1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 6, 2017

സ്വന്തം ലേഖകന്‍: വടക്കന്‍ ആഫ്രിക്കയില്‍ നിന്നുള്ള അഭയാര്‍ഥികളുടെ ഒഴുക്ക്, ഇറ്റലിയുമായുള്ള അതിര്‍ത്തിയില്‍ വേണ്ടിവന്നാല്‍ സൈന്യത്തെ വിന്യസിക്കുമെന്ന് ഓസ്ട്രിയ, ഇയു രാജ്യങ്ങള്‍ തമ്മിലുള്ള പിടിവലി രൂക്ഷമാകുന്നു . ഓസ്ട്രിയ ഇറ്റലിയുമായി അതിര്‍ത്തിപങ്കിടുന്ന ബ്രെണ്ണര്‍ ചുരത്തില്‍ സൈന്യത്തെ വിന്യസിക്കാന്‍ തയ്യാണാണെന്ന് ഓസ്ട്രിയന്‍ ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ പ്രതിരോധ മന്ത്രി ഹാന്‍സ് പീറ്റര്‍ ഡോസ്‌കോസില്‍ വ്യക്തമാക്കി.

വടക്കന്‍ ആഫ്രിക്ക വഴി ഇറ്റലിയിലേക്കുള്ള അഭയാര്‍ഥികളുടെ ഒഴുക്കു തുടര്‍ന്നാല്‍ ഇതല്ലാതെ മറ്റു പോംവഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഓസ്ട്രിയയുടെ പ്രഖ്യാപനം ഇറ്റലിയെ ചൊടിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പ്രഖ്യാപനത്തെ തുടര്‍ന്ന് ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രാലയം ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ഓസ്ട്രിയന്‍ അംബാസഡര്‍ റെനെ പൊളിറ്റ്‌സറെ വിളിച്ചുവരുത്തി.

നേരത്തേ, ഹംഗറി അതിര്‍ത്തിയിലും ഓസ്ട്രിയ സൈന്യത്തെ വിന്യസിച്ചിരുന്നു. എന്നാല്‍, പിന്നീട് അഭയാര്‍ഥികള്‍ക്കായി അതിര്‍ത്തി തുറന്നു കൊടുക്കണമെന്ന യൂറോപ്യന്‍ യൂനിയന്‍ ആവശ്യം അംഗീകരിക്കുകയായിരുന്നു. അഭയാര്‍ഥികളുടെ എണ്ണം വര്‍ധിക്കുന്നത് താങ്ങാനാവില്ലെന്ന് ഇറ്റലിയും യൂണിയനെ അറിയിച്ചിരുന്നു. അഭയാര്‍ഥി പ്രവാഹം വീണ്ടും നിയന്ത്രണാതീതമാകുമ്പോള്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ തമ്മിലുള്ള ഷെങ്കന്‍ സോണ്‍ ധാരണയാണ് ആടിയുലയുന്നത്.

യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പാര്‍പോര്‍ട്ട് പരിശോധനയില്ലാതെ ഈ രാജ്യങ്ങളില്‍ യാത്രചെയ്യാനുള്ളതാണ് ഷെങ്കന്‍ ഉടമ്പടി. എന്നാല്‍ 2015 ല്‍ ഒരു മില്യണ്‍ അഭയാര്‍ഥികള്‍ ഇറ്റലി വഴി യൂറോപ്പില്‍ കാലുകുത്തിയതോടെ ഇയു രാജ്യങ്ങളില്‍ അതിര്‍ത്തികളില്‍ കര്‍ശന പരിശോധനയും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തുകയാണ്. ഇത് ഇയു ഇയു രാജ്യങ്ങള്‍ തമ്മിലുള്ള അസ്വാരസ്യങ്ങള്‍ക്ക് കാരണമാകുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഓസ്ട്രിയ ഇറ്റലി അതിര്‍ത്തി പ്രശ്‌നം.

സിറിയ, ഇറാഖ് എന്നീ യുദ്ധഭൂമികളില്‍ നിന്ന് ഈ വര്‍ഷം ആദ്യത്തില്‍ 85,000 അഭയാര്‍ഥികള്‍ ഇറ്റലിയില്‍ എത്തിയതായാണ് കണക്ക്. 2016 ന്റെ ആദ്യ പകുതിയെ അപേക്ഷിച്ച് 20 ശതമാനം കൂടുതലാണിതെന്ന് യു.എന്‍ അഭയാര്‍ഥി ഏജന്‍സിയായ യു.എന്‍.എച്ച്.സി.ആര്‍ ചൂണ്ടിക്കാട്ടുന്നു. ജനുവരി മുതല്‍ മെഡിറ്ററേനിയന്‍ കടല്‍ താണ്ടി യൂറോപ്പിലെത്തിയത് ഒരു ലക്ഷം അഭയാര്‍ഥികളാണെന്നാണ് കണക്കുകള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.