത് ഇറാനാണ്. ഇറാന്റെ എണ്ണക്കയറ്റുമതിയില്‍ 20% യൂറോപ്പിലേക്കാണ്.
ആണവ പ്രതിസന്ധി സംബന്ധിച്ച് ചര്‍ച്ചയ്ക്ക് ഇറാനെ പ്രേരിപ്പിക്കാന്‍ ഉപരോധം ഇടയാക്കുമെന്ന് ഇയു വിദേശനയ മേധാവി കാതറിന്‍ ആസ്റ്റന്‍ പ്രത്യാശിച്ചു. ഇറാന്റെ എണ്ണക്കയറ്റുമതിക്ക് തടസമുണ്ടായാല്‍ ഹോര്‍മൂസ് അടച്ച് മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള എണ്ണയുടെ നീക്കം തടയുമെന്ന് ഇറാന്‍ പാര്‍ലമെന്റിന്റെ വിദേശകാര്യകമ്മിറ്റിയുടെ ഉപമേധാവി മുഹമ്മദ് കോസാരി പറഞ്ഞതായി ഫാര്‍സ് വാര്‍ത്താ ഏജന്‍സി അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല