സ്വന്തം ലേഖകന്‍: യൂറോപ്യന്‍ യൂണിയനിലെ 28 രാജ്യങ്ങളില്‍ ഇനി ഒരു വിധത്തിലുള്ള മൊബൈല്‍ റോമിംഗ് ചാര്‍ജുകളും ഇല്ലാതെ യാത്ര ചെയ്യാം, ബ്രിട്ടന്‍ ഒഴികെ. ജൂണ്‍ 15 മുതലാണ് റോമിങ് നിരക്ക് ഈടാക്കുന്നതിനുള്ള നിരോധനം നിലവില്‍ വന്നത്. ഇയുവും യൂറോപ്യന്‍ ടെലികോം ഓപ്പറേറ്റര്‍മാരും തമ്മില്‍ നടത്തിയ നീണ്ട ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് തീരുമാനം.
തീരുമാനത്തെ മൊബൈല്‍ ഫോണ്‍ സേവന ദാതാക്കള്‍ ശക്തമായി എതിര്‍ത്തിരുന്നു. എന്നാല്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനത്തില്‍ ഉറച്ചു നിന്നതോടെ യൂണിയനിലെ 28 രാജ്യങ്ങളിലും റോമിങ് ചാര്‍ജ് ഇല്ലാതെ യാത്ര ചെയ്യാം. കോള്‍ ചെയ്യുന്നതിനും, ടെക്സ്റ്റ് മെസേജ് അയക്കുന്നതിനും ഡേറ്റാ ഡൗണ്‍ലോഡ് ചെയ്യുന്നതിനും നല്‍കിയിരുന്ന പ്രത്യേക ചാര്‍ജ്ജാണ് ഇപ്പോള്‍ നിര്‍ത്തലാക്കിയത്.
ഇനി മുതല്‍ ഉപഭോക്താക്കള്‍ അവരവരുടെ രാജ്യത്ത് നല്‍കുന്ന നിരക്കുകള്‍ തന്നെ മറ്റു ഇയു രാജ്യങ്ങളില്‍ യാത്ര ചെയ്യുമ്പോഴും നല്‍കിയാല്‍ മതിയാകും. കഴിഞ്ഞ ഏപ്രില്‍ മുതല്‍ തന്നെ റോമിങ് നിരക്കില്‍ ഇടക്കാല നിയന്ത്രണം നടപ്പാക്കിയിരുന്നു. എന്നാല്‍ ബ്രെക്‌സിറ്റിലൂടെ ബ്രിട്ടന്‍ 2018 ല്‍ യൂറോപ്യന്‍ യൂണിയനു പുറത്തുപോകുന്ന സാഹചര്യത്തില്‍ ബ്രിട്ടീഷുകാര്‍ ഈ സൗകര്യത്തിന് പുറത്താകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല