ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ ഹിതപരിശോധന നടത്തുമെന്ന് ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കാന്‍ ലേബര്‍ പാര്‍ട്ടി നേതാവ് എഡ് മിലിബാന്‍ഡിന് മേല്‍ സമ്മര്‍ദ്ദം. 2014ല്‍ നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി വിജയിക്കുകയാണങ്കില്‍ യൂറോപ്യന്‍ യൂണിയനില്‍ ബ്രിട്ടന്‍ തുടരുന്ന കാര്യം വോട്ടിനിട്ട് തീരുമാനിക്കുമെന്ന് ഉറപ്പ് നല്‍കാനാണ് ഷാഡോ മിനിസ്റ്റര്‍മാര്‍ മിലിബാന്‍ഡിനെ പ്രേരിപ്പിക്കുന്നത്. നിലവില്‍ ഇത് സംബന്ധിച്ച റഫറണ്ടം വോട്ടിനിടണമെന്ന് ടോറി എംപിമാര്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണിനെ നിര്‍ബന്ധിച്ചുകൊണ്ടിരിക്കുകയാണ്.
ലേബര്‍പാര്‍ട്ടി റഫറണ്ടം വോട്ടിനിടുമെന്ന് പ്രഖ്യാപിച്ചാല്‍ ഡേവിഡ് കാമറൂണിന് അതൊരു തിരിച്ചടിയായിരിക്കും. ലേബര്‍പാര്‍ട്ടിയുടെ പുതിയ പോളിസി ചീഫായ ജോന്‍ ക്രൂഡാസാണ് റഫറണ്ടം നടപ്പിലാക്കാന്‍ മിലിബാന്‍ഡിന് മേല്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തുന്നത്. ക്രൂഡാസ് യൂറോയുടെ ശക്തനായ വിമര്‍ശകനാണ്. റഫറണ്ടം വോട്ടിനിടുന്നത് ജനങ്ങള്‍ക്കിടയില്‍ മിലിബാന്‍ഡിന്റെ സാന്നിധ്യം ശക്തമാക്കുമെന്നും വരുന്ന പൊതുതെരഞ്ഞെടുപ്പില്‍ അത് ലേബര്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നുമാണ് ക്രൂഡാസിന്റെ വാദം.
എന്നാല്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തുപോകണോ വേണ്ടയോ എന്ന കാര്യത്തില്‍ ലേബര്‍പാര്‍ട്ടി ഇതുവരെ നിലപാടൊന്നും എടുത്തിട്ടില്ലന്ന് മിലിബാന്‍ഡുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.എന്നാല്‍ റഫറണ്ടം വോട്ടിനിടുന്നത് സംബന്ധിച്ച് ടോറി എംപിമാര്‍ രണ്ട് തട്ടിലായെന്നാണ് പുതിയ വിവരം. തുടര്‍ന്ന് ജനഹിതപരിശോധന നടത്തണോ വേണ്ടയോ എന്ന് എംപിമാര്‍ ചര്‍ച്ചചെയ്ത് തീരുമാനിക്കും. ഒക്ടോബര്‍ 27ന് ചര്‍ച്ച നടത്താനാണ് തീരുമാനം. 2013ല്‍ ജനഹിത പരിശോധന നടത്തണമെന്നാവശ്യപ്പെടുന്ന പ്രമേയം ടോറി എംപി ഡേവിഡ് ന്യൂറല്‍ അവതരിപ്പിക്കും.
യൂറോപ്യന്‍ യൂണിയനില്‍ നിലനില്‍ക്കുക അല്ലെങ്കില്‍ വിടുക എന്നിങ്ങനെ രണ്ട് ഓപ്ഷനുകള്‍ ജനഹിത പരിശോധനയില്‍ നല്‍കാനായിരുന്നു ടോറികളുടെ തീരുമാനം. എന്നാല്‍ പ്രധാനമന്ത്രിയുടെ എതിര്‍പ്പിനെ തുടര്‍ന്ന യൂറോപ്യന്‍ യൂണിയന്റെ അംഗത്വ ഉപാധികള്‍ പരിഷ്‌കരിക്കുക എന്ന മൂന്നാമതൊരു ഓപ്ഷന്‍ കൂടി ഉള്‍പ്പെടുത്താന്‍ ടോറികള്‍ തയ്യാറായിട്ടുണ്ട്. ജനഹിത പരിശോധന നടത്തി ഫലം എതിരായാല്‍ ഡേവിഡ്കാമറൂണിന് കനത്ത പ്രതിസന്ധിയേയാകും അഭിമുഖീകരിക്കേണ്ടി വരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല