സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റില്‍ നിന്ന് പിന്മാറാന്‍ ഇനിയും അവസരമുണ്ടെന്ന് ബ്രിട്ടീഷ് ജനതയോട് ആഹ്വാനം ചെയ്ത് യൂറോപ്യന്‍ യൂണിയന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡോണള്‍ഡ് ടസ്‌ക്. ബ്രെക്‌സിറ്റില്‍ ഉറച്ചുനില്‍ക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ തീരുമാനിച്ചാല്‍ എല്ലാവിധ ദൂഷ്യഫലങ്ങളോടെയും മാര്‍ച്ചില്‍ അതു യാഥാര്‍ഥ്യമാവും. മനംമാറ്റത്തിന് ഇനിയും സമയമുണ്ടെന്ന് ഫ്രാന്‍സിലെ സ്ട്രാസ്ബുര്‍ഗില്‍ യൂറോപ്യന്‍ യൂണിയന്‍ എംപിമാരെ അഭിസംബോധന ചെയ്ത് ടസ്‌ക് ചൂണ്ടിക്കാട്ടി.
മനസുമാറ്റാന്‍ ജനാധിപത്യത്തിന് ആവുന്നില്ലെങ്കില്‍ അതു ജനാധിപത്യമല്ലെന്ന ബ്രെക്‌സിറ്റ് സെക്രട്ടറി ഡേവിഡ് ഡേവീസിന്റെ വാക്കുകള്‍ ടസ്‌ക് ഉദ്ധരിച്ചു. ബ്രിട്ടന്‍ മനംമാറ്റിയാല്‍ യൂണിയനില്‍ തുടരാം. ഇക്കാര്യത്തില്‍ തങ്ങള്‍ക്കു തുറന്ന സമീപനമാണുള്ളതെന്നു ടസ്‌ക് പറഞ്ഞു.ലണ്ടന്‍ ഇക്കാര്യം കണക്കിലെടുക്കുമെന്നു കരുതുന്നതായി യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഷാന്‍ ക്ലാവുദ് ജുന്‍കറും പറഞ്ഞു.
ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ സാവകാശമെങ്കിലും പുരോഗമിക്കുന്നതിനിടയിലാണ് ടസ്‌കും ജുന്‍കറും നിലപാടു വ്യക്തമാക്കിയത്. ഇപ്പോഴത്തെ സ്ഥിതിക്ക് 2019 മാര്‍ച്ച് 29ന് ബ്രിട്ടന്‍ 27 അംഗ യൂറോപ്യന്‍ യൂണിയനിലെ അംഗത്വം ഉപേക്ഷിക്കണം. ഭാവിബന്ധങ്ങള്‍ സംബന്ധിച്ച് ഇയുയുകെ ചര്‍ച്ചകള്‍ ഒക്ടോബറിനകം പൂര്‍ത്തിയാക്കിയാലേ ഈ സമയക്രമം പാലിക്കാനാവൂ.
ബ്രെക്‌സിറ്റ് തീരുമാനം അന്തിമമാണെന്നും രണ്ടാമതൊരു ഹിതപരിശോധന നടത്തില്ലന്നും അടുത്തയിടെ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ വ്യക്തമാക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല