1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 26, 2011

യൂറോപ്യന്‍ യൂണിയന്‍ ഇമിഗ്രേഷന്‍ നയത്തില്‍ ഭേദഗതി വരുത്തെന്നു കേള്‍ക്കുമ്പോഴേ നമ്മള്‍ മലയാളികള്‍ അടക്കമുള്ള കുടിയേറ്റക്കാരുടെ നെഞ്ചൊന്നു കാളും. സമീപകാലത്ത് ബ്രിട്ടന്‍ അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ കൈക്കൊണ്ട നടപടികളും കുടിയേറ്റ ജനതയെ പടിയടച്ചു പിണ്ഡം വെക്കുന്ന തരത്തിലുള്ളതാണ്, ഇപ്പോള്‍ യൂറോപ്യന്‍ യൂണിയനില്‍ വിദഗ്‌ധ തൊഴിലാളികളുടെ ഒഴിവുകള്‍ പരിഹരിക്കുന്നതിന്‌ യൂണിയന്‍ പുതിയ ഇമിഗ്രേഷന്‍ നയം തയാറാക്കിയിരിക്കുകയാണ് എങ്കിലും മലയാളികള്‍ അടക്കമുള്ള കുടിയേറ്റക്കാര്‍ക്ക് പ്രതീക്ഷയ്ക്ക് വകയുള്ള തരത്തിലാണ് പുതിയ നയം. നിയമപരമായ കുടിയേറ്റം കൂടുതല്‍ എളുപ്പമാക്കുന്നതാണ്‌ പദ്ധതികളെന്നാണ് ഹോം അഫയേഴ്‌സ് കമ്മിഷണര്‍ സിസിലിയ മാംസ്‌ട്രോം അറിയിച്ചത്.

പുതിയ നയത്തില്‍ മൊബിലിറ്റിയിലും വിസ നയത്തിലുമാണ്‌ കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്‌. വൈദഗ്‌ധ്യത്തിന്‌ അനുസരിച്ചുള്ള ജോലികള്‍ വിദേശികള്‍ക്കു ലഭിക്കുന്ന വിധത്തിലാണ്‌ ഇതു തയാറാക്കിയിരിക്കുന്നത്‌. ഗ്ലോബല്‍ അപ്രോച്ച്‌ ടു മൈഗ്രേഷന്‍ ആന്‍ഡ്‌ മൊബിലിറ്റി എന്ന സ്‌ട്രറ്റജി അനുസരിച്ച്‌ യൂറോപ്യന്‍ യൂണിയനു പുറത്തുള്ള രാജ്യങ്ങളുമായി കുടിയേറ്റം സംബന്ധിച്ച കരാറുകള്‍ തയാറാക്കാനും ഇതു സഹായിക്കും. ടുണീഷ്യ, മൊറോക്കോ, ഈജിപ്‌റ്റ് എന്നീ രാജ്യങ്ങളുമായി മൊബിലിറ്റി പാര്‍ട്‌ണര്‍ഷിപ്പുകള്‍ രൂപീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

പാര്‍ട്‌ണര്‍ രാജ്യങ്ങളില്‍ മൈഗ്രേഷന്‍ ആന്‍ഡ്‌ മൊബിലിറ്റി റിസോഴ്‌സ് സെന്ററുകള്‍ സ്‌ഥാപിക്കും. യോഗ്യതയ്‌ക്കനുസരിച്ചുള്ള ജോലി തെരഞ്ഞെടുക്കുന്നതിനു കുടിയേറ്റക്കാരെ സഹായിക്കുന്നതിനാണിത്‌. യൂറോപ്യന്‍ യൂണിയനിലെ തൊഴിലില്ലായ്‌മ 9.5 ശതമാനം വരുമെങ്കിലും, ഭൂഖണ്ഡത്തിലെ ജനതയ്‌ക്കു പ്രായമേറി വരികയാണ്‌. പല വിദഗ്‌ധ മേഖലകളിലും യോഗ്യരായ തൊളിലാളികളെ കിട്ടാനില്ലാത്ത അവസ്‌ഥയുമുണ്ട്.

വരും വര്‍ഷങ്ങളില്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലുണ്ടാവുന്ന വിദഗ്‌ധ ജോലിക്കാരുടെ ദൗര്‍ലഭ്യം മുന്നില്‍ കണ്ടുകൊണ്ടാണ്‌ ഹോം അഫയേഴ്‌സ് കമ്മിഷണര്‍ ഇത്തരമൊരു തന്ത്രത്തിന്‌ രൂപം നല്‍കിയിരിയ്‌ക്കുന്നത്‌. ഇതനുസരിച്ച്‌ വിവിധ മേഖലകളെ സംയോജിപ്പിച്ചുള്ള കണക്കില്‍ ഇരുപതുലക്ഷം ജോലിക്കാരെയാണ്‌ ആവശ്യമായി വരുന്നത്‌. ഇതില്‍ ഡോക്‌ടര്‍മാര്‍ നഴ്‌സുമാര്‍, കെയറര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന സംഘത്തെ അടിയന്തിരമായി കുടിയേറാന്‍ യൂണിയന്‍ ലക്ഷ്യംവെയ്‌ക്കുന്നു എന്നത് തൊഴില്‍നഷ്ട ഭീഷണി നേരിടുന്ന മലയാളി നേഴ്സുമാര്‍ക്ക് ആശ്വസിക്കാന്‍ വക നല്‍കുന്നുണ്ട്.

അതുകൊണ്ട് തന്നെ ഇത്തരക്കാര്‍ക്കുവേണ്ടി ഇമിഗ്രേഷന്‍ നിയമങ്ങള്‍ പൊളിച്ചെഴുതാനും കമ്മീഷണര്‍ നിര്‍ദ്ദേശിയ്‌ക്കുന്നുണ്ട്. യൂറോപ്യന്‍ യൂണിയനിലെ 27 അംഗരാജ്യങ്ങള്‍ക്കും സ്വീകാര്യമായ ഒരു നിലപാടിലേയ്‌ക്കും ഒപ്പം നിലവാരത്തിലേയ്‌ക്കും ഈ നിര്‍ദ്ദേശം കൊണ്ടുവരാനാണ്‌ കമ്മീഷണര്‍ ലക്ഷ്യമിടുന്നത്‌. അതേസമയം നിലവില്‍ കുടിയേറ്റക്കാര്‍ ഏറെയുള്ള യു.കെ, അയര്‍ലന്‍ഡ്‌ എന്നീ രാജ്യങ്ങളെ താല്‍ക്കാലികമായി ഒഴിവാക്കിയേക്കും എന്നത് വലിയ തിരിച്ചടി തന്നെയാണ്.

ന്യൂ അപ്രോച്ച്‌ ടു മൈഗ്രേഷന്‍ ആന്‍ഡ്‌ മൊബിലിറ്റി(ജി.എ.എം.എം) എന്നു നാമകരണം ചെയ്‌ത സ്‌ട്രാറ്റജി റിപ്പോര്‍ട്ട്‌ നിയമാധിഷ്‌ടിതമായി കുടിയേറ്റത്തെ പ്രോല്‍സാഹിപ്പിക്കുമെന്ന്‌ കമ്മീഷണര്‍ പറയുന്നു. ആരോഗ്യ മേഖലകളിലും ഐറ്റി മേഖലകളിലുമാണ്‌ ജോലിക്കാരുടെ ദൗര്‍ലഭ്യം കൂടുതലായി ഉണ്ടാവുന്നത്‌. ഈ സ്‌ട്രാറ്റജിയുടെ അടിസ്‌ഥാനത്തില്‍ ഏഷ്യയില്‍ നിന്നുള്ള കുടിയേറ്റം പ്രതേകിച്ച്‌ ഇന്‍ഡ്യാക്കാരുടെ കുടിയേറ്റം എളുപ്പമായേക്കും. എവിടെയും ഇടിച്ചു കേറുന്ന മലയാളികള്‍ ഇക്കാര്യത്തില്‍ സ്വാധിതമാക്കുമെന്ന്‌ പ്രതീക്ഷിയ്‌ക്കാം. യൂണിയന്‍ രാജ്യങ്ങളെ കൂടാതെ നോണ്‍ യൂറോ രാജ്യങ്ങളുമായി സഹകരണത്തിനുള്ള പദ്ധതിയും ജി.എ.എം.എം യില്‍ പരാമര്‍ശിയ്‌ക്കുന്നുണ്ട്. ഇതനുസരിച്ച്‌ മൊബിലിറ്റിയിലും വിസാ പോളിസിയിലും മാറ്റം വരുത്തുമെന്നുറപ്പാണ്‌. ഏറ്റവും വലിയ കടമ്പയായി ഇന്‍ഡ്യാക്കാര്‍ കാണുന്നത്‌ വിസാ പോളിസിയാണ്‌. വിസാപോളിസി ഈ പദ്ധതിയുടെ അടിസ്‌ഥാനത്തില്‍ ലിബറല്‍ ആക്കുമെന്നാണ്‌ അറിയുന്നത്‌.

യൂറോപ്യന്‍ യൂണിയനിലെ ചില അംഗരാജ്യങ്ങള്‍ക്ക്‌ എന്‍ജിനീയര്‍മാരെയും ഐ.ടി സ്‌പെഷലിസ്‌റ്റുകളേയും ആവശ്യമുണ്‌ടെന്ന്‌ നേരത്തെതന്നെ വിളംബരം ചെയ്‌തതാണ്‌. ഇ.യു. ഇതിനായി ഒരു വെബ്‌സൈറ്റും ആരംഭിച്ചിരുന്നു. ഇതുവഴി ആവശ്യമുള്ള രാജ്യക്കാര്‍ അവരുടെ തൊഴിലവസരങ്ങള്‍ പൂര്‍ണ്ണമായി കണ്‌ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ലെന്നും വെളിപ്പെടുത്തുന്നു. യൂറോപ്യന്‍ യൂണിയന്‍ ആവിഷ്‌ക്കരിച്ച ജോലി വിദഗ്‌ധരെ ഏറെ ആകര്‍ഷിയ്‌ക്കാന്‍ നടപ്പിലാക്കിയ ബ്‌ളൂകാര്‍ഡ്‌ സിസ്‌റ്റം ഒരുപരിധിവരെ ലക്ഷ്യം കണ്‌ടെന്നു ചില രാജ്യങ്ങള്‍ പറയുമ്പോള്‍ ജര്‍മനി പോലുള്ള പ്രബല യൂറോപ്യന്‍ അംഗം ഇക്കാര്യത്തില്‍ മടിയും ഒപ്പം വസ്‌തുതകളോട്‌ നീരസവുമാണ്‌ പ്രകടിപ്പിയ്‌ക്കുന്നത്‌. എന്തായാലും ഒരു കാര്യം ഇത്തരുണത്തില്‍ ഉറപ്പായി പറയാന്‍ സാധിയ്‌ക്കും. യൂറോപ്യന്‍ യൂണിയന്‌ പുറം രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്‌ധ തൊഴിലാളികളെയും ജോലിക്കാരെയും അത്യാവശ്യമായും വേണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.