1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 28, 2019

സ്വന്തം ലേഖകന്‍: യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബ്രിട്ടനിലെ ബ്രെക്‌സിറ്റ് പാര്‍ട്ടി നേട്ടമുണ്ടാക്കി. തെരേസാ മേയുടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കും ജെറമി കോര്‍ബിന്റെ പ്രതിപക്ഷ ലേബര്‍ പാര്‍ട്ടിക്കും കനത്ത തിരിച്ചടി ലഭിച്ചു. കണ്‍സര്‍വേറ്റീവുകള്‍ക്ക് പത്തുശതമാനത്തില്‍ താഴെ വോട്ടാണു കിട്ടിയത് .കഴിയുംവേഗം യൂറോപ്യന്‍യൂണിയനില്‍നിന്നു പുറത്തുകടക്കണമെന്നു വാദിക്കുന്ന ബ്രെക്‌സിറ്റ് പാര്‍ട്ടിയുടെ നേതാവ് നൈജല്‍ ഫരാജാണ്.

ബ്രെക്‌സിറ്റ് പാര്‍ട്ടിക്ക് 35ശതമാനം വോട്ടുണ്ട്. യൂറോപ്പ് അനുകൂല ലിബറല്‍ ഡെമോക്രാറ്റുകള്‍ക്കും തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടായി.എത്രയും വേഗം തെരഞ്ഞെടുപ്പു നടത്തണമെന്ന് ഫരാജ് ആവശ്യപ്പെട്ടു. പുതിയ ഹിതപരിശോധനയോ തെരഞ്ഞെടുപ്പോ നടത്തണമെന്ന് കോര്‍ബിന്‍ നിര്‍ദേശിച്ചു. ബ്രെക്‌സിറ്റ് കരാര്‍ പാസാക്കി യുറോപ്യന്‍ യൂണിയനില്‍ നിന്നു വിടുതല്‍ നേടുന്നതിനുള്ള നടപടികള്‍ക്കു പാര്‍ലമെന്റ് ഉടന്‍ തുടക്കം കുറിക്കുകയാണു വേണ്ടതെന്നു തെരേസാ മേ പറഞ്ഞു. ജൂണ്‍ ഏഴിനു നേതൃപദവി രാജിവയ്ക്കുമെന്നു നേരത്തെ മേ പ്രഖ്യാപിച്ചിരുന്നു.

751 അംഗ യൂറോപ്യന്‍ പാര്‍ലമെന്റിലേക്ക് 28 അംഗരാജ്യങ്ങളും തെരഞ്ഞെടുപ്പു നടത്തി. വലതുപക്ഷ യൂറോപ്യന്‍ പീപ്പിള്‍സ് പാര്‍ട്ടി 182 സീറ്റുകള്‍ നേടി ഏറ്റവും വലിയ കക്ഷിയായി. 2014ലെ തെരഞ്ഞെടുപ്പില്‍ ഇവര്‍ക്ക് 217 സീറ്റുണ്ടായിരുന്നു.ഇടതുപക്ഷ സോഷ്യലിസ്റ്റുകള്‍ക്കും ഡെമോക്രാറ്റുകള്‍ക്കും കൂടി 147 സീറ്റുണ്ട്. ഗ്രീന്‍സ് പാര്‍ട്ടിക്ക് 69 സീറ്റും ബിസിനസ് അനുകൂല ആല്‍ഡേ ഗ്രൂപ്പിന് 109 സീറ്റും കിട്ടുമെന്നു കരുതുന്നു. വോട്ടിംഗ് ശതമാനം 50.8 ആയിരുന്നു.

ഫ്രാന്‍സില്‍ മക്രോണിനു തിരിച്ചടി നല്‍കി മരീ ലെപെന്നിന്റെ പാര്‍ട്ടി കൂടുതല്‍ സീറ്റുകള്‍ നേടി.ജര്‍മനിയില്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലിന്റെ പാര്‍ട്ടിക്കും നഷ്ടംനേരിട്ടു. ഗ്രീന്‍സ് ഇവിടെ നേട്ടമുണ്ടാക്കി. ഇറ്റലിയില്‍ സല്‍വീനിയുടെ ലീഗിന് 32 ശതമാനം വോട്ടു കിട്ടുമെന്നാണു കരുതുന്നത്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.