സ്വന്തം ലേഖകൻ: ഈ വര്‍ഷം തന്നെ കാറുകളില്‍, വേഗത നിയന്ത്രിക്കാനുള്ള സംവിധാനം നിര്‍ബന്ധമാകും. ഇന്റലിജന്റ് സ്പീഡ് അസിസ്റ്റന്‍സ് (ഐ എസ് എ) എന്നറിയപ്പെടുന്ന ഈ സാങ്കേതിക വിദ്യ, കാര്‍ വേഗത പരിധി കടക്കുമ്പോള്‍ ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും വേഗത കുറയ്ക്കാന്‍ നിര്‍ബന്ധിതരാക്കുകയും ചെയ്യും. യൂറോപ്യന്‍ യൂണിയന്‍ പുതിയ നിയമം കൊണ്ടുവന്നതോടെ, യൂറോപ്പില്‍ നിന്നും യു കെ യില്‍ എത്തുന്ന പുതിയ കാറുകളിലും വരുന്ന ജൂലായ് 7 മുതല്‍ ഈ സംവിധാനം ഉണ്ടാകും.
ജി പി എസ് സംവിധാനത്തെയും ട്രാഫിക് സൈന്‍ ഡാറ്റയേയും അടിസ്ഥാനമാക്കിയാണ് ഈ സാങ്കേതിക വിദ്യ പ്രവര്‍ത്തിക്കുന്നത്. കാറിനകത്ത് ആവശ്യമായ സുരക്ഷാ നടപടികള്‍ കൈക്കൊള്ളുന്നതിന് മുന്‍പായി, ഇത് വാഹനത്തിന്റെ വേഗത കണക്കാക്കും. യൂറോപ്യന്‍ യൂണിയന്‍ പറയുന്നത് മൂന്ന് തരത്തിലുള്ള ഐ എസ് എ സാങ്കേതിക വിദ്യ ഉണ്ട് എന്നാണ്. നിങ്ങളുടെ കാറില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന കോണ്‍ഫിഗറേഷനെ ആശ്രയിച്ചായിരിക്കും ഏത് തരത്തിലുള്ള ഐ എസ് എ ആയിരിക്കും നിങ്ങള്‍ക്ക് ആവശ്യം എന്ന് തീരുമാനിക്കുന്നത്. ആദ്യത്തെ വിഭാഗത്തില്‍ പെടുന്നവ, നിര്‍ദ്ദേശങ്ങളോ ഉപദേശങ്ങളോ മാത്രം നല്‍കുന്നവയാണ്.
ഡ്രൈവറുടെ ഡാഷ് ബോര്‍ഡില്‍ സൈന്‍ കാണിക്കുകയോ അല്ലെങ്കില്‍ കേള്‍ക്കാവുന്ന രീതിയിലുള്ള ശബ്ദം പുറപ്പെടുവിച്ച് മുന്നറിയിപ്പ് നല്‍കുകയോ ചെയ്യും. സപ്പോര്‍ട്ടീവ്/ വാര്‍ണിംഗ് എന്ന് അടയാളപ്പെടുത്തിയിട്ടുള്ള രണ്ടാമത്തെ വിഭാഗത്തില്‍ പെട്ടവ, ഡ്രൈവറുടെ ആക്‌സിലറേറ്ററില്‍ പ്രറ്റഹിരോധം തീര്‍ക്കും. എന്നാല്‍, പെഡല്‍ താഴേയ്ക്ക് അമര്‍ത്തി ചവിട്ടി ഇത് മറികടക്കാന്‍ കഴിയും. ഇന്റര്‍വീന്‍./ മാന്‍ഡേറ്ററി എന്ന് അടയാളപ്പെടുത്തിയിട്ടുള്ള, മൂന്നാമത്തെ വിഭാഗത്തില്‍ പെട്ടവ, വേഗത പരിധി മറികടക്കാതിരിക്കാന്‍ വാഹാനത്തിന്റെ ഫ്യുവല്‍ ഇഞ്ചക്ഷന്‍ പരിമിതപ്പെടുത്തി എഞ്ചിന്‍ പവര്‍ കുറച്ചു കൊണ്ടു വരും.
യു കെ യില്‍ ഈ സാങ്കേതിക വിദ്യ ഇനിയും സ്വീകരിച്ചിട്ടില്ലെങ്കിലും, യൂറോപ്പിലെ കാര്‍ നിര്‍മ്മാതാക്കള്‍, യു കെ യിലേക്ക് കയറ്റുമതി ചെയ്യുന്ന കാറുകളില്‍ നിന്നും ഐ എസ് എ നീക്കം ചെയ്യുന്നില്ല. അതായത്, ഈ സാങ്കേതിക വിദ്യ ബ്രിട്ടീഷ് ഡ്രൈവര്‍മാര്‍ക്കും ഉപയോഗിക്കേണ്ടതായി വരും എന്നര്‍ത്ഥം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല