സ്വന്തം ലേഖകന്‍: ഇയു, തുര്‍ക്കി കരാര്‍ പ്രകാരം ഗ്രീസ് അഭയാര്‍ഥികളെ തുര്‍ക്കിയിലേക്ക് മടക്കിയയക്കുന്നു. തിങ്കളാഴ്ച മുതലാണ് ഗ്രീസിന്റെ അധീനതയിലുള്ള ലെസ്‌ബോസ് ദ്വീപില്‍ നിന്നും ബോട്ടുകളില്‍ അഭയാര്‍ഥികളെ തുര്‍ക്കിയിലെ ദികിലിയിലേക്ക് മാറ്റി തുടങ്ങിയത്.
അഞ്ഞൂറോളം അഭയാര്‍ത്ഥികള്‍ ഇത്തരത്തില്‍ രാജ്യത്തേക്ക് എത്തുമെന്നാണ് തുര്‍ക്കിയുടെ കണക്ക്. പശ്ചിമ യൂറോപിലേക്ക് അഭയാര്‍ത്ഥികളുടെ അനധികൃതമായ ഒഴുക്ക് തടയുന്നതിനായി യൂറോപ്യന്‍ യൂണിയനും തുര്‍ക്കിയും ചേര്‍ന്ന് രൂപം നല്‍കിയ കരാര്‍ അനുസരിച്ചാണ് അഭയാര്‍ഥികളെ കൈമാറുന്നത്.
കരാര്‍ പ്രകാരം ഗ്രീസില്‍ അനധികൃതമായി എത്തിയ അഭയാര്‍ഥികള്‍ അഭയത്തിനായി അപേക്ഷ നല്‍കാതിരിക്കുകയോ അപേക്ഷ നിരസിക്കപ്പെടുകയോ ചെയ്താന്‍ അവരെ തുര്‍ക്കിയിലേക്ക് മടക്കി അയക്കാം. മതിയായ രേഖകളില്ലാത്ത സിറിയന്‍ അഭയാര്‍ഥികളാണ് ഇവരില്‍ ഭൂരിഭാഗവും.
ഇവര്‍ക്കു പകരമായി അഭയത്തിനായി നിയമപരമായി അപേക്ഷിക്കുന്നവരെ ഗ്രീസിലേക്ക് കൊണ്ടുവരും. ഇപ്രകാരം അഭയാര്‍ഥികളെ കൈമാറുന്നതിന് പകരമായി തുര്‍ക്കിക്ക് യൂറോപ്യന്‍ യൂണിയന്‍ സാമ്പത്തികവും രാഷ്ട്രീയവുമായ ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ട്.
അതേസമയം, കരാറിനെതിരെ മനുഷ്യാവകാശ സംഘടനകള്‍ രംഗത്തുവന്നിട്ടുണ്ട്. തുര്‍ക്കി അഭയാര്‍ഥികള്‍ക്ക് സുരക്ഷിതമായ സ്ഥലമല്ലെന്നാണ് ഇവരുടെ വാദം. തുര്‍ക്കിയില്‍ അഭയത്തിനായി എത്തിയ സിറിയക്കാരെ സ്വന്തം നാട്ടിലേക്കു തന്നെ തുര്‍ക്കി മുന്‍പ് മടക്കി അയച്ചിട്ടുണ്ടെന്ന് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ ആരോപിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല