സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് കരാര്‍ യൂറോപ്യന്‍ യൂണിയന്‍ അംഗീകരിച്ചു; ഒരു ദശാബ്ദക്കാലത്തെ ഏറ്റവും ദുഖകരമായ ദിവസമെന്ന് ഇയു നേതാക്കള്‍; താന്‍ ശുഭാപ്തി വിശ്വാസിയാണെന്ന് തെരേസാ മേയുടെ മറുപടി. ഞായറാഴ്ച ചേര്‍ന്ന ഇയുവിന്റെ പ്രത്യേക ബ്രെക്‌സിറ്റ് യോഗം, കഴിഞ്ഞ ദിവസ ങ്ങളില്‍ ധാരണയായ വിടുതല്‍ കരാറും രാഷ്ട്രീയ പ്രഖ്യാപന കരാറും അംഗീകരിച്ചു. യൂറോപ്യന്‍ യൂണിയനിലെ അവശേഷിക്കുന്ന 27 നേതാക്കളും കരാറില്‍ ഒപ്പിട്ടു.
സമ്മിശ്രപ്രതികരണങ്ങളാണ് ഇതിനു ശേഷം ഉണ്ടായത്. ഒരു ദശാബ്ദക്കാലത്തെ ചരിത്രത്തിലെ ദുഖകരമായ ദിവസമെന്നായിരുന്നു ഇയു നേതാക്കള്‍ പ്രതികരിച്ചത്. എന്നാല്‍ ഇതിനോട് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ വിയോജിച്ചു. തനിക്ക് പൂര്‍ണമായും ശുഭാപ്തി വിശ്വാസമാണുള്ളതെന്ന് അവര്‍ പറഞ്ഞു. കരാറിനു യൂറോപ്യന്‍ യൂണിയന്റെ അംഗീകാരം ലഭിച്ചെങ്കിലും ഇനിയിത് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പാസാക്കണം.
പ്രധാനമന്ത്രി തെരേസാ മേ ബ്രെക്‌സിറ്റ് നിലപാടുകളില്‍ വിട്ടുവീഴ്ച ചെയ്യുന്നതായി സ്വന്തം പാര്‍ട്ടിയില്‍ നിന്നടക്കം ആരോപണമുള്ളതിനാല്‍ ഇതെളുപ്പമല്ല. പാര്‍ലമെന്റിലെ വോട്ടെടുപ്പ് ഡിസംബറില്‍ നടന്നേക്കും. ബ്രിട്ടനെ ഇയുവിന്റെ ഉപഗ്രഹമാക്കി മാറ്റുന്നതാണ് ഇപ്പോഴത്തെ കരാറുകളെന്ന് ബ്രെക്‌സിറ്റ് വിഷയത്തില്‍ വിദേശമന്ത്രിപദം രാജിവച്ച ബോറിസ് ജോണ്‍സണ്‍ ആരോപിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല